| Monday, 14th February 2022, 7:14 pm

കണ്ണൂര്‍ പുതിയ തരം പൊട്ടിത്തെറികള്‍

താഹ മാടായി

”അതി പാവനമാം വിവാഹമേ!
ശ്രുതിമന്ദാര മനോജ്ഞ പുഷ്മായ്
ക്ഷിതിയില്‍ സുഖമേകി നിന്ന നിന്‍
ഗതി കാണ്‍കെത്രയധ:പതിച്ചു നീ!”

ചിന്താവിഷ്ടയായ സീത/ കുമാരനാശാന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കഥയാണ്.

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ഭാഗത്ത് ഉപജില്ല സ്‌കൂള്‍ കലോത്സവം നടക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിധി കര്‍ത്താക്കളായി പലരുമെത്തിയിട്ടുണ്ട്. ഏതോ മത്സരം നടക്കുമ്പോള്‍ അടുത്ത പ്രദേശത്ത് നിന്നെവിടെയോ വെച്ച് ഏറുപടക്കം പൊട്ടുന്ന ശബ്ദം കേട്ടു .സദസ്യര്‍ അക്ഷോഭ്യരായി.

അതുകേട്ട് ഒരു ഞടുക്കവും കൂടാതെ സ്റ്റേജില്‍ നടക്കുന്ന മത്സരം/ നാടകമോ നൃത്തമോ എന്തോ കണ്ട്/ സ്വയം മറന്നിരുന്നു. എന്നാല്‍, കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തുനിന്ന് വിധികര്‍ത്താക്കളായി വന്ന പലര്‍ക്കും ഏകാഗ്രത നഷ്ടപ്പെട്ടു. എങ്ങനെയെങ്കിലും പരിപാടികള്‍ തീര്‍ന്ന് സ്ഥലംവിട്ടാല്‍ മതി എന്ന മാനസികാവസ്ഥയില്‍ അവര്‍ എത്തിയിരുന്നു. കാരണം, പാനൂര്‍/ കതിരൂര്‍ ഭാഗങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കൊണ്ട് എല്ലാവരിലും ഭയവും സങ്കടവും നിറച്ച ഒരു കാലമുണ്ടായിരുന്നു. അവിടെ നടക്കുന്ന ഏറുപടക്കങ്ങളും ബോംബേറുകളും ‘സ്വാഭാവിക’തയോടെ, ഒരു ഞെട്ടലും കൂടാതെ അവിടെയുള്ളവര്‍ കേട്ടിരുന്ന കാലം. ഇപ്പോള്‍ ശാന്തമാണ് ആ ഇടങ്ങള്‍.

കതിരൂര്‍ ഭാഗത്തുള്ള പ്രശസ്തനായൊരു ചിത്രകാരനാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കഥ പറഞ്ഞത്.

ബോംബ് സഞ്ചിയില്‍ കൊണ്ടുനടക്കുന്ന ഒരു കഥാപാത്രം ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു സിനിമയിലുമുണ്ട്. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ആ സിനിമയില്‍ (നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയാണ് എന്നാണോര്‍മ) അരിയുണ്ട കൊണ്ടുനടക്കുന്നത് പോലെയാണ് ആ കഥാപാത്രം സഞ്ചിയില്‍ ബോംബുമായി നടക്കുന്നത്.

കണ്ണൂരിന്റെ രാഷ്ട്രീയചരിത്രത്തില്‍ അങ്ങനെയുമുണ്ട് ‘സ്‌ഫോടനാത്മകമായ’ ഏറെ സംഭവങ്ങള്‍.

