| Monday, 24th October 2022, 6:21 pm

സുനില്‍ പി. ഇളയിടത്തിന് തന്നെ എത്ര സ്ത്രീകള്‍ സ്വാഗതം പറഞ്ഞിട്ടുണ്ട് എന്നതും ഒരു ചോദ്യമാണ്

താഹ മാടായി

നോളേജ് സിറ്റിയില്‍ വെച്ച് പ്രകാശനം ചെയ്യപ്പെട്ട കവിതാ പുസ്തകത്തില്‍ നൂറ് പുരുഷന്മാരാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിനെ പലരും വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍, മതത്തെക്കുറിച്ച് ബോധ്യമുള്ള ആരും തന്നെ അതില്‍ അത്ഭുതപ്പെടുകയില്ല. വാസ്തവത്തില്‍, നൂറ് കവികള്‍ക്ക് ഒരു മതസ്ഥാപനം ഇടം നല്‍കി എന്നത് ചരിത്രമാണ്. കവികളില്‍ സ്ത്രീകള്‍ ഇല്ല എന്നത് മതത്തെക്കുറിച്ച് അറിയാത്തവരുടെ ആകുലതയാണ്.

മതത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ, പാര്‍ട്ടി വേദികളില്‍ തന്നെ എത്ര സ്ത്രീകള്‍ക്ക് ഇരിപ്പിടം കിട്ടുന്നുണ്ട്?

വര്‍ഷങ്ങള്‍ക്ക് മുമ്പ്, മാടായിയിലെ ഞങ്ങളുടെ ബസ് സ്‌റ്റോപ്പില്‍ നിന്ന് ഫോറിന്‍ സാധനവുമായി പല ദിക്കുകളിലേക്ക് ബസ്സില്‍ പോകുമായിരുന്ന ആത്തീത്ത ഒരിക്കല്‍ അവിടെ ചായപ്പീടികയില്‍ ബാലേട്ടന്റെ ചായ മോന്തിക്കൊണ്ടിരുന്ന മമ്മദ്ക്കയോട് പറഞ്ഞ കാര്യമുണ്ട്;

‘നമ്മളെ ബസ്സിനൊക്കെ സമീറ, ഫാത്തിമ എന്നൊക്കെ ങ്ങ പേരിടും. ന്നാല് വല്ല പള്ളിക്കമ്മിറ്റിക്കോ മറ്റോ ആണ് ബസിന്റെ ചൊമതലയെങ്കില്‍ മ്മള് പെണ്ണ്ങ്ങള് കുടുങ്ങിയേനെ. ഒറ്റപ്പെണ്ണ്ങ്ങളും ബസില് കേറണ്ടാന്ന് പറയും. അങ്ങെനത്തെ കൗമാ’.

ബാലേട്ടന്റെ ചായ ആത്തീത്തയും കുടിച്ചു. ആ ചായപ്പീടികയില്‍ തുല്യത എന്ന സങ്കല്‍പമുണ്ടായിരുന്നു. പളളിയേക്കാള്‍ പടച്ചോന്‍ വന്നിരിക്കാനിടയുള്ള ഇടം ആ ചായപ്പീടികയാണെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. മാടായിയിലെ പഴയ ബാല്യങ്ങളുടെ ഉള്ളില്‍ ഒരുപാട് കഥകള്‍ പാകിയ ആ ചായപ്പീടിക ഇന്നില്ല.

ചായപ്പീടികയല്ല മത സ്ഥാപനങ്ങള്‍.

ഒരു കവിയരങ്ങില്‍ പുരുഷന്മാര്‍ മാത്രമാണെങ്കില്‍, അതൊരു കവിതാ സമാഹാരമാണെങ്കിലും ശരി, അവിടെ വലിയൊരു അസമത്വമുണ്ട്. ഒരുപക്ഷെ, അതില്‍ പങ്കെടുക്കാനോ കവിത എഴുതാനോ കവിത ആവശ്യപ്പെടുമ്പോള്‍, അവിടെ സ്ത്രീകളുടെ സാന്നിധ്യമുണ്ടോ എന്നൊന്നും കവികള്‍ അന്വേഷിച്ചു കാണില്ല. അത്രയെങ്കിലും അതിന് സാധൂകരണമുണ്ട്.

