| Sunday, 26th September 2021, 1:00 pm

അല്‍ജസീറ കാണുന്ന രവിചന്ദ്രന്റെ മുസ്‌ലിം വിരുദ്ധ യുക്തി

താഹ മാടായി

നമ്മുടെ യുക്തിവാദികളില്‍ ഇസ്ലാം വിരുദ്ധത ആഴത്തില്‍ പ്രതിഫലിക്കാറുണ്ട്. യുക്തിവാദികള്‍ക്ക് / സ്വതന്ത്ര ചിന്തകര്‍ക്ക് ചില പരിമിതികളുണ്ട്. ഏറ്റവും വലിയ പരിമിതി ‘യുക്തി’ തന്നെയാണ്. ഒരു സംഭവത്തെ ഏറ്റവും ശരിയായ സന്ദര്‍ഭത്തില്‍ വിമര്‍ശന വിധേയമാക്കി പൊതു സമൂഹത്തെ ജാഗ്രതപ്പെടുത്തേണ്ട സമയത്ത് ‘അയാള്‍ അങ്ങനെ ചെയ്തതിന്റെ കാരണമെന്താണ് എന്നറിയില്ല’ എന്ന കാവ്യം രചിക്കും.

ഒരു മൃതദേഹത്തിന്റെ മുഖത്ത് ഫോട്ടോഗ്രാഫര്‍ ചവിട്ടുന്നത്/നമ്മള്‍ സ്‌കൂള്‍ മലയാളം പാഠാവലിയില്‍ പഠിച്ച കാളിന്ദി നൃത്തം/ചെയ്യുന്നതെന്തുകൊണ്ട്?

അല്‍ജസീറ സംപ്രേഷണം ചെയ്ത ഒരു വീഡിയോ പങ്കുവെച്ച് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി. രവിചന്ദ്രന്‍ എഴുതുന്നു:

വീഡിയോയില്‍ സംഘര്‍ഷ രംഗം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ഒരു ഫോട്ടോഗ്രാഫര്‍ വെടിയേറ്റ് തറയില്‍ കിടക്കുന്ന ആളെ ഓടി വന്ന് മര്‍ദ്ദിക്കുന്നു, ചാടി പുറത്തുവീഴുന്നു. പിടിച്ചു മാറ്റിയിട്ടും കലിപ്പ് തീരാതെ കൃത്യം ആവര്‍ത്തിക്കുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തതായി അറിയുന്നു. എന്തായിരിക്കും ഈ വ്യക്തിയെ ഇത്രയും അക്രമാസക്തനാക്കിയതെന്ന് വ്യക്തമല്ല.

മനുഷ്യത്വരഹിതമായ ക്രൂരതയാണ് അയാള്‍ പ്രകടിപ്പിച്ചത്. ഈ ഫോട്ടോഗ്രാഫര്‍ പോലീസിനൊപ്പം ലഹള സ്ഥലത്തുണ്ടായിരുന്നുവെന്ന് ഊഹിക്കാം. കൃത്യം നടത്താന്‍ അയാളെ പ്രേരിപ്പിച്ചത് കുടിയേറ്റ വിരോധമായാലും അമിത ദേശീയതയായാലും വിദേശി വിരോധമായാലും മതവിരോധമായാലും ഒരു കാര്യം പകല്‍പോലെ വ്യക്തം: മതം, അമിത ദേശീയത, ഗോത്രീയ വിദ്വേഷം എന്നീ വിഷലിപ്ത സോഫ്റ്റ് വെയറുകള്‍ മനുഷ്യനെ അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്തനാക്കും. It is applying reverse gear.

സാധാരണ ജീവിതം നയിക്കേണ്ട മനുഷ്യര്‍ ഹിംസയുടെ വൈതാളികരായി മാറും. വൈറസ് ബാധയുടെ കാര്യത്തിലെന്ന പോലെ എല്ലാവരിലും ഒരുപോലെ പ്രവര്‍ത്തിക്കുന്നുണ്ടാവില്ല, പക്ഷെ കടുത്ത രോഗബാധയുണ്ടായാല്‍ അതി നീചതലത്തിലേക്ക് വ്യക്തി ഇടിഞ്ഞിറങ്ങുന്നു. മനുഷ്യനിലേക്കുള്ള മടക്കം ഇത്തരം സോഫ്റ്റ് വെയറുകളുടെ കയ്യൊഴിയലാണ് എന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന ദൃശ്യങ്ങളാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. മനുഷ്യന് എതിരായ കുറ്റകൃത്യമാണിത്, ഹീനം, നിന്ദ്യം.’