എന്നാല്‍, ഇത് പുതിയൊരു സംഭവമാണ്. ഇതില്‍ അത്ഭുതപ്പെടുന്നത്, ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നമ്മുടെ വാര്‍ത്താ മാധ്യമങ്ങള്‍ കാണിക്കുന്ന സംയമനമാണ്. ‘അബദ്ധത്തില്‍ പൊട്ടിയ ബോംബ്’ എന്ന രീതിയില്‍ വളരെ ‘നിഷ്‌കളങ്കമായ രീതി’യിലാണ് അവതരണം. ഒരു കല്യാണവീട്ടിലേക്ക് ‘ബോംബു’മായി പോകുന്ന ചങ്ങാതിമാരുടെ മനസ്സ് എത്ര ‘ഭീകര’മായ കുടിലത നിറഞ്ഞതായിരിക്കും! എത്ര ദാരുണമായ പതനം.

ഇത് പക്ഷെ, സംഭവിച്ചിരിക്കുന്നത് കല്യാണവുമായി ബന്ധപ്പെട്ട ‘ആഘോഷങ്ങ’ളിലാണ്. രാഷ്ട്രീയവും മതവും ഇടകലരാത്തത് ഈ സ്‌ഫോടനങ്ങളില്‍ ‘കഥ’ മെനയാനുള്ള അവസരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നഷ്ടപ്പെടുത്തുന്നു. കണ്ണൂര്‍ക്കാര്‍ ആശ്വസിക്കുന്നതും അതുകൊണ്ടാണ്. ഏതെങ്കിലും ഒരു പ്രത്യേക മതത്തെയോ രാഷ്ട്രീയപ്പാര്‍ട്ടികളെയോ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്ക് ‘ഈ ബോംബു കഥ’ പശ്ചാത്തലമുണ്ടാക്കുന്നില്ല.

ആഘോഷങ്ങളുടെ അക്രമോത്സുകത എന്തുകൊണ്ട് എന്നത് അപ്പോഴും ഒരു ചോദ്യമാണ്. ചങ്ങാത്തത്തെ മനോഹരമാക്കുന്ന ഇടങ്ങള്‍ വൈരാഗ്യബുദ്ധി കൊണ്ട് അലങ്കോലമാവുന്നത് എന്തുകൊണ്ട്? ഭാവിയെക്കുറിച്ചുള്ള ആലോചനകളില്ലാത്ത ഒരു തലമുറയുടെ കടന്നുവരവ് സംഭവിച്ചിരിക്കുന്നു. ഭയം എന്ന വികാരമില്ലാതെ വളരുന്ന ഒരു തലമുറ. കണ്ണൂരില്‍ വ്യാപകമാവുന്ന മയക്കുമരുന്ന് ഉപഭോഗത്തിന്റെ വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. അത് കണ്ണൂരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതുമല്ല.

കല്യാണ വീടുകളിലെ കലഹം പുതിയ കാര്യമല്ല. പഴയ കാലത്ത് കേരളത്തില്‍ നടന്ന കല്യാണങ്ങളില്‍ ചില പ്രത്യേക സമുദായങ്ങളില്‍ അടിപിടിയില്ലാതെ അടിയന്തിരമല്ല, കലഹമില്ലാതെ കല്യാണവുമില്ല എന്നുതന്നെ പറയാറുണ്ട്. ഉദാഹരണം, സദ്യയ്ക്ക് ഇല വെച്ചതിനു ശേഷം, മാവിലായില്‍ നിന്ന് (ദേശം ഏതുമാകാം) വന്ന കുഞ്ഞപ്പനെ ചൂണ്ടി (വ്യക്തി നാമം ഏതുമാകാം) സദസ്യരില്‍ ഒരാള്‍ പറയുന്നു: ഉടുത്ത മുണ്ടിന്റെ കര ശരിയില്ല!’

‘ഈ കരക്കെന്താ കൊഴപ്പം’?

കല്യാണത്തിലെ കലഹം തുടങ്ങാന്‍ ഇതുമാത്രം മതി. വധുവിന്റെ വീട്ടുകാരെ ഇടിച്ചുതാഴ്ത്താന്‍ വരന്റെ വീട്ടുകാര്‍ ഒരുക്കുന്ന ‘തമാശ’കളും പല കല്യാണങ്ങളിലും തീരാക്കളങ്കമായി തീരാറുണ്ട്.

