|

'നിങ്ങള്‍ക്ക് നിങ്ങളെ പുസ്തകം ഞങ്ങള്‍ക്ക് ഞങ്ങളെ പുസ്തകം' മംഗളം രാവുകള്‍

താഹ മാടായി

എസ്.ഐ.ഒ എന്ന ജമാഅത്തെ ഇസ്‌ലാമി വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ എണ്‍പതുകളുടെ അവസാനം, ഞങ്ങളുടെ നാല്‍ക്കവലയായ മൊട്ടാമ്പ്രത്ത് ‘മ’ പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ ഒരു പൊതുയോഗം സംഘടിപ്പിക്കുകയും മംഗളം, മലയാള മനോരമ വാരികകളുടെ ഏതാനും കോപ്പികള്‍ കത്തിക്കുകയും ചെയ്തു.

ആ പൊതുയോഗം കണ്ടുനിന്ന മാനുവേട്ടന്‍ മദ്യം പകര്‍ന്ന ഉന്മേഷം നിറഞ്ഞ ഉള്ളടക്കത്തോടെ ചിലരോട് അരോചകമല്ലാത്ത വിധത്തില്‍ ചോദിച്ചു: നിങ്ങക്ക് നിങ്ങളെ പുസ്തകം, ഞങ്ങക്ക് ഞങ്ങളെ പുസ്തകം- എന്തിനാ വെറുതെ കത്തിച്ച് കളയ്ന്ന്?

മാത്യു മറ്റം എഴുതിയ നോവല്‍ മാത്രമല്ല, കെ.എം. റോയിയുടെ ‘ഇരുളും വെളിച്ചവും’ എന്ന പ്രതിവാര പംക്തിയും മംഗളത്തിലുണ്ടായിരുന്നു. ആ കോളത്തിലൂടെ സാധാരണ മനുഷ്യരുമായി ആ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജീവിതത്തെക്കുറിച്ചുള്ള മനോഹരമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു.

എണ്‍പതുകളുടെ പാലത്തിലൂടെ കാലം മുറിച്ചുകടക്കാന്‍ അന്നത്തെ കൗമാരങ്ങള്‍ മംഗളവും ഉപയോഗിച്ചു. ദു:ഖിതരോ, എന്നാല്‍ അതീവസന്തുഷ്ടരോ അല്ലാത്ത ആ കൗമാരം. അവരില്‍ കൂടുതലും സ്ത്രീകളായിരുന്നു. സ്ത്രീകള്‍ക്ക് ‘മ’ പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ അവരുടേതായ കാരണങ്ങളുണ്ടായിരുന്നു.

മഴ/ മഴ/ കുട/ കുട- സെന്റ് ജോര്‍ജ് കുടകള്‍- ആകാശവാണിയില്‍ ഒറ്റമഴപ്പെയ്ത്തായി ആ പരസ്യം അവര്‍ കേട്ടു. വെയിലത്ത് പിടിക്കുമ്പോള്‍ നരച്ച നിറം വരാതിരിക്കാന്‍ എന്റെ അയല്‍ക്കാരി റീന എപ്പോഴും കുടശ്ശീലയില്‍ വെളിച്ചെണ്ണ പുരട്ടി. അവള്‍ നിവര്‍ത്തുമ്പോള്‍ ആ കുട സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങി.

അന്ന് ടെലിവിഷനുണ്ടായിരുന്ന ഒരേയൊരു വീടായ റാബീത്തയുടെ വീട്ടിലെ സോണിയില്‍ വെള്ള വസ്ത്രധാരികളായി സുനില്‍ ഗവാസ്‌കറും ശ്രീകാന്തും ഇമ്രാന്‍ ഖാനും അബ്ദുല്‍ ഖാദറും ബാറ്റ് വീശുകയും ഓടിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഓര്‍ക്കുമ്പോള്‍, തിളങ്ങുന്ന വെയില്‍ തന്നെ. വാഷിങ്ങ് പൗഡര്‍ നിര്‍മ/ ബുനിയാദ് സീരിയല്‍/ അങ്ങനെ ‘ഇരുട്ടിലും വെളിച്ചത്തിലും’ പുതിയ വാക്കുകള്‍, കാഴ്ചകള്‍ പുറപ്പെട്ട കാലം. വസ്ത്രത്തെ മാത്രമല്ല, അഭിരുചികളേയും ആ കാലം നന്നായി വെളുപ്പിച്ചു.