അപ്പോള്‍ പ്രശ്‌നം മര്‍ക്കസ്സിന്റെയോ നോളജ് സിറ്റിയുടെതോ കവികളുടേതോ അല്ല. സ്ത്രീകള്‍ വേദിയിലിരിക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. വേദിയിലിരിക്കാന്‍ ഇടമില്ലാത്ത സ്ത്രീകള്‍ക്ക് പുസ്തകത്തില്‍ എവിടെയാണ് ഇടം? അരങ്ങില്‍ എവിടെയാണ് ഇടം?

പറയുന്നത് ഒന്നുകൂടി വിശദീകരിക്കാം:

ആദ്യമേ പറഞ്ഞത് പോലെ സമത്വത്തെക്കുറിച്ചുള്ള ധാരണകള്‍ ജനാധിപത്യ സമൂഹത്തിലാണ് സാധ്യമായത്. ബസ്സിന് ‘സമീറ’ അല്ലെങ്കില്‍ ‘ആയിഷ’ എന്നൊക്കെ പേരിടാന്‍ പറ്റുന്നതും ആ ബസ്സുകളില്‍ സ്ത്രീകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രമിട്ട് യാത്ര ചെയ്യാന്‍ കഴിയുന്നതും ജനാധിപത്യത്തിന്റെ ‘റോഡോ’ട്ടമുള്ള ഒരു സാമൂഹിക സങ്കല്‍പം ഇവിടെ രൂപപ്പെട്ടതുകൊണ്ടാണ്.

ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് വലിയ ആദരവുണ്ട്. ‘ഉമ്മ’ എന്ന നിലയില്‍, മറിച്ചല്ല. ‘ഉമ്മയുടെ കാലിനടിയിലാണ് സ്വര്‍ഗം’ എന്ന് പ്രവാചകന്‍ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. ഉപ്പയേക്കാള്‍ ഉമ്മയേയാണ് ഇഷ്ടപ്പെടേണ്ടത് എന്ന് പ്രവാചകന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ക്ക് ആ കാലത്ത് മാത്രമല്ല ഈ കാലത്തും അത് അതുല്യമായ ഒരു അംഗീകാരമാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍, ‘ഉമ്മ’യാണ് സര്‍വം.

എന്നാല്‍ ഇസ്‌ലാമിന്റെ പ്രവാചകന്മാരിലോ ഖലീഫമാരിലോ ഇമാമുമാരിലോ പരിഷ്‌കര്‍ത്താക്കളിലോ സ്ത്രീകളുടെ സാന്നിധ്യമില്ല. മുസ്‌ലിം തത്വശാസ്ത്രജ്ഞന്മാരിലും പെണ്‍പേരുകള്‍ ഇല്ല. അല്‍ കിന്തി, അല്‍ഫാറാബി, ഇബ്‌നു സീന, ഇമാം ഗസ്സാലി, ഉമര്‍ ഖയ്യാം, ഇബ്‌നു റുശ്ദ്, ഇബ്‌നു ബത്തൂത്ത, ഇബ്‌നു ഖല്‍ദൂന്‍… എല്ലാവരും പുരുഷന്മാരാണ്.

ഒരപവാദമുള്ളത്, സൂഫി വനിത റാബിയ മാത്രമാണ്. സൂഫിസം, ചില വിഭാഗങ്ങള്‍ക്ക് ഇപ്പോഴും കയ്യാലപ്പുറമാണ്. അപ്പോള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന ധാരണകളൊക്കെ രൂപപ്പെട്ടത് ഉലമാക്കളില്‍ നിന്നാണ്. ഉലമാക്കളുടെ മതമാണ് ഇസ്‌ലാം. ഇസ്‌ലാം മാത്രമല്ല സെമിറ്റിക് മതങ്ങളെല്ലാം. ഒരിക്കല്‍ മത പ്രബോധനത്തിന് ഞങ്ങളുടെ വീട്ടില്‍ വന്ന തബ്‌ലീഗ് സഹോദരന്മാരോട് ഞാന്‍ ചോദിച്ചു;

‘നിങ്ങളുടെ കൂട്ടത്തില്‍ സ്ത്രീകളെ കാണുന്നില്ലല്ലൊ’, ‘മാശാ അള്ളാ!’ അപ്പോള്‍ തന്നെ അവരിലൊരാള്‍ പറഞ്ഞു: ‘മുഅമിനുകളെ കാത്ത് അവര്‍ സ്വര്‍ഗത്തിലുണ്ട്. ഹൂറികള്‍!’

സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണ്. ഉമ്മ. സര്‍വംസഹയായ ഉമ്മ.

