| Saturday, 6th February 2021, 2:37 pm

സുധാകരന്റെ 'ചെത്തുകാരന്റെ മകന്‍': ജാതിയും തൊഴിലുമല്ല, കോണ്‍ഗ്രസുകാരന്റെ സാധാരണ തോന്നല്‍ മാത്രമാണ്

താഹ മാടായി

കണ്ണൂരില്‍ നിന്ന് കേള്‍ക്കുമ്പോള്‍ കെ. സുധാകരന്റെ ‘ചെത്തുകാരന്റെ മകന്‍’ എന്ന പരാമര്‍ശം ഖേദകരമായ ഒരു ആലോചനയും സി.പി.ഐ.എം അണികള്‍ക്കിടയിലുണ്ടാക്കാനിടയില്ല. ജാതിയുടെ ഉള്‍പുളകങ്ങള്‍ രാഷ്ട്രീയമായി മറി കടന്ന സമൂഹമാണ് കണ്ണൂരിലെ പാര്‍ട്ടി. എങ്കിലും വരികള്‍ക്കിടയില്‍ പാര്‍ട്ടിയിലും ജാതിയുണ്ട്. ദേശത്തിലും അംശത്തിലും ജാതിയുണ്ട്. ഈ ജാതി സമവാക്യങ്ങള്‍ രാഷ്ട്രീയമായി പൂരിപ്പിക്കുകയോ മറികടക്കുകയോ ചെയ്തിട്ടുണ്ട്.

ഹൈന്ദവീയത എന്നു പറയുന്നതു തന്നെ ജാതി സമൂഹങ്ങളുടെ ഒരു കൂട്ടായ്മയാണ്. ജാതീയമായി ‘അകന്ന / അടുപ്പങ്ങളാണ് ‘ ഈ കൂട്ടായ്മകളിലുള്ളത്. നായരെയും നമ്പ്യാരെയും ഈഴവരെയും ‘ഒരേ വേദി’യില്‍ ഇരുത്തുന്നത് ‘രാഷ്ട്രീയ’മാണ്. ‘ജാതി സമ്പര്‍ക്ക’ങ്ങള്‍ സാധ്യമാക്കി എന്നതാണ് ‘രാഷ്ട്രീയ’ത്തിന്റെ ഗുണപരമായിത്തന്നെയുള്ള സാമൂഹ്യ നേട്ടം.

കണ്ണൂരിലെ പാര്‍ട്ടി തീയ്യ സമുദായത്തിന്റെ ശാക്തിക ചേരിയുള്ള പാര്‍ട്ടി കൂടിയാണ്. കെ. സുധാകരന്റെ പരാമര്‍ശത്തിലെ ‘ചെത്തുകാരന്റെ മകന്‍ ‘ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നു എന്നത്, ജാതി ആക്ഷേപമല്ല, തൊഴില്‍ ആക്ഷേപം പോലുമല്ല. ഒരു കോണ്‍ഗ്രസ് മനസ്സിന്റെ സാധാരണ തോന്നല്‍ മാത്രമാണത്.

കോണ്‍ഗ്രസ്സുകാര്‍ക്ക് ‘അധികാരം കൈയാളുന്ന കമ്യൂണിസ്റ്റുകരോട്’ ഒരു വെറുപ്പുണ്ട്. കോണ്‍ഗ്രസ് എന്ന ‘ജാത്യാ’ ഉള്ള വെറുപ്പാണത്. അപ്പോള്‍ കോണ്‍ഗ്രസ് ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു ‘ജാതി സമൂഹ ‘മാണ്. പാര്‍ട്ടിയുടെ ശാക്തിക ചേരിയുള്ള ഒരു കമ്യൂണിറ്റിയുടെ തൊഴിലിനെ സൂചിപ്പിക്കുന്നതിലൂടെ, വ്യംഗ്യമായി, രാഷ്ട്രീയമായ ഒരു സവര്‍ണതയാണ് വെളിപ്പെടുന്നത്.

