ആടുജീവിതത്തിന് ശേഷം ഹിന്ദുത്വഭാവനയില്‍ പോത്തു ബിരിയാണി വിളമ്പുന്ന ബെന്യാമിന്‍
Discourse
ആടുജീവിതത്തിന് ശേഷം ഹിന്ദുത്വഭാവനയില്‍ പോത്തു ബിരിയാണി വിളമ്പുന്ന ബെന്യാമിന്‍
താഹ മാടായി
2021 Apr 13, 11:34 am
Tuesday, 13th April 2021, 5:04 pm

കെ.എം. ഷാജി എന്ന മുസ്‌ലിം ലീഗ് എം.എല്‍.എയോട് വ്യക്തിപരമായ രാഷ്ട്രീയ ആദരവ് മുസ്‌ലിം ലീഗിലെ ചെറുപ്പക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും ഉണ്ടാകുമോ എന്നറിയില്ല. ഓര്‍മ ശരിയാണെങ്കില്‍, മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക ചരിത്രകാരനായ എം.സി. വടകര ഷാജിയുടെ ശൈലി ‘മുസ്‌ലിം ലീഗ് ശൈലിയല്ല’ എന്ന് മുമ്പ് പറയുകയോ എഴുതുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍, ഷാജിയുടെ പ്രസംഗത്തിന്റെ പ്രധാന ഉള്ളടക്കം, പലപ്പോഴും ‘മൈത്രി’യാണ്. ഉറച്ച മതനിരപേക്ഷ ധാരയില്‍ നിന്നുകൊണ്ടാണ് ഷാജിയുടെ പ്രസംഗങ്ങള്‍.

മതമൗലികവാദത്തെ തരിമ്പ് പോലും അനുകൂലിക്കുന്ന വാക്ക്, ആ പ്രസംഗത്തില്‍ നിന്ന് ‘സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി’യെടുക്കാന്‍ പോലും കിട്ടുമെന്ന് തോന്നുന്നില്ല. പക്ഷെ, ഒരു നല്ല രാഷ്ട്രീയക്കാരനാണോ എന്ന് ചോദിച്ചാല്‍, മുസ്‌ലിം ലീഗ് ഫ്രെയ്മില്‍ ആ മുഖത്തിനും ഒരു സ്ഥാനമുണ്ട്. കാരണം, മുസ്‌ലിം ലീഗ് ‘വ്യക്തിഗത വിജയങ്ങളുടെ’ പാര്‍ട്ടിയാണ്. അണികള്‍ക്ക് നേതാക്കന്മാരെ വേണ്ടതും, എന്നാല്‍ നേതാക്കന്മാര്‍ക്ക് അണികളെ ആവശ്യമില്ലാത്തതുമായ ഒരു പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്.

ചങ്ക് പറിച്ചു കൊടുക്കുന്ന അണികള്‍, ‘ചിരിച്ചു സുല്ലിട്ട് പോകുന്ന നേതാക്കന്മാര്‍’ – അതാണ് മുസ്‌ലിം ലീഗ്. എം.പി സ്ഥാനം രാജി വെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിരിച്ചു സുല്ലിട്ട് വന്ന കുഞ്ഞാലിക്കുട്ടിക്ക് ആരാ ധൈര്യം പകരുന്നത്? അണികള്‍. ഓഡിറ്റ് ചെയ്യാന്‍ ആരുമില്ലാത്ത, ആ പാര്‍ട്ടിയില്‍ കെ.എം. ഷാജി ഒരു സാധ്യതയാണ്. സാധ്യതകളുടെ കല കൂടിയാണ് രാഷ്ട്രീയം.

എങ്കില്‍ തന്നെയും, ബെന്യാമിന്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആ എഴുത്തുകാരന്‍ ഉളളില്‍ മനോഹരമായി സൂക്ഷിക്കാന്‍ ശ്രമിച്ച വര്‍ഗീയതയുടെ ചെറിയ ചെറിയ പരിലാളനകള്‍ കാണാം. പലപ്പോഴും, നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ പരാജയപ്പെടുന്ന ഒരു സ്ഥലം അവിടെയാണ്. സത്യസന്ധമായി അവരുടെ മുസ്‌ലിം വിരുദ്ധ മനസ്സ് വെളിപ്പെടും. ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലെ ഒരു വാചകം ‘പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധമാണ്’.

