അച്ചായന്‍ തെറികള്‍, ഹലാല്‍ തെറികള്‍
Opinion
അച്ചായന്‍ തെറികള്‍, ഹലാല്‍ തെറികള്‍
താഹ മാടായി
Saturday, 3rd December 2022, 6:03 pm

ര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യക്തിപരമായി പരിചയമുള്ള ഒരു വൈദികനോട് ക്രിസ്തീയര്‍ പറയാനിടയുള്ള തെറിയെ കുറിച്ച് ചോദിച്ചപ്പോള്‍ മന്ദസ്മിതത്തോടെ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് അദ്ദേഹം പറഞ്ഞു.

‘അപരാധി മോനെ, മൈരേ, ഞാന്‍ തെറി പറയുമെടാ’, എന്നാണത്രെ, പല സന്ദര്‍ഭങ്ങളില്‍ അയല്‍ / കുടുംബ വഴക്കുകള്‍ ഒക്കെ നടക്കുമ്പോള്‍ സ്വാഭാവികമായി വരുന്ന തെറിവാക്കുകള്‍. സഭാ തര്‍ക്കങ്ങള്‍, തിരുനാളുമായി ബന്ധപ്പെട്ട നാട്ടു തര്‍ക്കങ്ങള്‍ ഇതില്‍ പല തരം തെറി പ്രയോഗങ്ങള്‍ കടന്നു വരുമെങ്കിലും കൂടുതലായും വരുന്നത് ‘അപരാധി മോനേ’ എന്ന വാക്കാണത്രെ.

ക്രിസ്തീയ സമൂഹം തര്‍ക്കങ്ങള്‍ക്കിടയില്‍ പറയുന്ന തെറി വാക്കുകള്‍ വിളിച്ചവരും കേട്ടവരുമായ അനുഭവജ്ഞര്‍ക്കായിരിക്കും കൂടുതല്‍ പറയാനുണ്ടാവുക. ‘ഞാന്‍ തെറി പറയുമെടാ ‘ എന്ന അര്‍ദ്ധവിരാമത്തിനു ശേഷം പൊട്ടിപ്പുറപ്പെടുന്ന തെറികള്‍ ധാരാളമുണ്ട്.

മാപ്പിള തെറികള്‍ വളരെ സ്വാഭാവികമായ രീതിയില്‍ പറയുന്നത് കള്ള ബടുക്കൂസേ, ഹിമാറെ, ഇബ്ലീസിന്റെ മോനെ, ഹംക്കേ, പടുജാഹിലേ , ഹംക്കുല്‍ ബഡുക്കൂസേ എന്നൊക്കെയാണ്. മാപ്പിള ശൈലി ആ പഴയ തമാശകളില്‍ നിന്നൊക്കെ മാറി ആളെ ആകെ മക്കാറാക്കുന്ന പുതിയ തെറികള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്.

കീഴാള ജാതി സമൂഹത്തെ പരിഹസിക്കുന്നവയാണ് ഹിന്ദു സമുഹത്തില്‍ സാധാരണ പറയുന്ന തെറികള്‍. സവര്‍ണര്‍ അലങ്കാരമായി പറഞ്ഞ ആ തെറികള്‍ ഇവിടെ എടുത്തെഴുതുന്നില്ല. എന്നാല്‍ സാമൂഹ്യാനുഭവത്തില്‍ ആരും ആരെക്കുറിച്ചും വിളിക്കാനിടയുള്ള ഏറ്റവും ജനകീയമായ തെറി ‘നായിന്റെ മോനെ / മോളെ ‘ എന്നതാണ്.

തെറി പറയുന്നത് ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ച ചില സ്ത്രീകള്‍ മുമ്പ് തലശ്ശേരിയില്‍ ഉണ്ടായിരുന്നു. ‘കലമ്പിപ്പെണ്ണുങ്ങള്‍’ എന്ന പേരിലാണ് അവര്‍ അറിയപ്പെട്ടത്. പ്രശസ്ത ഗായകന്‍ എരഞ്ഞോളി മൂസ വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങനെയൊരു സ്ത്രീയെ പരിചയപ്പെടുത്തിയിരുന്നു. അവര്‍ വാര്‍ധക്യത്തിലേക്ക് കടന്നിരുന്നു. എന്നെ കണ്ടപ്പോള്‍ത്തന്നെ ‘എന്താ മൂസക്ക ,ഈ നായിന്റെ മോനേം കൂട്ടി ഏട്ന്നാ വരുന്നത്?’ എന്നവര്‍ എന്നെ ചൂണ്ടി ചോദിച്ചു. വളരെ രസകരമായി കുറച്ചു നേരം സംസാരിച്ചു.

