| Friday, 11th December 2020, 10:24 am

സഖാവ് ഓമനക്കുട്ടന്റെ മകള്‍ക്കുള്ള ചുവന്ന പൊന്നാടയില്‍ പാര്‍ട്ടി തോല്‍ക്കുകയാണ്

താഹ മാടായി

ഫ്രാന്‍സിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ധൈഷണികമായി താനുദ്ദേശിച്ച ദിശയിലേക്ക് നയിക്കാന്‍ ശ്രമിച്ച സാര്‍ത്ര്, ഒടുവില്‍, ചിന്താപരമായ ആകുലതയോടെ ഒരു നിഗമനത്തിലെത്തുന്നുണ്ട്: കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊത്ത് പ്രവര്‍ത്തിക്കുക എന്നത് അടിയന്തിരമായ ഒരാവശ്യവും എന്നാല്‍ അസാദ്ധ്യവുമാണ് – ‘ എന്നതായിരുന്നു, ആ നിഗമനം.

അള്‍ജീരിയന്‍ യുദ്ധത്തിന്റെ കാലത്ത്, അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി എടുത്ത നിലപാടിനെതിരെയുള്ള ആത്മ സംഘര്‍ഷത്തിനിടയിലാണ് സാര്‍ത്ര് ഈ വിധം ഒരു നിഗമനത്തിലെത്തുന്നത് എന്ന് സാര്‍ത്രിനെക്കുറിച്ചുള്ള പഠനത്തില്‍ വായിക്കാനിടയായി. ഇതിലെ ശ്രദ്ധേയമായ ഊന്നല്‍ ഇതാണ്, ‘പാര്‍ട്ടി’ ആവശ്യമാണ്, ഒപ്പം നില്‍ക്കുക എന്നത് ‘ഏറെ അസാദ്ധ്യത’ ആവശ്യപ്പെടുന്ന ഒന്നാണ്. പാര്‍ട്ടിയെക്കുറിച്ച് നാം പുലര്‍ത്തുന്ന മനോഹരമായ ദിവാസ്വപ്‌നങ്ങള്‍ ‘അധികാരമുള്ള പാര്‍ട്ടി’ക്ക് പലപ്പോഴും വിദൂരമായ യാഥാര്‍ഥ്യമാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സഖാവ് ഓമനക്കുട്ടനും എം.ബി.ബി.എസിന് പ്രവേശനം നേടിയ മകള്‍ സുകൃതിയും അഭിനന്ദനങ്ങള്‍ കൊണ്ടു മൂടപ്പെടുന്നുണ്ട്. രാഷ്ടീയ കാരണങ്ങളാല്‍ ഈ അഭിനന്ദനങ്ങളില്‍ ലൈക്കടിച്ച് ഒപ്പ് ചാര്‍ത്തുന്നവര്‍, ഇടതുപക്ഷത്തെയാണ് പരിഹസിക്കുന്നത്. പ്രളയകാലത്ത് ഓട്ടോ ചാര്‍ജ്ജിന് പണം തികയാതെ വന്നപ്പോള്‍ ഒപ്പമുള്ള സഖാവിനോട് കാശ് കടമായി ചോദിച്ച സഖാവ് ഓമനക്കുട്ടനെ നിര്‍ദയമായ രീതിയിലാണ് പല ദൃശ്വമാധ്യമങ്ങളും അവതരിപ്പിച്ചത്. ‘ഓണക്കിറ്റിലെ കടുകി’ന്റെ എണ്ണം തിട്ടപ്പെടുത്തുന്ന അതേ അവതരണം. ‘പുറപ്പെട്ട വാക്ക് പുറപ്പെട്ട ഇടത്തേക്ക് തിരിച്ചു വരില്ല’ എന്നത് വാക്കിന്റെ ഉറപ്പിനെ സൂചിപ്പിക്കുന്ന ഒരു ദര്‍ശനമാണ്. ഈ ഉറപ്പിന്റെ നിരന്തരമായ ലംഘനങ്ങള്‍ കേരളത്തിലെ വാര്‍ത്താവതരണങ്ങളില്‍ കാണാം. സഖാവ് ഓമനക്കുട്ടന്‍ അതിന്റെ ഇരയായിരുന്നു.

എങ്കില്‍ പോലും മകള്‍ക്ക് എം.ബി ബി.എസ് പ്രവേശനം സാധ്യമായത് മാധ്യമങ്ങളോടൊപ്പം സഖാക്കള്‍ ആഘോഷിക്കരുത്. ആ മലയാളി പെണ്‍കുട്ടിയുടെ ഇച്ഛാശക്തിയെ അഭിനന്ദിക്കുമ്പോള്‍ തന്നെ ‘ഒരു പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടി’ എന്ന വൈകാരികത കൂടി അതോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നുണ്ട്. അത് ആ കുട്ടിയുടെ മാത്രം വിജയമാണ്, പാര്‍ട്ടിയുടെ വിജയമല്ല. പാര്‍ട്ടി പ്രതിനിധികള്‍ ചുവന്ന പൊന്നാട അണിയിച്ച് ആ വിജയത്തെ അശ്ലീലമാക്കരുത്. പെണ്‍കുട്ടികള്‍ വിജയിക്കുന്ന ഒരു കാലമാണിത്.

