| Tuesday, 18th May 2021, 7:14 pm

സഖാവ് പിണറായി വിജയന് കണ്ണൂരില്‍ നിന്ന് ഒരു വിയോജനക്കുറിപ്പ് | താഹ മാടായി

താഹ മാടായി

ലോകം കണ്ട ഏറ്റവും വലിയ ‘ക്യാപ്റ്റന്‍’ മറഡോണയായിരുന്നു, ഇതിഹാസ മനുഷ്യന്‍. ക്യാപ്റ്റനായി ഒരു ലോകകപ്പ് അര്‍ജന്റീനയ്ക്ക് നേടിക്കൊടുത്തു. എങ്കിലും, അതിലൊരു ‘കണ്‍കെട്ടു വിദ്യ’ കൂടി ഉണ്ടായിരുന്നു, ‘ദൈവത്തിന്റെ കൈ’ എന്ന് സ്വയം വിശേഷിപ്പിച്ച ‘മാന്ത്രിക ഭാവന’യുടെ ഫൗള്‍. അയാള്‍, ആ ഗോളിലൂടെ ഗോളിയുടെയും റഫറിയുടെയും കാണികളുടെയും ‘കണ്ണുകള്‍’ അല്‍പ നേരം ഇരുട്ടില്‍ നിര്‍ത്തി, ആ മഹാനായ ‘ക്യാപ്റ്റന്‍’ ആ ഫൗളിന്റെ പേരിലുമാണ് ഇന്ന് ഓര്‍മിക്കപ്പെടുന്നത്.

മറഡോണയുടെ മകളുടെ ഭര്‍ത്താവായിരുന്നു, സെജുറോ അഗ്യൂറോ. കളിയുടെ മന്ത്രിക യൗവ്വനം കൊണ്ട് കാണികളില്‍ ആവേശം നിറച്ചവന്‍. മറഡോണ അര്‍ജന്റീനയുടെ കോച്ചായി പ്രത്യക്ഷപ്പെട്ടപ്പോള്‍, ‘പുതിയാപ്പിള’ ആ ടീമിലുണ്ടായിരുന്നു എന്നാണ് ഓര്‍മ. വലിയ ഇതിഹാസ താരമായിരിന്നിട്ടും കോച്ചായി ടീമിനെ പരിശീലിപ്പിച്ച മറഡോണയ്ക്ക് അര്‍ജന്റീനയെ വിജയിപ്പിക്കാനായില്ല. അടവുകള്‍ മുഴുവനറിയുന്നവരും, ചരിത്രത്തില്‍, ദുരന്തമായിത്തീര്‍ന്നിട്ടുണ്ട്.

നേരത്തെ പ്രവചിക്കപ്പെട്ട കഥയിലെ നായിക മാത്രമാണ്, കെ.കെ. ഷൈലജ. ഇ.എം.എസ് ഇരിക്കുന്ന വേദിയിലേക്ക് എം.വി രാഘവന്‍ കടന്നു വരുമ്പോള്‍ ഉയര്‍ന്ന കൈയടികളാണ് രാഘവന് പാര്‍ട്ടിയുടെ പുറത്തേക്കുള്ള വാതില്‍ തുറന്നുകൊടുത്തതെന്ന് പഴയ പാര്‍ട്ടി കഥകള്‍ അയവിറക്കുന്നവരുടെ ഓര്‍മയിലുണ്ടാവും.

‘ആണത്ത’മുള്ള പാര്‍ട്ടിയില്‍, എം.വി.രാഘവന് പോലും അടി പതറിയിട്ടുണ്ട്. അതുകൊണ്ട്, കെ.കെ.ഷൈലജയുടെ പ്രതിച്ഛായയില്‍ ഭൂമിയില്‍ ഏറ്റവും അസ്വസ്ഥരായ ആളുകള്‍ ആരൊക്കെയെന്ന്, ആര്‍ക്കുമറിയാം. ചിരിക്കുമ്പോള്‍, കൈ വീശുമ്പോള്‍, ചേര്‍ത്തു പിടിക്കുമ്പോള്‍ ഓര്‍ത്തില്ലല്ലൊ ടീച്ചര്‍, ഈ പാര്‍ട്ടിയുടെ ചരിത്രം!

സാമ്രാജ്യത്വ വിരുദ്ധ/ഫ്യൂഡല്‍ വിരുദ്ധ സമരങ്ങളുടെ ദീര്‍ഘമായ സമര പൈതൃകം അവകാശപ്പെടാവുന്ന പാര്‍ട്ടിക്ക്, പ്രക്ഷുബ്ധമായ ഈ നാളുകളില്‍ ജനങ്ങളോടൊപ്പം നിന്ന ഒരു സ്ത്രീയെ ഒപ്പം നിര്‍ത്താനായില്ല. ആ സ്ത്രീ സൃഷ്ടിച്ച തരംഗം പാര്‍ട്ടിയില്‍ അവര്‍ക്കെതിരായ ‘പ്രതി തരംഗ’മായി മാറിയത് ടീച്ചര്‍ അറിഞ്ഞില്ലെന്നോ? സ്പഷ്ടതയോടെ സംസാരിച്ച്, പൊതുമണ്ഡലത്തിന്റെ ബഹുമാന്യത പിടിച്ചു പറ്റിയ ആള്‍, ‘ആണത്തം’ വാഴുന്ന പാര്‍ട്ടിയില്‍ മന്ത്രിയായി തുടരേണ്ടതില്ല. ഷൈലജ ടീച്ചര്‍ക്ക് പ്രവര്‍ത്തിക്കാന്‍ തെരുവ് മതി.

