വൈലിത്തറ മുഹമ്മദ് കുഞ്ഞു മുസ്‌ലിയാരുടെ പ്രഭാഷണം കേള്‍ക്കാന്‍ കഴിഞ്ഞതാണ്
‘ശ്രോതാവ്’ എന്ന നിലയില്‍ ഏറ്റവും രസകരമായ ഓര്‍മ. മതം ഒരു കറക്കു പമ്പരം പോലെയാണ് എന്ന് ആ പ്രസംഗം കേള്‍ക്കുമ്പോള്‍ തോന്നിയിരുന്നു. നിശ്ചലതയല്ല, ആത്മീയതയുടെ യുക്തിചിന്തയിലും യുക്തിചിന്തയുടെ ആത്മീയതയിലും ആ വാക്കുകള്‍ മുഴുകി.
സ്റ്റേജില്‍ നിന്ന നില്‍പ്പിലുള്ള പ്രസംഗമല്ല. കഥ പറയുമ്പോള്‍, ഒരു അഭിനേതാവിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. വെറുപ്പോ അന്ധവിശ്വാസമോ അന്യമത വിരോധമോ ഉല്‍പാദിപ്പിക്കാത്ത പ്രസംഗമായിരുന്നു. ഇസ്‌ലാമിന്റെ സ്പിരിച്വാലിറ്റി സരളമായി വൈലിത്തറ വിശദീകരിച്ചു.
ഒരു പ്രഭാഷണത്തില്‍ നബിയേയും ഖലീഫമാരെയും ഇമാമുമാരെയും പിന്‍പറ്റുക എന്നത് അദ്ദേഹം വിശദീകരിച്ചത് ഓര്‍മയുണ്ട്. ‘സാധാരണ സത്യവിശ്വാസികളായ നമുക്കത് സാധിക്കുമോ? അത്രയും സൂക്ഷ്മമായ ജീവിതം നമുക്ക് കഴിയുമോ? നമ്മുടെ കാലത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഭക്തിയും സത്യസന്ധനുമായ കണ്ണിയത്ത് ഉസ്താദിനെ പിന്‍പറ്റാന്‍ തന്നെ നമുക്ക് കഴിയുന്നുണ്ടോ?’
അങ്ങനെ, അതിവൈകാരികമായ മതത്തിന്റെ അവതരണങ്ങള്‍ക്കപ്പുറത്ത് വൈലിത്തറ വിഷയങ്ങളെ സമകാലികമായി അവതരിപ്പിച്ചു. ഞങ്ങളുടെ നാട്ടില്‍ പ്രസംഗിക്കാന്‍ വരുന്നതിന് മുമ്പേ അദ്ദേഹത്തെക്കുറിച്ചുള്ള കഥകള്‍ നാട്ടില്‍ പ്രചരിച്ചിരുന്നു.
ഒന്ന്: മറ്റുള്ളവര്‍ ഉപയോഗിച്ച സോപ്പ് ഉപയോഗിക്കില്ല. പള്ളിയിലെ എല്ലാ ഉസ്താദുമാരും തേക്കുന്ന സോപ്പോ തോര്‍ത്തുന്ന മുണ്ടോ ഉപയോഗിക്കാത്തത് കാരണം, സംഘാടകര്‍ സോപ്പും തോര്‍ത്തും പ്രത്യേകം കരുതും.
രണ്ട്: വല്ലാത്ത മൂത്രച്ചൂരുള്ള മൂത്രപ്പുരകള്‍ ആണെങ്കില്‍ വൈലിത്തറ പ്രഭാഷണങ്ങള്‍ക്ക് വരുന്ന ദിവസം അവിടെയൊക്കെ ബ്ലീച്ചിങ്ങ് പൗഡര്‍ ഉപയോഗിച്ച്, സംഘാടകര്‍ പരിസരം വൃത്തിയാക്കി വെക്കും.
മൂന്ന്: അറബീം ഇംഗ്ലീഷും ‘പച്ച മലയാളം’ പോലെ സംസാരിക്കും.