പലതരം അക്രമങ്ങള്‍, ആഘോഷങ്ങള്‍ എന്ന പേരില്‍ അരങ്ങേറുന്ന ആഭാസങ്ങള്‍, കല്യാണവീടുകളില്‍ ഇപ്പോഴും അരങ്ങേറാറുണ്ട്. മയ്യിത്തു കട്ടിലില്‍ പുതിയാപ്പിളയെ കഫന്‍ ചെയ്ത രീതിയില്‍ കൊണ്ടുവന്ന സംഭവം പോലുമുണ്ടായിട്ടുണ്ട്, കണ്ണൂരില്‍. വിവാഹങ്ങളിലെ ആഭാസം കണ്ട് വരനെ വേണ്ട എന്ന് തീരുമാനിച്ച എത്രയോ കുടുംബങ്ങളുമുണ്ട്.

വൈരാഗ്യബുദ്ധിയുടെ അല്ലെങ്കില്‍, ‘പക’യുടെ മനോഭാവമാണ് ഇതില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഏറ്റവും ആഹ്ലാദകരമായതോ അല്ലെങ്കില്‍ ഏറ്റവും സ്വച്ഛമായതോ അതുമല്ലെങ്കില്‍ ഏറ്റവും താളാത്മകമായതോ ആയ നിമിഷങ്ങളെ നിര്‍വചിക്കുന്നതില്‍ ഏറെ പരാജയപ്പെട്ടിരിക്കുന്ന ഒരു ‘സമൂഹ നിര്‍മിതി’ ഇതിലുണ്ട്. എനിക്കെതിരെ/ ഞങ്ങള്‍ക്കെതിരെ പാട്ടുപാടുന്ന അല്ലെങ്കില്‍ ‘ഞങ്ങള്‍ക്കിഷ്ടമില്ലാത്ത പാട്ട് പാടുന്ന’ ഒരാള്‍ കൊല്ലപ്പെപ്പെടേണ്ട ആള്‍ എന്ന് തോന്നുന്നത്, ‘പക’യുടെ പുതിയൊരു രീതിയാണ്.

ഫുട്‌ബോള്‍ ഗാലറികളില്‍, നിശാ ക്ലബ്ബുകളില്‍, ആരാധനാലയങ്ങളില്‍, ഹോട്ടലുകളില്‍, തെരുവുകളില്‍… ഇങ്ങനെ ‘ബോംബുകള്‍’ മനുഷ്യരെ ചിതറിത്തെറിപ്പിച്ച എത്രയോ സംഭവങ്ങളുണ്ട്. ലോകചരിത്രം പൊട്ടിത്തെറികളുടെ ചരിത്രവുമാണ്. രാഷ്ട്രം/ രാഷ്ട്രീയം/ മതം/ വംശം/ വര്‍ണം തുടങ്ങി നിരവധി കാരണങ്ങള്‍ അതിന്റെയൊക്കെ പിറകിലുണ്ട്.

എന്നാല്‍ കല്യാണ ഘോഷയാത്രയില്‍ ഒരു ബോംബേറ്/ തല ചിന്നിച്ചിതറിയ മരണം എന്നത് മറ്റൊരു ആലോചനയ്ക്ക് വക നല്‍കുന്നതാണ്. രാഷ്ട്രീയവും മതങ്ങളും ചങ്ങാത്തങ്ങളുമൊക്കെ ‘അന്യോന്യം’ പ്രചോദിപ്പിക്കുന്ന ഒരു തലം വിട്ട്, അസഹിഷ്ണുതയുടെയും പകയുടെയും തുരുത്തുകളായി വ്യക്തികളെ മാറ്റിക്കൊണ്ടിരിക്കുകയാണ്.

അതിനപ്പുറം വലിയൊരു ചോദ്യമുണ്ട്: ഇത്ര പെട്ടെന്ന് ബോംബുകള്‍ വാങ്ങാന്‍ കിട്ടുന്ന നാടാണോ നമ്മുടേത്?


Content Highlight: Thaha Madayi on the recent bomb blast in Kannur wedding

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more