കേരളത്തിലെ ആദിമുസ്ലിം സ്ത്രീകള്‍, നവമുസ്ലിം സാമൂഹിക പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നതിനു മുമ്പെ മതത്തെ അതിന്റെ ആദിമ വിശുദ്ധി യില്‍ തന്നെ തൊട്ടറിഞ്ഞ മുസ്ലീം സ്ത്രീകള്‍ എന്തായാലും പര്‍ദ്ദ ധരിച്ചിട്ടില്ല. അറക്കല്‍ മ്യൂസിയത്തിലെ ചിത്രങ്ങള്‍ അതിന്റെ തെളിവുകളാണ്. അല്ലെങ്കില്‍ എന്തിനു ചിത്രം നോക്കണം, മുസ്ലീം പശ്ചാത്തലത്തില്‍ വരുന്ന പഴയ സിനിമകളില്‍ (യത്തീം, കുട്ടിക്കുപ്പായം, നീലക്കുയില്‍, മണിയറ, മണിത്താലി തുടങ്ങി എത്രയോ പടങ്ങളില്‍) പര്‍ദ്ദയിട്ട സ്ത്രീകളെ നമുക്ക് കാണാന്‍ കഴിയില്ല.
സെക്യുലര്‍ മുസ്ലീം ധാര നിലനില്‍ക്കുന്ന കണ്ണൂര്‍-തലശ്ശേരി മേഖലകളിലുള്ള മുസ്ലീം സ്ത്രീകളില്‍ സ്വാതന്ത്ര്യം അതിന്റെ ഏറ്റവും സര്‍ഗാ ത്മകമായ തലങ്ങളില്‍ തന്നെ നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ് അറക്കല്‍ മ്യൂസിയത്തിലെ ബീവിമാരുടെ ചിത്രങ്ങള്‍. തികച്ചും കേരളീയമായ ഒരു പശ്ചാത്തലത്തിലാണ് കേരളത്തിലെ ഒരേയൊരു മുസ്ലീം രാജവംശത്തിന്റെ ചരിത്രവേരുകള്‍.
ആദിമ ഇസ്ലാം കേരളത്തിലേക്ക് ഇറക്കുമതി ചെയ്തതില്‍ തീര്‍ച്ചയായും സ്ത്രീകളുടെ മുഖം മൂടിക്കെട്ടുന്ന പര്‍ദ്ദ എന്ന വസ്ത്രമില്ല. കാരണം ആദ്യകാല അറക്കല്‍ ബീവിമാര്‍ പര്‍ദ്ദ ധരിച്ചിട്ടില്ല. ആദി അറക്കല്‍ ബീവിമാര്‍ ധരിച്ചിട്ടില്ലാത്ത ഒരു വസ്ത്രം ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പൗരന്മാരും ധരിക്കാനിടയില്ല. പിന്നീട്, പര്‍ദ്ദ ഒരു വസ്ത്രരീതിയായി വ്യാപകമായ ഒരു സമ്മിതി മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ നിന്നു തന്നെ നേടിയെടുത്തപ്പോള്‍ പിന്നീടുള്ള അറക്കല്‍ ബീവിമാരില്‍ ചിലരെങ്കിലും പര്‍ദ്ദ ധരിച്ചിട്ടുണ്ട്. അത് സമീപകാല ചരിത്രം.
പര്‍ദ്ദയെ സംബന്ധിക്കുന്ന ചര്‍ച്ച സ്ത്രീയുടെ വസ്ത്രസങ്കല്‍പ്പവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയേ അല്ല. അത് അവരുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചര്‍ച്ച പോലുമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, ആശുപത്രികളില്‍, ഷോപ്പിംഗ് മാളുകളില്‍, എയര്‍പോര്‍ട്ടുകളില്‍-പര്‍ദ്ദയിട്ട മുസ്ലിം സ്ത്രീ ഊര്‍ജ്ജസ്വലമായ കാല്‍വെപ്പുകളോടെ നടന്നുപോകുന്നത് നമുക്ക് കാണാം. യാതൊരു അപകര്‍ഷതയുമില്ലാതെ അവര്‍ അവരുടെ ദൈനംദിന വ്യവഹാരങ്ങള്‍ നിറവേറ്റുന്നുമുണ്ട്.