അനുഭവത്തിലൂടെ പറയുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി വിശദമാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ്, മാടായിയിയെ കുറിച്ച് ആകാശവാണിയില്‍ ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായി ആകാശവാണി പ്രതിനിധികളോടൊപ്പം മാടായിയുടെ പഴയ കാലമറിയുന്ന ആദരണീയനായ ഒരു ജമാഅത്തെ ഇസ്‌ലാമി അനുഭാവിയുടെ വീട്ടില്‍ പോയി. ഞങ്ങളുടെ കൂട്ടത്തില്‍ ഒരു സ്ത്രീയുമുണ്ടായിരുന്നു. അവരോട് ആ വ്യക്തി പറഞ്ഞു; ‘സ്ത്രീ പുരയുടെ പിറകുവശത്തോടെ…’

അതുകേട്ട് അല്‍പം ചകിതയായെങ്കിലും, ആ സ്ത്രീ വീടിന് പിറകിലൂടെ അകത്തുകയറി. ആ മനുഷ്യന്റെ ഭാര്യ ഹാര്‍ദമായി അവരെ സ്വീകരിച്ചു. പാലൂദ (കണ്ണൂര്‍ വിഭവം, ഫലൂദ അല്ല) നല്‍കി സല്‍ക്കരിച്ചു. അന്നത്തെ ദിവസം തന്നെ ഞങ്ങള്‍ ദളിത് കലാചാര്യനായ കാഞ്ഞന്‍ പൂജാരിയുടെ വീട്ടിലും പോയി. ആ ചെറിയ വീട്ടിലേക്ക് മുന്നിലൂടെ തന്നെ കയറി, താഴെ പായ വിരിച്ചിരുത്തി, ഞങ്ങള്‍ ഒന്നിച്ചിരുന്ന് കട്ടന്‍ ചായ കുടിച്ചു.

നിങ്ങള്‍ക്ക് വിശ്വാസം വരുന്നില്ല അല്ലേ? വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ കുട്ടിക്കാലത്ത് പോലും അതായിരുന്നു അവസ്ഥ. മങ്ങല വീട്ടിലൊക്കെ കുട ചെരിച്ചുപിടിച്ച് പിന്നിലൂടെ കയറും. സംശയമുണ്ടെങ്കില്‍ പഴയ മങ്ങലക്കാസറ്റുകള്‍ കണ്ടാല്‍ മതി. ഇന്ന് ആ അവസ്ഥ മാറിയിട്ടുണ്ട്. നാട്ടില്‍ ജനാധിപത്യ ബസ് ഓടുന്നതുകൊണ്ട് വന്ന മാറ്റമാണത്.

ജമാഅത്തെ ഇസ്‌ലാമി വേദികളിലും മാധ്യമത്തിലും സ്ത്രീകള്‍ക്ക് പ്രാതിനിധ്യമുണ്ട്. അത് അടവുനയമാണോ അല്ലയോ എന്നെനിക്കറിയില്ല. പക്ഷെ, പ്രാതിനിധ്യമുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ അമീറായി ഒരു സ്ത്രീ വരുമോ? അറിയില്ല. സമസ്തയുടെ നേതാവായി ഒരു സ്ത്രീ വരുമോ? ഇല്ല, ഇല്ല. ഉറപ്പിച്ചു പറയാം.

അതായത്, ഒരു അടവുനയത്തിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമിയെ നയിക്കുന്നവരായി ഒരു സ്ത്രീ വന്നേക്കാം. മറിച്ചൊരു മുസ്‌ലിം സംഘടനയിലും അത് നടക്കില്ല. ഇന്ന് വാര്‍ഡ് മെമ്പര്‍മാരായി മുസ്‌ലിം സ്ത്രീകള്‍ ഉള്ളത് ഉലമാക്കള്‍ നല്‍കിയ സ്വാതന്ത്ര്യം കൊണ്ടല്ല, ജനാധിപത്യത്തിന്റെ മൂല്യമാണത്.

