എന്തായാലും, പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍ ചിരി വരുന്നുണ്ടെങ്കില്‍, സ്വാഭാവികമായും മരിച്ചു കിടക്കുന്നയാള്‍ നല്‍കിയ മനോഹരമായ ഓര്‍മകളുടെ തലോടലിലാണ് ആ മന്ദഹാസം വരുന്നതെങ്കില്‍, ചിരിക്കട്ടെ. പക്ഷെ, വ്യക്തിഗതമായ സംശയം തീരുന്നില്ല, ചിരി വരുമോ?
പ്രിയപ്പെട്ട ഒരാള്‍ മരിച്ചാല്‍ നിങ്ങള്‍ അവരെ കരഞ്ഞുകൊണ്ട് യാത്രയാക്കുമോ, ചിരിച്ചുകൊണ്ട് യാത്രയാക്കുമോ? ചിരിച്ച് യാത്രാമൊഴി നല്‍കുന്ന പോസില്‍ ഫോട്ടോ എടുത്ത് സ്വീകരണ മുറിയില്‍ ചില്ലിട്ട് സൂക്ഷിക്കുമോ?
വെറുതെ ആലോചിക്കുക.
മലയാളത്തിലെ രസകരമായ ഒരു പ്രയോഗമാണ് ‘ചിരിച്ചു മരിച്ചു’ എന്നത്. വളരെ രസകരമായ തമാശകളോ സംഭവങ്ങളോ കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ ഒരാളിലുണ്ടാവുന്ന ഒരുതരം ലെവലുകെട്ട ചിരിയെയാണ് ആ പ്രയോഗം കൊണ്ടര്‍ത്ഥമാക്കുന്നത്. മരണം കണ്ടുനില്‍ക്കുന്നവരിലുണ്ടാക്കുന്ന പ്രതീതി നിര്‍വഹണങ്ങള്‍ പലതായിരിക്കാം.
ഉറ്റവര്‍ മരിക്കുമ്പോള്‍/ മൃതദേഹം കാണുമ്പോള്‍ ചിരി വരുന്ന ഒരാളെക്കുറിച്ച് ഞാന്‍ കേട്ടിരുന്നു. കണ്ണൂര്‍ എടക്കാടുള്ള പ്രശസ്ത ഹോമിയോ ഡോക്ടര്‍ അബ്ദുല്‍ അസീസിന്റെ അരികില്‍, അങ്ങനെ മരിച്ചവരുടെ മുഖം കാണുമ്പോള്‍ ലെവല് കെട്ടു ചിരിക്കുന്ന രോഗം ബാധിച്ച ഒരാളെ ചികിത്സയ്ക്കായി ആരോ കൊണ്ടുവന്ന കഥ എം.എന്‍. വിജയന്‍ മാഷാണ് പറഞ്ഞത്. ആ രോഗത്തിന് എന്തോ പേരും മാഷ് പറഞ്ഞിരുന്നു, ഓര്‍മയില്ല. അയാള്‍ മൃതദേഹം കാണുമ്പോള്‍ വാപൊത്തി ചിരിക്കും.
എന്തായാലും, പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍ ചിരി വരുന്നുണ്ടെങ്കില്‍, സ്വാഭാവികമായും മരിച്ചു കിടക്കുന്നയാള്‍ നല്‍കിയ മനോഹരമായ ഓര്‍മകളുടെ തലോടലിലാണ് ആ മന്ദഹാസം വരുന്നതെങ്കില്‍, ചിരിക്കട്ടെ. പക്ഷെ, വ്യക്തിഗതമായ സംശയം തീരുന്നില്ല, ചിരി വരുമോ?
അപ്പോള്‍ നാം വിടചൊല്ലിയ ഏറ്റവും ഉറ്റവരുടെ ഓര്‍മകളില്‍ മുഴുകും. ഏറ്റവും പ്രിയപ്പെട്ടവരെ അവര്‍ മരിച്ചുകിടന്ന സന്ദര്‍ഭങ്ങളില്‍ എങ്ങനെയാണ് ജീവിച്ചിരിക്കുന്ന നാം അഭിമുഖീകരിച്ചത്?
ജീവിതം/ മരണം എന്ന ദ്വന്ദ്വങ്ങള്‍ക്കിടയിലെ ഒരു ബിന്ദുവായി, അതീവ സങ്കടകരമായ ഒരു നിശ്ചയദാര്‍ഢ്യത്തോടെയാണ് നാം മിക്കവാറും അത്തരം സന്ദര്‍ഭങ്ങളെ അഭിമുഖീകരിച്ചിരിക്കുക.