1970-കളില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കളി കാണാന്‍ വന്ന സത്രീകളുടെ ഗാലറിയില്‍ നിന്നുള്ള ചിത്രം
അപ്പോള്‍ ആ വസ്ത്രം മുസ്ലിം സ്ത്രീയുടെ സ്വതന്ത്ര സഞ്ചാരത്തിന് വലിയ മാര്‍ഗതടസ്സം സൃഷ്ടിക്കുന്നില്ല. അതേസമയം കണ്ണു മാത്രം പുറത്തു കാണിച്ച്, മുഖം മൂടിക്കെട്ടിയ പര്‍ദ്ദ മതമൗലികവാദത്തിന്റെ ഒരു ചിഹ്നമാണ്. എന്നാല്‍ മതവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ സങ്കടകരമായ അവസ്ഥ അത്തരം ചര്‍ച്ചകള്‍ പോലും നമ്മെ ഒരു മതവിരുദ്ധനാക്കും എന്നുള്ളതാണ്.
അതുകൊണ്ടു തന്നെ അടിസ്ഥാനപരമായ മതചര്‍ച്ചകളില്‍ നിന്ന് മുസ്ലീം സാമാന്യജനത അകലം പാലിച്ചു നില്‍ക്കുന്നു. ഇപ്പോഴും രാപ്രസംഗങ്ങളില്‍ സ്വര്‍ണക്കമ്മല്‍ (ഞങ്ങളുടെ നാട്ടില്‍ അലിക്കത്ത് എന്നു പറയും) ഊരിക്കൊടുക്കുന്ന മുസ്ലീം സ്ത്രീകള്‍ എത്രയോ ഉണ്ട് കേരളത്തില്‍. സ്വര്‍ഗം/നരകം/പരലോക ജീവിതം ഇതൊക്കെ കേട്ടാല്‍ പെട്ടെന്നു കരച്ചില്‍ വരുന്നവരാണ് മുസ്ലീം സ്ത്രീകള്‍. അവരുടെ ഈ നിഷ്‌കളങ്കമായ മതബോധവും ദൈവഭയവുമാണ് പൗരോഹിത്യത്തിന്റെ ബലം.
പര്‍ദ്ദ മുസ്ലീം പൊളിറ്റിക്‌സിന്റെ ഒരു അടയാളം കൂടിയാണ്. ഇത്തരം ചിഹ്നങ്ങളെ വളരെ രസകരമായി ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. പര്‍ദ്ദയിട്ട പെണ്‍കുട്ടികള്‍ക്ക് ജമാഅത്തെ ഇസ്ലാമിയിലും ജി.ഐ.ഒ.യിലും സോളിഡാരിറ്റിയിലുമൊക്കെ അണിനിരക്കാം.
പര്‍ദ്ദയിടാത്ത സ്ത്രീകള്‍ക്കും തൊപ്പിയിടാത്ത പുരുഷന്മാര്‍ക്കും അണിനിരക്കാനുള്ള ഒരു പ്ലാറ്റ്ഫോം ആണ് വെല്‍ഫെയര്‍ പാര്‍ട്ടി. സോളിഡാരിറ്റി ഒരു മുസ്ലീം ഫണ്ടമെന്റല്‍ പ്രസ്ഥാനമാണ്. പാമ്പ് അതിന്റെ ഉറ ഊരിക്കളയാന്‍ ശ്രമിക്കുന്നതു പോലെ, ജമാഅത്തെ ഇസ്ലാമി അതിന്റെ മതമൗലികതയെ ഉപേക്ഷിക്കാനുള്ള വേദിയായിട്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെ കാണുന്നത്. മതത്തിന്റെ മറ പിടിച്ചുകൊണ്ട് നടത്തുന്ന ഇത്തരം രാഷ്ട്രീയ അടവുനയങ്ങള്‍ക്ക് കേരളത്തില്‍ വേരോട്ടം കിട്ടാന്‍ ഏറെ വിയര്‍ക്കേണ്ടി വരും.