അങ്ങനെ സാധാരണയില്‍ കവിഞ്ഞ ‘വൃത്തി ബോധവും’ ‘ഭാഷാ ജ്ഞാനവും’ ഉള്ള ഒരാളുടെ ചിത്രമാണ് വൈലിത്തറ ആ കാലത്തെ പണ്ഡിതരില്‍ പതിപ്പിച്ചത്. ഉസ്താദുമാരെക്കുറിച്ചുള്ള ‘ദാസ്യബോധ’മുള്ള കഥകളില്‍ നിന്ന് അദ്ദേഹം മുക്തനായിരുന്നു.
എണ്‍പതുകളുടെ തുടക്കത്തിലാണ് വൈലിത്തറയുടെ പ്രസംഗം ഞാന്‍ ആദ്യമായി കേട്ടത്. പല ദേശങ്ങളില്‍ നിന്നും ആളുകള്‍ വണ്ടിയെടുത്ത് ആ പ്രസംഗം കേള്‍ക്കാന്‍ വന്നു. ഞങ്ങള്‍ക്കറിയാവുന്ന ആദരണീയനായ ഒരു ഖത്തീബായിരുന്നു അധ്യക്ഷന്‍. അധ്യക്ഷ പ്രസംഗത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മത്തെക്കുറിച്ചു പറയുമ്പോള്‍ ‘സാധാരണ കുട്ടികളെ പ്രസവിക്കുന്നത് പോലെയല്ല, പൊക്കിള്‍ക്കൊടിക്കും വയറിനുമിടയിലാണ് ആമിന(റ) നബി തിരുമേനിയെ പ്രസവിച്ചത് എന്നു പറഞ്ഞു. തുടര്‍ന്ന് പ്രസംഗിച്ച മുഖ്യ പ്രഭാഷകനായ വൈലിത്തറ ഖത്തീബിന്റെ ആ പരാമര്‍ശം ഇളം ചിരിയോടെ തിരുത്തി: ‘നിഷ്‌കളങ്കമായ ഭക്തി കൊണ്ടും മുത്തു നബിയോടുള്ള ഇഷ്ടം കൊണ്ടുമായിരിക്കാം അധ്യക്ഷന്‍ അങ്ങനെ പറഞ്ഞത്. എന്നാല്‍, നമ്മളെയൊക്കെ ഉമ്മ പ്രസവിച്ചത് പോലെയാണ് ആമിന(റ) പ്രവാചക തിരുമേനിേയേയും പ്രസവിച്ചത്. എന്നാല്‍, ആ ജീവിതം സാധാരണ മനുഷ്യരെപ്പോലെ ആയിരുന്നില്ല.’
തുടര്‍ന്ന് പ്രവാചകന്റെ ബഹുമുഖ ജീവിതവും സമകാലിക വിഷയങ്ങളും കോര്‍ത്തിണക്കി ഉജ്ജ്വലമായ പ്രസംഗം. ബൈത്തും ഓത്തും ഇംഗ്ലീഷ് ചൊല്ലുകളും കൂടിക്കലര്‍ന്ന വഅള്.
വൈലിത്തറയുടെ പ്രസംഗം കേട്ട തലമുറക്ക് ഇന്നത്തെ യൂട്യൂബ് വൈറല്‍ പ്രസംഗം കേള്‍ക്കുമ്പോള്‍ ഈ മനുഷ്യര്‍ വൈലിത്തറയെ കേട്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകും. ഒരഭിമുഖത്തില്‍ കെ.ഇ.എന്നിനോട് ഈ ലേഖകന്‍ ചോദിച്ചു: കൗമാരത്തില്‍ കേട്ട ഏറ്റവും നല്ല മതപ്രഭാഷണം? കെ.ഇ.എന്‍ പറഞ്ഞു, വൈലിത്തറ. എന്റെ കൗമാരത്തെ പ്രചോദിപ്പിച്ച ആ പ്രഭാഷകന് വിട.