മംഗളം, അതീവ ദു:ഖിതരോ അത്രതന്നെ സന്തുഷ്ടരോ അല്ലാത്ത ആ കാലത്തെ സാധാരണ മനുഷ്യര്‍ക്ക് മുന്നില്‍, കാത്തിരിക്കാന്‍ കാല്‍പനികമായ ചില സങ്കല്‍പങ്ങള്‍ കൊണ്ടുവെച്ചു. പ്രണയമായിരുന്നു/ ഉടുപ്പൂരുന്ന പ്രണയം അതിലെ പ്രധാന സംഭവം. വിജൃംഭിച്ചു നില്‍ക്കുന്ന മാറിടങ്ങളുടെ കോട്ടയം വരകളില്‍ അത് വായിച്ച ഓരോ ആണ്‍കണ്ണും സ്വപ്നങ്ങളില്‍ അത്രയും ഭംഗിയുള്ള പെണ്‍ശരീരം സ്വപ്നം കണ്ടുറങ്ങി.

എണ്‍പതുകള്‍ സാമൂഹികമായി ഒരു മാറ്റത്തിന്റെ കാലവുമാണ്. ഗള്‍ഫ് പണം വലിയ രീതിയില്‍ നിര്‍മാണ മേഖലയില്‍ ഒഴുകിയ കാലം. ഓടിട്ട വീടുകള്‍/ ഓടിട്ട പീട്യകള്‍- ഒക്കെ പൊളിച്ചുമാറ്റി കോണ്‍ക്രീറ്റ് വീടുകളും പീടികകളും വരുന്ന കാലം. കണ്ണൂര്‍ ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ‘വാര്‍പ്പുപണി’ക്കാരുണ്ടായിരുന്ന സ്ഥലം മാടായിയായിരുന്നു.

എഴുപത് വയസ്സിനും പതിനെട്ട് വയസ്സിനുമിടയില്‍ പ്രായമുള്ള എത്രയോ സ്ത്രീകള്‍ ആ രംഗത്ത് നിത്യവരുമാനം കണ്ടെത്തി. കഠിനമായ ജോലിയാണ്. മിക്കവാറും സന്ധ്യയാകും വലിയ വാര്‍പ്പുപണികള്‍ തീരാന്‍. വീടുകളില്‍ തിരിച്ചെത്തുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ അവരെ പ്രചോദിപ്പിച്ചു. ആ കാലത്തെ വാര്‍പ്പുപണിക്ക് പോയിരുന്ന കൂട്ടുകാരികള്‍ പറഞ്ഞത്:

ഒന്ന്: ചന്ദ്രിക സോപ്പ്

സന്ധ്യക്ക് ഓലകൊണ്ട് മേഞ്ഞ കുളിപ്പുരകളില്‍ അതിന്റെ മണവും പതയും പകല്‍ കൊണ്ട വെയിലും മുഷിഞ്ഞ വിയര്‍പ്പും ഒഴുക്കിവിട്ടു. ശരീരം മാത്രമല്ല തൊടിയിലും മുറിയിലുമെല്ലാം ആ മണം നിറഞ്ഞു. കാവ്യാത്മകത പോലെ, ‘പതാത്മക ഗന്ധം’.

രണ്ട്: പയറ് കറി/ ഉണക്കമീന്‍ പൊരിച്ചത്/ കഞ്ഞി

മൂന്ന്: ചിമ്മിനി വെളിച്ചത്തില്‍ അവരവരുടെ കണ്ണില്‍ മാത്രം പതിയുന്ന വെളിച്ചത്തില്‍ മംഗളം വായന

ദലിതുകളും തീരദേശ തൊഴിലാളികളും കച്ചവടക്കാരും മംഗളം വായിച്ചു. അത് സാക്ഷരതയുണ്ടാക്കി എന്ന തെറ്റായ വായന/ നിരീക്ഷണം ചിലര്‍ നടത്തുന്നുണ്ട്. നിരക്ഷരരായിരുന്നില്ല മംഗളം വായിച്ചത്. സി.കെ. ജാനു എന്ന കേരളത്തിലെ പെണ്‍കരുത്ത് വായിച്ചതും ‘മ’ പ്രസിദ്ധീകരണം എന്ന് ആക്ഷേപിക്കുന്ന മംഗളവും മനോരമയുമാണ്.

മിക്കവാറും രാത്രികളില്‍ ഉറക്കം വരുന്നതുവരെ ‘സമയം പോക്കാ’നുള്ള വായനകളായിരുന്നു, അത്. സമയം ഇന്നത്തെ പോലെയല്ല, ‘ഒച്ചി’ഴയുന്നത് പോലെയാണ്. സ്പീഡ് എന്ന അനുഭവമില്ല. ‘മന്ദഗതി’യുടെ രാവുകളെ മംഗളം മാദകമാക്കി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ റീലുകള്‍/ മറ്റ് ദൃശ്യവിനിമയങ്ങള്‍- ഇവയില്‍ കൂടുതല്‍ വരുന്നത്, മംഗളം നോവലുകളില്‍ പറഞ്ഞതിന്റെ രത്‌നച്ചുരുക്കങ്ങളാണ്.

