‘മുല്ലപ്പള്ളി, ഏതു പളളി? മുല്ലയുമില്ല, പളളിയുമില്ല, മുറ്റത്തില്ലാത്ത കാണാത്ത മുല്ലയ്ക്ക് മണവുമില്ല, കൊണവുമില്ല’
എന്ന് പാട്ട് പാടി നടന്ന ഒരു നിമിഷ കവി മാടായിയിലുണ്ടായിരുന്നു. ജന്മം കൊണ്ട് മാടായിയുടെ അയല്‍ദേശമായ താവം സ്വദേശിയാണ് ഈ കവി. കയ്യില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ റേഡിയോയുമായി പുലര്‍ച്ചെ താവത്ത് നിന്ന് കാല്‍നടയായി മാടായിയില്‍ എത്തും. അയാളോടൊപ്പം നടന്നു നാടുനീളേ, പാട്ടുകളും വാര്‍ത്തകളും വയലും വീടും. ഞങ്ങള്‍ അയാള്‍ വരുമ്പോള്‍ ജാഗരൂകരായി. വഴിയില്‍ ഏതു പാട്ട്? ഏതു വാര്‍ത്ത? മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുള്ള പകലന്തി നേരങ്ങളില്‍ ആ ഗ്രാമസഞ്ചാരി ഇളം ചിരിയോടെ നടന്നു.
മാടായിയുടെ അതിര്‍ത്തി പങ്കിടുന്ന ഗ്രാമമായ മാട്ടൂല്‍ ഉള്‍പ്പെടുന്ന അഴീക്കോട് ലോക്‌സഭാ മണ്ഡലത്തിലെ ജനപ്രതിനിധി ആയിരുന്നു ദീര്‍ഘകാലം, മുല്ലപ്പള്ളി. മാടായി കടന്നു വേണം ആ കാലത്ത് വാഹന പ്രചരണ ജാഥ മാട്ടൂലെത്താന്‍. അങ്ങനെയൊരു വാഹന പ്രചരണ ജാഥയില്‍ മുല്ലപ്പള്ളി പോകുമ്പോഴാണ്, നിമിഷ കവിയുടെ ആ വരികള്‍. മുല്ലയില്ല എന്നു മാത്രമല്ല, മണവും കൊണവും ഇല്ല ‘എന്നു കൂടി ആ കവി നാലു വരികളില്‍ പറഞ്ഞു വെക്കുന്നുണ്ട്.
ആ നിമിഷ കവി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ‘നൂറു മനുഷ്യര്‍ ‘ എന്ന ജീവിതച്ഛായാപുസ്തകത്തില്‍ ആ നിമിഷ കവിയെ കൂടി ഓര്‍ക്കുന്നുണ്ട്. ഇപ്പോള്‍, ഒരു റേഡിയോയുമായി ഞങ്ങളുടെ നാട്ടിന്‍ പുറത്തു കൂടി നടന്നു പോയ ആ അവധൂതനെ ഓര്‍ത്തു പോകുന്നു.
മുല്ലപ്പള്ളി ആ കാലങ്ങളില്‍ ‘വായനക്കാരനായ കോണ്‍ഗ്രസുകാരന്‍’ എന്ന ഒരു പ്രതിച്ഛായ നേടിയിരുന്നു. എം മുകുന്ദന്‍ അദ്ദേഹത്തിന്റെ വായനാശീലത്തെ ആ കാലത്ത് പ്രശംസിച്ചിരുന്നു. ഒരിക്കല്‍ പുസ്തകം വായിച്ചിരുന്ന ഒരാള്‍, ഏതെങ്കിലും കാലത്ത് എന്തെങ്കിലും വായിച്ചിരുന്ന ഒരാള്‍, ഷൈലജ ടീച്ചറെ ഈ സന്ദര്‍ഭത്തില്‍ നിന്ദിക്കുമോ?
ആരെയും വിമര്‍ശിക്കാമെന്നതാണ് ജനാധിപത്യം നല്‍കുന്ന വലിയ തുറസ്സ്. ഈ തുറവികളില്‍, ഒരുപക്ഷെ, രാഹുല്‍ ഗാന്ധി ഒഴിച്ച് കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലുമുണ്ടോ? ദല്‍ഹി കലാപത്തിന്റെ പേര് ചാര്‍ത്തി, ജയിലില്‍ കിടക്കുന്ന ആ ഗര്‍ഭിണിയായ യുവതിക്ക് നിഷേധിക്കപ്പെടുന്ന നീതിയെക്കുറിച്ച് രണ്ടക്ഷരം മുല്ലപ്പള്ളി പറഞ്ഞിട്ടുണ്ടോ?
ഒന്ന്: ഷൈലജ ടീച്ചര്‍.
രോഗ കാലങ്ങളില്‍ ജീവനു വേണ്ടിയുള്ള കരുതലിനു വേണ്ടി, ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന സ്ത്രീ ചോദന നിറഞ്ഞ രാഷ്ടീയ നൈതികതയില്‍ വിശ്രമമില്ലാതെ പൊരുതുന്നു.
രണ്ട്: സഫൂറ സര്‍ഗാര്‍.
ഉള്ളില്‍ ജീവന്റെ മിടിപ്പുമായി ജയിലില്‍ കിടക്കുന്നു. ജനാധിപത്യത്തിനും പൗരബോധത്തിനുമിടയില്‍, രണ്ടു സ്ത്രീകള്‍.
ഇവര്‍ രണ്ടു പേരും ജനാധിപത്യത്തിനാണ് കാവല്‍ നില്‍ക്കുന്നത്. വൈറസ് ജനാധിപത്യത്തെയും ബാധിക്കാം, മനുഷ്യ ജൈവ പ്രകൃതത്തെയും ബാധിക്കാം. രണ്ടു പേരും രണ്ടു തലങ്ങളില്‍, ജനാധിപത്യ ഉള്ളടക്കത്തിന് ശക്തി പകരുന്നു.
പെണ്ണൊരുമ്പെട്ടാല്‍ ലോകം എങ്ങനെ മാറുന്നു എന്ന രാഷ്ട്രീയതുല്യതയെക്കുറിച്ചുള്ള പുസ്തകങ്ങളാണ് മുല്ലപ്പള്ളി ഇനി വായിക്കുന്നുണ്ടെങ്കില്‍, വായിക്കേണ്ടത്. അങ്ങനെയെങ്കിലും അല്‍പം മണം വരട്ടെ, സ്വന്തം പേരിലുള്ള ആ മുല്ലയില്‍.