അധികാരം ജന്മാവകാശമായി കിട്ടിയ പാര്‍ട്ടിയാണ്, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗസ് എന്നാണ് കോണ്‍ഗ്രസുകാരുടെ അടിയുറച്ച വിശ്വാസം. നെഹ്‌റു മുതല്‍ രാഹുല്‍ വരെ നീണ്ടുനില്‍ക്കുന്ന ഒരു ചരിത്രം പറഞ്ഞ് ആവേശപുളകിതരാവുന്നത്, അധികാരത്തിന്റെ ഈ ‘തമ്പ്രാന്‍ ‘ മനോഭാവം കൊണ്ടാണ്. അതുകൊണ്ടാണ് ഹൈക്കമാന്‍ഡ് പോലും സുധാകരനെ പിന്തുണച്ചത്.

പണ്ട് പയ്യന്നൂരില്‍ നെഹ്‌റു വന്നപ്പോള്‍ കീഴാളര്‍ക്ക് അവിടെ പ്രവേശനം പോലുമുണ്ടായിരുന്നില്ല. പ്രാദേശകമായിട്ടാണ് ഈ മാറ്റി നിര്‍ത്തല്‍ സംഭവിക്കുന്നത്. ഈഴവ കമ്യൂണിറ്റിയില്‍ പെട്ട കെ.സുധാകരന്‍ പിണറായിയുടെ അച്ഛനെയല്ല, പിണറായിയെയാണ് ആക്ഷേപിക്കുന്നത്. അധികാരം കൈയാളാന്‍ കേരളത്തിലുമിടമില്ല, കേന്ദ്രത്തിലുമില്ല. അപ്പോള്‍, അധികാരം കയ്യാളാനാവാത്ത മനുഷ്യര്‍ എന്തുചെയ്യും? പഴയ അംശം അധികാരിയെപ്പോലെ, ഓര്‍മയുടെ അംശവടിയില്‍ അഭിരമിക്കും

ഇ.പി ജയരാജന്‍ നടത്തിയ പഴയ ‘പരിപ്പുവടയും കട്ടന്‍ ചായയും’ വിവാദം ഓര്‍ക്കുക. കമ്യൂണിസ്റ്റുകാര്‍ എപ്പോഴും ഒരു മ്യൂസിയം പീസ് ആയി തീരണമെന്നും ശാശ്വതമായി അങ്ങനെ നിലനില്‍ക്കണമെന്നുമാണ് പലരും ആവര്‍ത്തിച്ചു പറയുന്ന കാര്യം. ഒരു പാര്‍ട്ടി സഖാവ് പറഞ്ഞ തമാശയുണ്ട്. തലശ്ശേരി പാരീസ് ഹോട്ടലില്‍ ബിരിയാണി കഴിക്കാന്‍ അയാള്‍ മോളോടൊപ്പം പോയി. ദമ്മിട്ട മട്ടണ്‍ ബിരിയാണി ആസ്വദിച്ചു കഴിച്ചു. തലശ്ശേരിക്കാരനായതു കൊണ്ട് ഹോട്ടലില്‍ പോയതില്‍ പുതുമയൊന്നും തോന്നിയില്ല. രണ്ടു ദിവസം കഴിഞ്ഞ് യാദൃച്ഛികമായി പഴയൊരു കോണ്‍ഗ്രസ് ചങ്ങാതിയെ കണ്ടപ്പോള്‍ പറഞ്ഞു, ‘പാര്‍ട്ടിക്കാര്‍ക്ക് ഇപ്പോ ബിരിയാണി കഴിച്ചാലല്ലേ വയറ് നെറയൂ!’