ആ ഫോട്ടോഗ്രാഫര്‍ ചെയ്തത് മനുഷ്യനെതിരായ കുറ്റകൃത്യമാണ് എന്ന് രവിചന്ദ്രന്‍ ഉറപ്പിച്ചു തന്നെ പറയുന്നു. മതം, അമിത ദേശീയത, ഗോത്രീയ വിദ്വേഷം എന്നീ വിഷലിപ്ത സോഫ്റ്റ് വെയറുകള്‍ മനുഷ്യനെ അക്ഷരാര്‍ഥത്തില്‍ ഭ്രാന്തനാക്കും. മനുഷ്യനിലേക്കുള്ള മടക്കത്തിന് ഇത്തരം സോഫ്റ്റ് വെയറുകളെ കയ്യൊഴിയേണ്ടതുണ്ടെന്നും രവിചന്ദ്രന്‍ ഓര്‍മിപ്പിക്കുന്നു.

സി.രവിചന്ദ്രന്‍

മനുഷ്യര്‍ ആ സോഫ്റ്റ് വെയറുകള്‍ കയ്യൊഴിഞ്ഞതുകൊണ്ടു കാര്യമില്ല, സാര്‍. സെക്യുലര്‍ ഇന്ത്യയെ – ഒരുപാട് ഹിന്ദുത്വ കലര്‍പ്പുകളോടു കൂടിയാണെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്ന സെക്യുലര്‍ ഇന്ത്യയെ – തീവ്രഹിന്ദുത്വ വാദികള്‍ പിടിച്ചടക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ന്യൂനപക്ഷങ്ങള്‍ പീഡിതരും അരക്ഷിതരുമായിട്ടുണ്ട്.

മുസ്‌ലിങ്ങളോടുള്ള വെറുപ്പ് ആളിക്കത്തിക്കുക എന്നതാണ് ഈ ‘ചത്തവനെ ചവിട്ടുക’ എന്ന ചിത്രം നിര്‍വഹിക്കുന്ന രാഷ്ട്രീയ ദൗത്യം. നിയമവാഴ്ചയെ ധിക്കരിക്കാന്‍ ആ ഫോട്ടോഗ്രാഫര്‍ക്ക് കിട്ടുന്ന അതിശക്തമായ ഊര്‍ജ്ജം എവിടെ നിന്നാണ്? താലിബാനിലെ മത തീവ്രവാദികള്‍ ഒരു ഫോട്ടോഗ്രാഫറെ നിര്‍ദയമായി കൊല്ലുമ്പോള്‍ കിട്ടുന്ന അതേ ഊര്‍ജ്ജമാണ്. (അഫ്ഗാനില്‍ ഹാസ്യനടന്‍ ഖാഷയെയും ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയെയും താലിബാന്‍ കൊലപ്പെടുത്തി. അവിടെ ഫോട്ടോഗ്രാഫര്‍, കലാകാരന്‍ കൊല്ലപ്പെടുന്നു, truth ആണ് അവിടെ കൊല്ലപ്പെട്ടത്, അസമില്‍ ഒരു പൗരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഫോട്ടോഗ്രാഫര്‍ മുഖത്ത് ആഞ്ഞു ചവിട്ടുന്നു – truth ആണ് ഇവിടെയും മൃതമായി കിടക്കുന്നത്. ചവിട്ടുന്ന ആ ഫോട്ടോഗ്രാഫറുടെ റോളാണ് മിക്കവാറും ഇന്ത്യന്‍ മീഡിയകള്‍ക്ക്, തികച്ചും ബ്രാഹ്മണിക്കലായ ഒരു മൂടുപടത്തില്‍, ഒരു അനൗപചാരിക മാധ്യമ കൂട്ടായ്മ നിര്‍ലജ്ജം ഇവിടെ പ്രവര്‍ത്തിക്കുന്നു).