സമൂഹം ഒരു സംഘര്‍ഷ മുനമ്പില്‍ നില്‍ക്കുമ്പോള്‍, തെറി, അവനവന്‍ കടമ്പ കടക്കാന്‍ നിസ്സഹായരായ മനുഷ്യന്‍ നടത്തുന്ന ആത്മരോഷങ്ങളാണ്. അങ്ങനെയല്ലാതെ വ്യക്തികളെ, സമരാളികളെ താറടിക്കുക എന്ന നിലയില്‍ ‘ഹാമര്‍ ‘ പോലെ മാനസികമായി അടിച്ചിരുത്താന്‍ ഉപയോഗിക്കുന്ന വാക്കുകളുമുണ്ട്.

ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്ന മനുഷ്യരെ നോക്കി വിളിക്കുന്ന ‘തീവ്രവാദ’ ആക്ഷേപങ്ങള്‍ ആ നിലയിലുള്ളതാണ്. മുസ്‌ലീങ്ങളായിരുന്നു ഈ ചാപ്പകുത്ത് കൂടുതലുമേറ്റു വാങ്ങിയത്. ഇപ്പോള്‍ ജനപ്രതിരോധ സമരങ്ങളില്‍ പങ്കെടുക്കുന്നവരെ ‘പ്രതിരോധ’ത്തിലാക്കുന്ന ആക്ഷേപമായി ഇത് മാറുന്നുണ്ട്.

രണ്ട്:

ജീവിതത്തില്‍ ഏറ്റവും വിസ്മയച്ചിരിയുണ്ടാക്കിയ തെറി കേട്ടത് ഒരു ഉസ്താദില്‍ നിന്നാണ്. ജുമുഅക്ക് പള്ളിയില്‍ അഴിച്ചു വെച്ച അദ്ദേഹത്തിന്റെ ചെരിപ്പ് നിസ്‌കരിക്കാന്‍ വന്ന ആരോ ഇട്ടു പോയി. ഹ്രസ്വ സന്ദര്‍ശനത്തിന് ഗള്‍ഫില്‍ പോയി വന്നതായിരുന്നു ഉസ്താദ്. വരുമ്പോള്‍ ഇട്ടു വന്ന അട്ടിച്ചെരിപ്പാണ് ആരുടെയോ കാലുകള്‍ അടിച്ചു മാറ്റിയത്. നിസ്‌കാരം കഴിഞ്ഞിറങ്ങിയ ഉസ്താദ് ചെരിപ്പ് കാണാത്ത ദേഷ്യത്തില്‍ പറഞ്ഞു, ”പൈച്ചാല്‍ ചെരിപ്പ് തിന്നുന്ന ഹിമാറ്”!’ പൈച്ചാല്‍ (വിശന്നാല്‍ ) പന്നിയിറച്ചിയും ഹലാല്‍ ‘ എന്നത് തിരിച്ചുവിട്ടു ആ തെറിയില്‍.

മൂന്ന്:

വര്‍ഷങ്ങള്‍ക്കു മുമ്പാണ്. തിരുവനന്തപുരത്ത് ‘സൂര്യ’യുടെ ഒരു പരിപാടിയില്‍ എം.എന്‍.വിജയന്‍ അനുസ്മരണ പ്രഭാഷണം നടത്തി മടങ്ങുകയായിരുന്നു. മനോഹരമായ ഒരു സായാഹ്നമായിരുന്നു. അന്നെന്നോടൊപ്പം സഹയാത്രികനായി ദേവസ്സി ജോയി എന്ന സുഹൃത്തുമുണ്ടായിരുന്നു.

രാത്രിയാത്ര ബസ്സിലാണ് തീരുമാനിച്ചത്.ബസ് വരാനുള്ള കാത്തിരിപ്പിനിടയില്‍ ,ഞങ്ങള്‍ ബസ് സ്റ്റാന്റിനരികിലെ ഒരു തട്ടുകടയില്‍ ചായയും എന്തോ കടിയും കഴിച്ച് അങ്ങനെ ഇരിക്കേ, ഒരു സ്ത്രീയും മധ്യവയസ്‌കനായ ഒരു പുരുഷനും അവിടെ ചായ കുടിക്കാന്‍ വന്നു. സ്ത്രീയുടെ കൈ മുറിവേറ്റതു കൊണ്ടു ഒരു തോര്‍ത്തു കൊണ്ട് ഉദാസീനമായി കെട്ടിയിരുന്നു. എന്നാലും, അവരത് ശ്രദ്ധിച്ചില്ല. മധ്യവയസ്സന്റെ ഷര്‍ട്ട് ഏറെ മുഷിഞ്ഞതായിരുന്നു. അതും ഇത്തിരി ചോര പുരണ്ടതായിരുന്നു.