ഇനി നമുക്ക് അബ്ദുസമദ് സമദാനിയുടെ പഴയ പ്രഭാഷണങ്ങള്‍ കേട്ടാലോ? ‘സ്ത്രീകള്‍ അധികാരത്തില്‍ വരുന്നത് ലോകാവസാനത്തിന്റെ അടയാള’മാണെന്ന് സമദാനി പ്രസംഗിച്ചിട്ടുണ്ട്. അപ്പോള്‍ സ്ത്രീകളുടെ കാര്യത്തില്‍ മത സംഘടനകള്‍ക്കും വക്താക്കള്‍ക്കും ഒരേ നയമാണ്. സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണ് എന്നതാണ് ആ നയം. ഏതെങ്കിലും മതവേദിയില്‍ അബ്ദുസമദ് സമദാനിക്കോ സിംസാറുല്‍ ഹഖിനോ മുസ്‌ലിം സ്ത്രീകള്‍ സ്വാഗതം പറയുന്ന കാലം വരുമോ? (സുനില്‍ പി. ഇളയിടത്തിന് തന്നെ എത്ര സ്ത്രീകള്‍ സ്വാഗതം പറഞ്ഞിട്ടുണ്ട് എന്നതും ഒരു ചോദ്യമാണ്).

അപ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പൊതുവേദിയില്‍ ഉള്ള സ്ഥാനമെന്താ?

നമ്മുടെ നാട്ടില്‍ വഅള് (രാപ്രസംഗം) പറയും. സ്വര്‍ഗ നരകങ്ങളെക്കുറിച്ച് അതിശയോക്തി കലര്‍ത്തി പറയുമ്പോള്‍, കരഞ്ഞുകലങ്ങിയ കണ്ണുകളോടെ പ്രസംഗം കേട്ടിരിക്കുന്ന ഉമ്മ, ഉമ്മാമമാര്‍ കമ്മലോ അലിക്കത്തോ ഊരി പളളിക്കമ്മിറ്റിക്ക് നല്‍കും. പൊന്നിന് മതമോ ലിംഗമോ ഇല്ലല്ലൊ.

എന്റെ സുഹൃത്ത്, അവന്റെ ഉമ്മ വഅള് കേള്‍ക്കാന്‍ പോകുമ്പോള്‍, മിക്കവാറും ഉമ്മയിടുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരിവെക്കാന്‍ പറയും. ഗള്‍ഫില്‍ നിന്ന് വിയര്‍പ്പൂറ്റി കൊണ്ടുവന്ന സ്വര്‍ണമൊക്കെ നരകത്തിന്റെ കഥ കേട്ട് കരഞ്ഞ ഉമ്മ അതിനകം ‘ഹദ് യ'(ദാനം) മായി നല്‍കിയിരുന്നു.

ഇപ്പോള്‍ കേരളത്തില്‍ മുസ്‌ലിം സ്ത്രീകള്‍ മുന്നേറുന്നത് നമ്മുടെ വിദ്യാലയത്തില്‍ നിന്ന് കിട്ടുന്ന അടിസ്ഥാന പാഠാവലികളില്‍ നിന്ന് തുടങ്ങുന്ന വിദ്യാഭ്യാസ സംസ്‌കാരം കൊണ്ടാണ്. മതം നല്‍കിയ സ്വാതന്ത്ര്യമേയല്ല അത്. മതം ഒരു ബസ്സോടിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ബസ്സായിരിക്കും അത്. പക്ഷെ, ആ ബസ്സിന് സ്ത്രീയുടെ പേര് നല്‍കും. മിക്കവാറും മുസ്‌ലിം വീടുകള്‍ക്ക് സ്ത്രീകളുടെ പേരല്ലേ?

നൂറ് കവികള്‍ക്ക് ഇടം നല്‍കിയ നോളജ് സിറ്റിക്ക് അഭിവാദ്യങ്ങള്‍. മുസ്‌ലിം കവികള്‍ക്ക് മാത്രമല്ലല്ലൊ അവര്‍ ഇരിപ്പിടം നല്‍കിയത്. അത്രയും കവികള്‍ കേരളത്തിലുണ്ട് എന്ന ഓര്‍മപ്പെടുത്തലുമാണ് അത്. നൂറ് കവികള്‍ ഉള്ള കേരളത്തിലാണ് കവിതാ സമാഹാരങ്ങള്‍ അമ്പത് കോപ്പികള്‍ പോലും വിറ്റുപോകാതെ കവികള്‍ നിരാശപ്പെടുന്നത് എന്നതും അത്ഭുതപ്പെടുത്തുന്നു.

നൂറ് കവിതകള്‍ വരട്ടെ, സ്‌നേഹത്തിന്റെ മതാതീതമായ നൂറുനൂറ് പൂക്കള്‍ വിരിയട്ടെ.

Content Highlight: Thaha Madayi write up on Markaz Knowledge City controversy

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more