എന്റെ ഉപ്പ മരണാസന്ന നാളുകളില്‍ ആശുപത്രിയില്‍ അഡ്മിറ്റാവുന്നതിന് മുമ്പ് ഒരു രാത്രിയില്‍, എനിക്ക് മൂന്ന് കഥകള്‍ പറഞ്ഞുതന്നു. നന്മ, സ്‌നേഹം, കരുതല്‍ ഇവ ഓര്‍മിപ്പിക്കുന്ന മൂന്ന് കുഞ്ഞു കഥകള്‍. ഏതാണ്ട് ഖുര്‍ആന്‍ മനപ്പാഠമായിരുന്നു ഉപ്പാക്ക്. Mohammed Marmaduke Pikthall വിവര്‍ത്തനം ചെയ്ത THE MEANING OF THE GLORIOUS QUR’AN എന്ന പുസ്തകത്തിലെ വരികള്‍, ഏത് പാതിരാക്കും ഉപ്പ തപ്പിത്തടയാതെ പറയുമായിരുന്നു.
ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് സാഹിബ് ഒരു കാലത്ത് ഞങ്ങളുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു. ഉപ്പയുമായുള്ള ഖുര്‍ആന്‍/ ഹദീസ് സംവാദത്തിനായിരുന്നു ആ സന്ദര്‍ശനങ്ങള്‍. മരണാസന്ന ദിനങ്ങളില്‍, പെങ്ങള്‍ മറിയംബിയുടെ വീട്ടില്‍ ഒരു ദിവസം രാവിലെ മുതല്‍ ഉപ്പ ഖബറിലെ വിചാരണകളിലെ/ മന്‍ റബ്ബുക/ മന്‍ ദീനുക/ ദിന്റെ ദൈവമാര്?/ മതമേത്? വേദമേത്? തുടങ്ങി ഖബറാളികള്‍ നേരിടേണ്ടി വരുമെന്ന് വിശ്വാസമുള്ള ആ ചോദ്യങ്ങള്‍ സ്വയം ചോദിക്കുകയും അതിന് ഉപ്പ തന്നെ ഉത്തരം പറയുകയും ചെയ്യുന്ന വിചിത്രമായ അനുഭവമുണ്ടായി.
ഞങ്ങളത് വിലക്കാന്‍ ശ്രമിച്ചെങ്കിലും ഉപ്പ അത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. മംഗലാപുരം ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ അപസ്മാര ബാധിതനെപ്പോലെ നിര്‍ത്താതെ ദിക്‌റ് ചൊല്ലുകയുമുണ്ടായി. വളരെ വിദഗ്ദമായ ചികിത്സ നല്‍കിയിട്ടും ഉപ്പ ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല.
പറഞ്ഞുവരുന്നത്, അവസാന ദിവസങ്ങളില്‍ സ്പിരിച്വല്‍ അനുഭവത്തിന്റെ അങ്ങേയറ്റമായിരുന്നു ഉപ്പ. ഉപ്പ മരിച്ചപ്പോള്‍ ചുവരില്‍ ചാരിനിന്നാണ് ഞാന്‍ കരഞ്ഞത്. നിശ്ചയദാര്‍ഢ്യം തീരെ കുറഞ്ഞ അവസ്ഥ. മിക്കവാറും ഞങ്ങള്‍, മക്കള്‍ എല്ലാവരും കരയുന്ന അവസ്ഥയിലായിരുന്നു. കരച്ചിലടക്കി, യാഥാര്‍ഥ്യത്തോടെ ആലോചിച്ചു, എന്തായിരിക്കണം ഉപ്പാക്ക് നല്‍കേണ്ട യാത്രാമൊഴി?
‘അല്ലയോ സ്വച്ഛമായ ആത്മാവേ, സ്വയം തൃപ്തിപ്പെട്ടുക്കൊണ്ടും തൃപ്തിഭാജനമായിക്കൊണ്ടും നിന്റെ നാഥങ്കലേക്ക് മടങ്ങിക്കൊള്ളുക.’ അല്‍ ഫജ്‌റിലെ ആ വരികളേക്കാള്‍ ശാന്തമായ ഒരു യാത്രാമൊഴിയില്ല.
ജീവിച്ചിരിക്കുന്നവരുടെ കരയില്‍ നിന്ന് മരിച്ചവരുടെ മറുകരയിലേക്ക് പോകുന്നവരെ ചിരിച്ചുകൊണ്ടും കരഞ്ഞുകൊണ്ടും നൃത്തം ചെയ്തും പാട്ടുകള്‍ പാടിയും യാത്രയാക്കാം. എ. അയ്യപ്പന്റെ പ്രശസ്തമായ വരികള്‍ പോലെ, ‘മരണത്തിന് ഒരു വാക്കേയുള്ളൂ, വരൂ പോകാം.’