പാര്‍ട്ടിയുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടത് കേരളത്തിലെ ദലിത് കമ്യൂണിസ്റ്റുകള്‍ അഭിമുഖീകരിക്കുന്ന ആന്തരിക സംഘര്‍ഷങ്ങളിലാണ്. ‘സ്വത്വരാഷ്ട്രീയം’ എന്ന ഇന്‍വര്‍ട്ടഡ് കോമയില്‍ ആ ഇരമ്പുന്ന വിഷയത്തെ കുറ്റിയടിച്ച് നിര്‍ത്തിയിട്ടു കാര്യമില്ല. എന്തുകൊണ്ട് ഒരു മലയാളി സഖാവിന്റെ മകള്‍ എം.ബി.ബി.എസിന് പ്രവേശനം നേടുമ്പോള്‍, ഇത്രയധികം മെഡിക്കല്‍ കോളേജുകളും ഡോക്ടര്‍മാരും പഠിതാക്കളുമുള്ള കാലത്ത് വാര്‍ത്തയാവുന്നത് എന്നത് ഒട്ടും ശുഭാപ്തി നിറഞ്ഞ കാര്യമല്ല. ഇരുണ്ടതും അപരിഷ്‌കൃതവുമായ ഏതോ കാലത്തല്ല നാം ജീവിക്കുന്നത്.

താഹ മാടായി എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

യഥാര്‍ഥത്തില്‍, ‘ആധുനികവും നാഗരികവുമായ’ ഒരു സാമൂഹിക സുരക്ഷയും അതിന്റെ ഉണര്‍വുകളും കേരളത്തിലെ അടിത്തട്ടിലെ മനുഷ്യര്‍ ഇനിയും നേടിയിട്ടില്ല. ‘ഞാന്‍ പോകുന്നു’ എന്ന ഒറ്റവരിയില്‍ ജീവിതം പറഞ്ഞു പോയ പെണ്‍കുട്ടിയെ നാം മറന്നിട്ടില്ലല്ലൊ.

പിണറായി വിജയന്‍ കേരളത്തിലെങ്കിലും ഒരു ആധുനിക സമൂഹത്തെയാണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ‘കേരളാ മോഡല്‍ മൂസിയം പീസ്’ കമ്യൂണിസ്റ്റ് വാര്‍പ്പു മാതൃകകളില്‍ നിന്ന് വ്യത്യസ്തമായ ആധുനികമായ ഒരു ലോക സങ്കല്‍പം പിണറായിയുടെ ചില ‘നയ’ങ്ങളില്‍ കാണാം. (പൊലീസ് നയങ്ങളില്‍, നക്‌സല്‍ വേട്ടകളില്‍ പിണറായി ഓഡിറ്റ് ചെയ്യപ്പെടുക തന്നെ ചെയ്യും). അല്‍പം ആധുനികമായ വീട് പണിത, കാറില്‍ സഞ്ചരിക്കുന്ന, നന്നായി വേഷവിധാനം ചെയ്യുന്ന പിണറായി എന്നാല്‍, മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനല്ല.

ആത്മവിശ്വാസമില്ലാത്ത, ദാരിദ്യം കൊണ്ട് കുഴിഞ്ഞു പോയ കണ്ണുകളോടെ ജീവിക്കുന്നവരാവണം, കമ്യൂണിസ്റ്റുകാര്‍. അതാണ് ‘കമ്യൂണിസ്റ്റ് ശരീര ഭാഷ’. അല്‍പം, ആധുനികനായിപ്പോയോ, ഓ, അയാള്‍ മുതലാളിയല്ലെ! അതാണ് ‘കമ്യൂണിസ്റ്റ് ശരീരത്തിലേക്കുള്ള’ വാര്‍ത്താവതരണ ജീവികളുടെ നോട്ടം. ഒടിഞ്ഞു കുത്തിയ കസേരയും ചെത്തിത്തേക്കാത്ത ചുവരുമുള്ള വീട്ടില്‍ പാര്‍ക്കുന്നവരായിരിക്കണം, കമ്യൂണിസ്റ്റുകാര്‍. ഇതാണ് ഒരു ലൈന്‍.

ഈ ലൈന്‍ പിന്തുടര്‍ച്ച പാര്‍ട്ടിയിലുമുണ്ട്. ദളിതുകളുടെ കാര്യം വരുമ്പോള്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ജീവിതം എന്ന നിലയില്‍, പട്ടിണിയേയും ദാരിദ്യത്തെയും മഹത്വവല്‍ക്കരിക്കും. അതേക്കുറിച്ച് ചമല്‍ക്കാരങ്ങള്‍ എഴുതും. ഒരു സഖാവിന്റെ മകള്‍ ആത്മവിശ്വാസത്തോടെ പഠിച്ച് എം.ബി.ബി.എസ് നേടുമ്പോള്‍ വലിയ ആഘോഷമാക്കും. അങ്ങനെ സഖാവ് ഓമനക്കുട്ടനെ നാം ചരിത്രത്തില്‍ പുനരാനയിക്കും. അവര്‍ വ്യക്തിപരമായി നേടിയ വിജയത്തെ ‘കമ്യുണിസ്റ്റ് വിജയ’മായി ആഘോഷിക്കും. ‘ഒരു ഗള്‍ഫ് മലയാളി കമ്യൂണിസ്റ്റിന്റെ’ മകള്‍ എം.ബി.ബി.എസ് പ്രവേശനം നേടിയാല്‍, അത്, മുതലാളിയുടെ മകളുടെ വിജയം!

ചില ഇരട്ടത്താപ്പുകളില്‍ പാര്‍ട്ടിയും സഖാക്കളും മാധ്യങ്ങളും ഒരേ അച്ചുതണ്ടിലാണ്. അരാഷ്ട്രീയ ലൈക്കുകളില്‍ അവര്‍ ഒരേ ബിന്ദുവിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thaha Madayi criticises CPIM’s response to Omanakuttan’s daughter’s medical entrance

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more