‘ബിരിയാണി ഉണ്ടാക്കുന്ന വിധ’മല്ല. പോത്ത് ബിരിയാണി എന്നു തന്നെ ബെന്യാമിന്‍ ഉപയോഗിച്ചിട്ടുണ്ട്. പോത്ത് ഒരു മുസ്‌ലിം ടാഗ് ആണെന്നും, അതൊരു മുസ്‌ലിം മെനു ആണെന്നും പന്നിയിറച്ചി തിന്നുന്ന ആര്‍ക്കുമറിയാം. ‘സിവില്‍ സൊസൈറ്റിയുടെ’ കയ്യടി കിട്ടണമെങ്കില്‍ ‘ബീഫ് ബിരിയാണി’ എന്നു പോരാ, ‘പോത്തു ബിരിയാണി’ എന്നു തന്നെ വേണം. ആടുജീവിതം നയിക്കുന്നതും പോത്ത് ബിരിയാണി വെക്കുന്നതും അടിത്തട്ടനുഭവങ്ങളില്‍ വേറൊരു വായനക്കിടം നല്‍കുന്ന ഒന്നാന്തരമൊരു ചിഹ്നകമാണ്.

‘ഇഞ്ചി കൃഷിയുടെ ബാലപാഠങ്ങള്‍’ എന്ന ഈ ‘ആധുനികോത്തര ഊഹാപോഹ ഫ്‌ലാഷ് ഫിക്ഷ’നില്‍ ബെന്യാമിന്‍ തുറന്നു വെച്ച ശവക്കുഴി പോലെയുള്ള തന്റെ മനസ്സ് വെളിപ്പെടുത്തുന്നത്, ‘കോഴിത്തീട്ടം തിന്നുന്ന ചാവാലിപ്പട്ടി’ എന്ന ശീര്‍ഷകത്തിലാണ്. എന്തൊരു മനോഹരമായ ഭാവന! പോത്ത് ബിരിയാണി, കോഴി, തീട്ടം -എല്ലാം ചേരുംപടി ചേര്‍ത്ത് എഴുതിയിട്ടുണ്ട്.

മുസ്‌ലിം സമൂഹത്തെ പരിഹസിക്കാന്‍ ഹിന്ദുത്വം ഉപയോഗിച്ചു വരുന്ന വാക്കുകള്‍ വഴിക്കല്ലുകള്‍ പോലെ ഉപയോഗിക്കുകയാണ്, ബെന്യാമിന്‍. ഒരു എഴുത്തുകാരനില്‍ നിന്ന് പുറപ്പെടുന്ന സ്വതന്ത്രമായ വാക്കല്ല ‘പോത്തു ബിരിയാണി ഉണ്ടാക്കുന്ന വിധം’. ഹിന്ദുത്വത്തിന്റെ ഭാവനയാണ് ആ കുറിപ്പില്‍ ബെന്യാമിന്‍ പ്രത്യാനയിച്ചുകൊണ്ടുവരുന്നത്. ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്ര കുറിപ്പടികള്‍ അതേപോലെ അവ പകര്‍ത്തുന്നു. പോത്ത്, കോഴി, തീട്ടം, പട്ടി – ഇങ്ങനെ കൃത്യമായ ഒരു സിംബോളിക് ഓര്‍ഡര്‍ ബെന്യാമിന്റെ കുറിപ്പിലുണ്ട്.

കെ.എം ഷാജി, നിയമയപരമായ ഒരു ഓഡിറ്റിലൂടെ കടന്നു പോവുകയാണ്. തീര്‍ച്ചയായും അയാളുടെ രാഷ്ട്രീയം തുറന്നു കാട്ടപ്പെടേണ്ടതുണ്ട്. രാഷ്ട്രീയത്തിന്റെ ‘മറവില്‍ തിരിവു’കളില്‍ എന്താണ് എന്നറിയേണ്ടത്, ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യ ആകാംക്ഷകളില്‍ പെടുകയും ചെയ്യുന്നു. എന്നാല്‍, ആ വ്യക്തി ഒരു മുസ്‌ലിമായതു കൊണ്ട്, മുസ്‌ലിം സമൂഹത്തെ ഹിന്ദുത്വത്തിന്റെ പ്രചാരകര്‍ ഉപയോഗിക്കുന്ന പ്രതീക ബിംബങ്ങള്‍ വാക്കുകളില്‍ കൊണ്ടു വരുന്നു എന്നതാണ് ബെന്യാമിന്റെ കുറിപ്പില്‍ കാണുന്നത്. അത് യഥാര്‍ഥത്തില്‍ ആരുടെ കൈയടി കിട്ടാനാണ്?

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thaha Madayi Criticizes Writer Benyamin

താഹ മാടായി
എഴുത്തുകാരന്‍