നര്‍മസല്ലാപം, കാരിക്കേച്ചറുകള്‍, പാചകം, ക്രൈം- തുടങ്ങി പലതും മംഗളത്തിനുണ്ടായിരുന്നു. ആ കാലത്തെ മലയാളികളുടെ രാത്രികളെ അവ അര്‍ഥം കൊണ്ടുനിറച്ചു. ശാന്തമോ അശാന്തമോ ആയ ഉറക്കങ്ങള്‍. ഫാനും എ.സി.യുമില്ലാത്ത, എന്തിന് കറന്റ് പോലുമില്ലാത്ത രാവുകളില്‍ പൈങ്കിളിത്താളുകള്‍ കൊണ്ട് കാറ്റുവീശി, തലയണക്കടുത്ത് മടക്കിവെച്ചു.

അങ്ങനെ അവ വിശറികളുടെ ധര്‍മവും നിര്‍വഹിച്ചു. ചാരായം കൊണ്ട് ഉള്‍ഗ്രാമങ്ങളില്‍ ആണ്‍പിപ്പിരികള്‍ ഏറെയുണ്ടായിരുന്ന കാലമാണ്. ബോധത്തില്‍ കറക്കുപമ്പരവുമായി വരുന്ന ആണത്തം, വായിച്ചുറങ്ങുന്ന പെണ്ണുങ്ങള്‍ക്ക് മുന്നില്‍ വിറളി പിടിച്ചു.

നമ്മുടെ ഗൃഹാതുരതകളില്‍ ആ വായനയുമുണ്ട്. വര്‍ഗീയത/ വെറുപ്പ്/ ബീഫ് വിരോധം/ ഇസ്‌ലാമോഫോബിയ ഒന്നും അവ ഒളിച്ചുകടത്തിയില്ല. അവയെല്ലാം ഒളിച്ചുകടത്തിയത് ആരാണ്? ചാനലുകളാണ്. ഇന്ന് സമൂഹത്തില്‍ കാണുന്നത്രയും വെറുപ്പ് പൈങ്കിളിരാവുകള്‍ ഉല്‍പാദിപ്പിച്ചിരുന്നില്ല.

ഞങ്ങളുടെ അയല്‍വീടായ ബെന്നിയേട്ടന്റെ വീട്ടില്‍ മംഗളം മുടങ്ങാതെ വരുമായിരുന്നു. അവ വരുന്ന ദിവസം മഗ്‌രിബ് നിസ്‌കരിച്ച് മംഗളം വായിക്കാന്‍ ഞാന്‍ പോകും. ഇശാ നിസ്‌കാരത്തില്‍ മംഗളത്തില്‍ അന്ന് വായിച്ചത് കടന്നുവരും. ഖസാക്കിന്റെ ഇതിഹാസം വായിച്ചപ്പോള്‍, തസ്‌റാക്കിലെ മൈമൂനയും അതുപോലെ നിസ്‌കാരങ്ങള്‍ തെറ്റിച്ചിട്ടുണ്ട്.

മംഗളം വായിക്കാറുള്ള ആ രാത്രികള്‍ക്ക് ശേഷം ബെന്നിയേട്ടന്റെ വീട്ടില്‍ അത്രയധികം പോയിട്ടേയില്ല. കല്യാണം വരുമ്പോഴോ മരണം വരുമ്പോഴോ മാത്രം സന്ദര്‍ശിക്കുന്ന ഇടങ്ങളായി അയല്‍വീടുകള്‍ മാറി. മംഗളം, എന്റെ അയല്‍ക്കാരെ എനിക്ക് പരിചിതരാക്കി തന്നെ നിര്‍ത്തിയിരുന്നു.

ഒരു വാക്കിലോ നോട്ടത്തിലോ ജീവിതത്തില്‍ ഒരിക്കല്‍ പോലും വര്‍ഗീയതയോ അപരനിന്ദയോ പറയാത്ത ബെന്നിയേട്ടന്റെ വീട്ടിലേക്കുള്ള രാത്രിയാത്രകളുടെ ഓര്‍മകളാണ് എനിക്ക് മംഗളം. ഒരെഴുത്തുകാരനെന്ന നിലയില്‍ ആ രാത്രികള്‍ നല്‍കിയ പ്രചോദനം വളരെ വലുതാണ്.

കാരണം ആ രാത്രികള്‍ക്ക് ഇനി ആവര്‍ത്തനമില്ല. ചില രാത്രികള്‍ ഒരേ രാത്രികളായി പിന്നെയും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആ രാത്രികള്‍ ആവര്‍ത്തിക്കാനാവാത്ത വിധം അവസാനിച്ചു. മംഗളം ഒട്ടും പ്രചോദിപ്പിച്ചിട്ടില്ല, മംഗളം വായിക്കാന്‍ നടത്തിയ രാത്രിയാത്രകള്‍ നിത്യപ്രചോദനമായി.

Content Highlight: Thaha Madayi on Mangalam weekly reading experience in the context of it ending the publication

താഹ മാടായി

എഴുത്തുകാരന്‍