തട്ടുകടക്കാരന് പരിചിതരായതു കൊണ്ടാവാം, എന്തു പറ്റിയെന്ന് അങ്ങോട്ടു ചോദിക്കും മുന്നേ ആ സ്ത്രീ ആത്മഗതം പോലെ പറയാന്‍ തുടങ്ങി, ‘എനിക്കിഷ്ടായ ആളോടൊപ്പം ഞാന്‍ പോകും. കഞ്ഞി കുടിക്കണം. ഞങ്ങള് നടക്കുമ്പോ ഇയാളെ നോക്കി ഒരുത്തന്‍ വല്ലാത്തൊരു തെറി പറഞ്ഞു. ഓന്റെ …. നോക്കി ഞാനൊരു ചവിട്ട്. എന്നേം അവന്‍ മാന്തിപ്പറിച്ചു. എന്നാലും ഞാന്‍ ഊക്കിന് കൊടുത്തു. പള്ളീലച്ചനെ പോലെ എന്നെ ഉപദേശിക്കാന്‍ വന്ന ആ മൈരന്‍ ഇവനെ കളിയാക്കിയത് എനിക്ക് പിടിച്ചില്ല…’

മധ്യവയസ്‌കന്‍ ഒന്നും പറയുന്നുണ്ടായിരുന്നില്ല. അയാളുടെ കണ്ണില്‍ ഭയമുണ്ടായിരുന്നു. സ്ത്രീയുടെ കണ്ണില്‍ ആത്മവിശ്വാസത്തിന്റെ കൂസലില്ലായ്മയും.

ആ സ്ത്രീയെ പ്രകോപിപ്പിച്ച തെറിയെന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷ ഞങ്ങള്‍ക്കുണ്ടായി. സ്ത്രീയെയല്ല തെറി വിളിച്ചത്. ഒപ്പമുള്ള പുരുഷനെയാണ്. ആ പുരുഷന്‍ മുസ്‌ലിമായിരുന്നു. ഞങ്ങള്‍ നിശ്ശബ്ദരായി കേട്ടിരുന്നു. ചായ കുടിച്ച് കാശും കൊടുത്ത് ആ സ്ത്രീ അയാളുടെ കൈ പിടിച്ച് ആള്‍ക്കൂട്ടത്തിലേക്ക് നടന്നു മറയുന്നതും നോക്കി ഞങ്ങള്‍ ഇരുന്നു.

ബസ്സിലിരുന്ന് ആലോചിച്ചത് അതാണ്, എന്തായിരിക്കാം ആ സ്ത്രീയെ പ്രകോപിപ്പിച്ച തെറി ? ആ സ്ത്രീയുടെ അരികില്‍ സാരോപദേശവും ഒപ്പമുളള മനുഷ്യനെ തെറിയും വിളിച്ച ആ ഏതോ ആളെ ‘പളളീലച്ചനെ പോലെ ‘ എന്നാണ് ആ സ്ത്രീ വിശേഷിപ്പിച്ചത്. അത് മാരകമായ ഒരു വിശേഷണമായിരുന്നു.

ക്ലാസ് മുറിയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പരിഹസിക്കുമ്പോള്‍ നിശ്ശബ്ദരായ ‘കാണി’കളായി ഇരിക്കുന്ന സഹപാഠികള്‍, ‘ചിലരുടെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് വിഴിഞ്ഞത്ത് ഒരു പള്ളീലച്ചന്‍..

ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ രാത്രി ഓര്‍മ വരുന്നു. ഒപ്പമുള്ള ആളെ തെറി പറഞ്ഞപ്പോള്‍ ഊക്കിന് കൊടുത്ത ആ സ്ത്രീയുടെ ബോധമാണ് ഇരുട്ടിലെ വെളിച്ചം. അവര്‍ ആരോ ആവട്ടെ, വിശുദ്ധയാണ്.

 

താഹ മാടായി
എഴുത്തുകാരന്‍