ഭരണഘടനാ ബാഹ്യമായ ഒരു സുരക്ഷിത കവചത്തിലാണ് ഇന്ത്യയില്‍ തീവ്ര ഹിന്ദുത്വവാദികളുടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. നിയമവാഴ്ചയെ ധിക്കരിക്കാന്‍ മിക്കവാറും അവര്‍ക്ക് ധൈര്യം കിട്ടുന്നത് സ്റ്റേറ്റിന്റെ പ്രത്യക്ഷമായ പിന്തുണകൊണ്ട് തന്നെയാണ്. എന്തായിരിക്കും ആ വ്യക്തിയെ ഇതിന് പ്രേരിപ്പിച്ചത് എന്നതിന്റെ ഉത്തരം, ജ്യോതിഷത്തിലെ തട്ടിപ്പ് തിരയുന്ന താങ്കള്‍ക്ക് ആരും പറഞ്ഞുതരേണ്ട കാര്യമില്ല.

‘നമ്മുടെ മലയാളി സ്വതന്ത്ര ചിന്തകര്‍’ നിഷ്പക്ഷതാ നാട്യങ്ങള്‍ കൊണ്ട് അസമില്‍ നടക്കുന്ന ഹിംസയെ ബാലന്‍സ് ചെയ്യരുത്. ചരിത്രം നാം മറക്കരുത്, ബാബര്‍ കെ. ഔലാദോ, ഭാഗോ പാക്കിസ്ഥാന്‍ യാ ഖബരിസ്ഥാന്‍ – (ബാബറിന്റെ പിന്‍ഗാമികളേ, പാക്കിസ്ഥാനിലേക്ക് പോകൂ, അല്ലെങ്കില്‍ ചാകൂ) എന്ന് ഉന്മാദത്തോടെ അലറി വിളിച്ച് മുസ്ലിങ്ങളുടെ നേരെ ആയുധമെടുത്ത് അലറിപ്പാഞ്ഞ അതേ കാലത്തിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

1986 ല്‍ ബി.ജെ.പി.ക്ക് വെറും രണ്ട് സീറ്റ് മാത്രമായിരുന്നു, പാര്‍ലമെന്റില്‍. ഇന്നങ്ങനെയല്ല. സാധാരണ മനുഷ്യരില്‍ മുസ്‌ലീം വിരുദ്ധത (1984ല്‍ ഇത് സിഖ് വിരുദ്ധതയായിരുന്നു, കോണ്‍ഗ്രസായിരുന്നു അത് സ്പോണ്‍സര്‍ ചെയ്ത്) ആളിക്കത്തിച്ചാണ് ഈ അധികാരലബ്ധികള്‍.

സ്വതന്ത്ര ചിന്തകര്‍ ‘നിഷ്പക്ഷതാ നാട്യങ്ങള്‍’ മാറ്റി വെച്ച്, അടിയന്തിരമായി ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്. ഈ വാദം വിരോധാഭാസമായി തോന്നിയേക്കാം, സ്വതന്ത്ര ചിന്തകര്‍ ഇന്ത്യയില്‍ മുസ്‌ലീം / ദളിത് / ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കേണ്ട സമയമാണിത്.

ഹിന്ദുവായാലും മുസ്‌ലീമായാലും മറ്റേതു മതവിഭാഗമായാലും ഭരണഘടനാപരമായി ജനാധിപത്യവല്‍ക്കപ്പെട്ട ഒരു സമൂഹ നിര്‍മ്മിതി ഇന്ത്യയില്‍ സംഭവിച്ചിട്ടുണ്ട്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഈ ”ജനാധിപത്യ വല്‍ക്കരിക്കല്‍’ – മിക്കവാറും, അടിത്തട്ടിലെത്തിയിട്ടുമില്ല. കൊടിയ അനീതികള്‍ക്ക് ദളിതുകളും ആദിവാസികളും ന്യൂനപക്ഷങ്ങളും ഇരയായിട്ടുണ്ട്. അപ്പോഴും ഭരണഘടന ഒരു വെളിച്ചമായി മുന്നിലുണ്ട്. ഇന്ത്യയെ നിര്‍വ്വചിക്കുന്ന ഉള്ളടക്കം അതാണ്.

അതുകൊണ്ട്, സി. രവിചന്ദ്രന്‍, ‘അതോ/ഇതോ -‘ എന്ന ഉല്‍പ്രേക്ഷകള്‍ ഒന്നുമില്ലാതെ, ഇരയാക്കപ്പെടുന്ന മുസ്‌ലീങ്ങളോടൊപ്പം നില്‍ക്കൂ. ഇല്ലെങ്കില്‍ യുക്തിവിചാരം കൊണ്ട് മുഖത്ത് ചവിട്ടാതിരിക്കുകയെങ്കിലും ചെയ്യൂ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Thaha madayi criticises Ravichandran C for his statment on Assam issue

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more