മുഹമ്മദ് റിയാസ് മന്ത്രിയാവുന്നത് രാഷ്ട്രീയമായി ന്യായീകരിക്കപ്പെട്ടേക്കാമെങ്കിലും, അതൊരു ‘കുടുംബ വാഴ്ച’യുടെ തുടര്‍ച്ചയാണ് എന്ന് തുറന്നു പറയാന്‍, സഖാക്കളെ, എന്നെ സമ്മതിക്കുക. പിണറായി വിജയന്റെ മാനസപുത്രന്മാരില്‍ ഒരാളായ ജോണ്‍ ബ്രിട്ടാസ് എം.പി.യായി, മറ്റൊരാള്‍, മന്ത്രിയുമായി!

പാര്‍ട്ടിയെക്കുറിച്ചു തന്നെ ഭാവിയില്‍ ഇത് ഒരു തരം അശുഭാപ്തി വിശ്വാസമുണ്ടാക്കുമെന്നതാണ് ഒരു വിപല്‍ സാദ്ധ്യത. എല്‍.ഡി.എഫ് കണ്‍വീറുടെ ഭാര്യ ആര്‍. ബിന്ദുവും മന്ത്രിയാണ്. അവരെയും വ്യക്തിയായി പരിഗണിച്ചാല്‍ തന്നെയും, കുടുംബത്തിലാണ് ആണിക്കല്ല്. സി.പി.ഐ.എം എപ്പോഴും അതിന്റെ ‘സ്വകാര്യമായ ദുര്‍മോഹങ്ങള്‍’ അതിനാവശ്യമായ രീതിയില്‍ നിര്‍വചിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ്. ആ നിര്‍വചനങ്ങള്‍, പോരാളി ഷാജി മുതല്‍, സി.പി.ഐ.എം. അനുഭാവിയായ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍.മാധവന്‍കുട്ടി വരെ, ഒരേ പോലെ ആവര്‍ത്തിക്കും.

പാര്‍ട്ടി എന്ന നിലയില്‍ ‘അധികാരം’ കൈയാളുന്ന വലതു പക്ഷ പാര്‍ട്ടികളുടെ കുടുംബ മോഹങ്ങള്‍ സി.പി.ഐ.എമ്മിനെയും ബാധിക്കുകയാണ്. വി.എസിന്റെ മകനാവാത്തത്, മറ്റ് പലര്‍ക്കും സാധിച്ചിരിക്കുന്നു. വാസ്തവത്തില്‍ വി.എസ് തന്നെയായിരുന്നോ ശരി? നാം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നോ? പാര്‍ട്ടിയുടെ ഘടന, കുടുംബത്തിന്റെ ഘടനയാല്‍ നിയന്ത്രിക്കപ്പെടുന്ന അവസ്ഥ പിന്നീടുണ്ടായേക്കാം. കേരളാ കോണ്‍ഗ്രസിന് പഠിക്കുന്ന സി.പി.എം! ഒരു വിപ്ലവ പ്രസ്ഥാനത്തിന് ഇതിനേക്കാള്‍ നല്ലൊരു വേലിയിറക്കമില്ല.

പിണറായി വിജയന്‍ / വി.എസ്. വിഭാഗീയത ഒരു രാഷ്ടീയ യാഥാര്‍ഥ്യമായി പുലര്‍ന്ന നാളുകളില്‍ ‘പിണറായിയാണ് ശരി’ എന്ന് ഉറപ്പോടെ നിന്നവരെയും നിരാശപ്പെടുത്തുന്നതാണ് ഇന്നത്തെ തീരുമാനങ്ങള്‍. അല്ലെങ്കിലും പിണറായി വിജയന്‍ രാഷ്ടീയമായി നിരാശപ്പെടുത്തുന്നത് ഇതാദ്യമല്ല. രമണ്‍ ശ്രീവാസ്തവയെ പോലീസ് ഉപദേഷ്ടാവാക്കിയപ്പോള്‍, നക്‌സല്‍, മാവോയിസ്റ്റ് വിഷയങ്ങളില്‍ എടുത്ത നിലപാടുകളില്‍…

പാര്‍ട്ടി, വിപ്ലവത്തിന്റെ, സമര പാരമ്പര്യങ്ങളുടെ ആ ഗൃഹാതുര ഭൂതകാലം കൈയൊഴിയുകയാണ്. പാര്‍ട്ടിയില്‍ പുതിയൊരു കുടുംബവാഴിത്ത യുഗം തുടങ്ങുകയാണ്. സഖാവ്, പിണറായി വിജയന്‍, കണ്ണൂരില്‍ നിന്ന് ഒരു വിയോജനക്കുറിപ്പ്. താങ്കള്‍ ഒരു പാട് നിരാശപ്പെടുത്തിയല്ലൊ, സഖാവെ! ടി.എസ്. എലിയറ്റിന്റെ ഒരു കവിത താങ്കളെ അന്ധമായി പിന്തുണക്കുന്ന പാര്‍ട്ടി സഖാക്കളെ കേള്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു:

ചരിത്രത്തിന്
അനേകം ചതിക്കുന്ന ഊടുവഴികളും
കൗശലപൂര്‍വ്വം മെനഞ്ഞ ഇടനാഴികളും
പ്രശ്‌നങ്ങളുമുണ്ട്.

ചെവിയില്‍ മന്ത്രിക്കുന്ന മോഹങ്ങളിലൂടെ
അത് നമ്മെ വഞ്ചിക്കുന്നു.

മിഥ്യാഭിമാനങ്ങളിലൂടെ നമ്മ നയിക്കുന്നു.

ടി.എസ് എലിയറ്റ്, വിവര്‍ത്തനം: ഡോ. ടി.കെ.രാമചന്ദ്രന്‍.

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thaha Madayi Criticizes Pinarayi Vijayan

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more