1964 ല്‍ പുറത്തിറങ്ങിയ കുട്ടിക്കുപ്പായം എന്ന സിനിമയിലെ രംഗം
യാഥാസ്ഥിതികതയേയും മതമൗലികവാദത്തെയും യാതൊരു മറയുമില്ലാതെ അവതരിപ്പിക്കുകയാണെങ്കില്‍ അത് അത്രയെങ്കിലും സത്യസന്ധമാണ്. കേരളത്തിലെ സലഫികള്‍ക്ക് ഈ സത്യസന്ധതയുണ്ട്. അവര്‍ക്ക് പര്‍ദ്ദ ഒരു രാഷ്ട്രീയ ചിഹ്നമല്ല, മതചിഹ്നം തന്നെയാണ്. ഒരുപക്ഷെ, ഏറ്റവും യാഥാസ്ഥിതികവും പിന്തിരിപ്പനുമായ ഒരു ചിന്താധാര കേരളത്തില്‍ പുലര്‍ത്തിപ്പോരുന്നത് സലഫികളാണ്. ആ യാഥാസ്ഥിതികത തീര്‍ത്തും മതപരമാണ്.
അതായത് അത് ആഖിറുമായി (പരലോകം) ബന്ധപ്പെട്ട വിഷയമാണ്. ഇതില്‍ മുസ്ലീം സ്ത്രീകള്‍ക്ക് കുറച്ചെങ്കിലും സ്വാതന്ത്ര്യം വെച്ചുനീട്ടിയത് സുന്നികളാണ്. റാത്തീബ് കഴിക്കുന്ന, നേര്‍ച്ചപ്പാട്ടു പാടുന്ന, മാപ്പിളപ്പാട്ടു പാടുന്ന, ഒപ്പന കളിക്കാന്‍ സ്വാതന്ത്ര്യം കൊടുത്ത സുന്നികള്‍. കേരളീയ സംസ്‌ക്കാരവുമായി അഗാധമായ ആത്മബന്ധത്തില്‍ വേഷം കൊണ്ടും ഭാവം കൊണ്ടും ഇണങ്ങിച്ചേര്‍ന്നവര്‍ സുന്നികളാണ്.
കേരളത്തിലെ ആദിമുസ്ലിം സ്ത്രീകള്‍, നവമുസ്ലിം സാമൂഹിക പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നതിനു മുമ്പെ മതത്തെ അതിന്റെ ആദിമ വിശുദ്ധി യില്‍ തന്നെ തൊട്ടറിഞ്ഞ മുസ്ലീം സ്ത്രീകള്‍ എന്തായാലും പര്‍ദ്ദ ധരിച്ചിട്ടില്ല. അറക്കല്‍ മ്യൂസിയത്തിലെ ചിത്രങ്ങള്‍ അതിന്റെ തെളിവുകളാണ്. അല്ലെങ്കില്‍ എന്തിനു ചിത്രം നോക്കണം, മുസ്ലീം പശ്ചാത്തലത്തില്‍ വരുന്ന പഴയ സിനിമകളില്‍ (യത്തീം, കുട്ടിക്കുപ്പായം, നീലക്കുയില്‍, മണിയറ, മണിത്താലി തുടങ്ങി എത്രയോ പടങ്ങളില്‍) പര്‍ദ്ദയിട്ട സ്ത്രീകളെ നമുക്ക് കാണാന്‍ കഴിയില്ല.
ശീലത്തിലും തിരശ്ശീലയിലും പര്‍ദ്ദ മലയാളി മുസ്ലീം സ്ത്രീയുടെ ഒരു വസ്ത്രമേ ആയിരുന്നില്ല. എന്നാല്‍, ജമാഅത്തെ ഇസ്ലാമിക്കും സല ഫികള്‍ക്കും സ്ത്രീയെ സംബന്ധിക്കുന്ന അനാവശ്യമായ അരക്ഷിതത്വബോധങ്ങള്‍ ഉള്ളില്‍ കൊണ്ടു നടക്കുന്ന മുസ്ലിം പുരുഷന്മാര്‍ക്കും അവരുടെ ആണ്‍ബോധത്തിന്റെ അടിസ്ഥാനശിലയായി ഈ ചിഹ്നം നിലനില്‍ക്കേണ്ടത് അനിവാര്യമാണ്.
(കോഴിക്കോട് ഐ ബുക്ക്സ് പുറത്തിറക്കുന്ന ‘പാട്ട് കേള്‍ക്കുന്ന മുസ്ലീം’ എന്ന പുസ്തകത്തില്‍ നിന്ന്)