മുസ്‌ലിം ലീഗിനെ ‘ബിരിയാണിപ്പാര്‍ട്ടി’ എന്നു സഖാക്കള്‍ കളിയാക്കി വിടാറുള്ളത് ആ സന്ദര്‍ഭത്തില്‍ അയാള്‍ ഓര്‍മിച്ചു. ബിരിയാണി മാപ്പിളമാരെ പരിഹസിക്കാന്‍ ഉള്ള ഒരു ചിഹ്നകമാണ്.അതേ പോലെ സഖാക്കളെ പലരും പല ‘ചിഹ്നമാന’ങ്ങളിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കും. പിറകില്‍,
ഒറ്റക്കാര്യമേയുള്ളൂ. സാധാരണമായ ഒരു വികാരം മാത്രമാണ് അതിനു പിന്നില്‍, ‘അസൂയ!’.

അതില്‍ കൂടുതല്‍ ആഴമേറിയ സൈദ്ധാന്തിക വിശകലനത്തിനൊന്നും പോകണ്ട. സര്‍വസാധാരണമായി എല്ലാവരിലും കണ്ടു വരാറുള്ള ആ വികാരം മാത്രമാണ് ചെത്തുകാരന്റെ മകന്‍ എന്നു പറഞ്ഞ് പിണറായിയെ ആക്ഷേപിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം. ആധുനികത ദൈനംദിന ജീവിതത്തിലുണ്ടാക്കിയ ജീവിതാവേശങ്ങള്‍, സുഖസൗകര്യങ്ങള്‍, വസ്ത്ര സങ്കല്‍പങ്ങള്‍, രുചികള്‍, അഭിരുചികള്‍ – ഇതൊന്നും ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പാടില്ല. അടിത്തട്ടില്‍ തന്നെ നില്‍ക്കണം. പഴയ ജന്മിമാരായി കോണ്‍ഗ്രസിനെ കണ്ട് നടുവളച്ച്, തൊഴുതു നില്‍ക്കണം.

ഇതിന് കണ്ണൂരിലെ സഖാക്കളെ കിട്ടില്ല. ചുരുട്ടോ ബീഡിയോ പോലെ മുനിഞ്ഞു കത്തി തീരാനും അവര്‍ തയ്യാറല്ല. എന്നാല്‍ നല്ല സഖാവായി. മകളെ നന്നായി പഠിപ്പിച്ചാല്‍, നല്ല വീടെടുത്താല്‍, ഒന്നു കാറില്‍ കയറിയാല്‍ ‘ഓനെന്താ പൗറ്!’ ഇങ്ങനെയായി വര്‍ത്തമാനം. പൗറ് എന്നു പറഞ്ഞാല്‍ ‘പവര്‍’. അധികാരം കൊയ്യണമാദ്യം എന്നുണ്ടല്ലൊ. അധികാരത്തിന്റെ മേല്‍ ഉള്ള ഭരണഘടനാപരമായ അവകാശം കമ്യൂണിസ്റ്റുകാര്‍ക്ക് കിട്ടുമ്പോള്‍, ‘കണ്ണുകടി’യുടെ രാഷ്ട്രീയം മാത്രമാണ് പറയാനാവുക. കണ്ണൂരില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്ന ഈ വിവാദം, കണ്ണുകടിയുടെ രാഷ്ട്രീയം മാത്രമാണ്.

ഇത് കോണ്‍ഗ്രസുകാര്‍ കമ്യൂണിസ്റ്റുകാരോടും കമ്യൂണിസ്റ്റുകാര്‍ പരസ്പരവും ചെയ്യുന്നതാണ്. ‘കണ്ണുകടിയുടെ രാഷ്ട്രീയമാണ്’ പാര്‍ട്ടി വിഭാഗീയതയായി ചിലപ്പോള്‍ പുറത്തു വരാറുള്ളത്. കണ്ണൂരിലെ പാര്‍ട്ടിയില്‍ ജനപ്രിയനായ പി. ജയരാജന്‍ ഇപ്പോള്‍ ചിലരില്‍ നിന്ന് നേരിടുന്നതും കണ്ണുകടിയുടെ രാഷ്ട്രീയമല്ലെ? ആണോ, ആര്‍ക്കറിയാം!

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thaha Madayi responds to Congress Leader K sudhakaran’s casteist remarks against Pinarayi Vijayan

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more