| Tuesday, 2nd April 2019, 2:32 pm

ഇടതില്ലാത്ത ദേശം സ്വപ്‌നം കാണുന്ന ചെന്നിത്തലമാരും ഇരയാവുന്ന രാഹുല്‍ ഗാന്ധിയും

താഹ മാടായി

ഉംബെര്‍ട്ടോ എക്കോ ഫാസിസത്തെക്കുറിച്ച് എഴുതിയ”അഞ്ച് നൈതിക ഖണ്ഡങ്ങള്‍ “(Five moral pieces )എന്ന ശ്രദ്ധേയമായ ആ ചെറു പുസ്തകത്തില്‍ പറയുന്ന, ഏറ്റവും എളുപ്പത്തില്‍ മനസ്സിലാവുന്ന ഫാസിസ്റ്റു ലക്ഷണങ്ങളില്‍ ഒന്ന് ,”ബഹുസ്വരതകളോടുള്ള എതിര്‍പ്പും വിമര്‍ശനങ്ങളോടുള്ള അത്ഭുതകരമായ അസഹിഷ്ണുത”യുമാണ്. അത് സംഘ്പരിവാര്‍ “ഒരൊറ്റ ഇന്ത്യന്‍” സംസ്‌കാരത്തെക്കുറിച്ചു പറയുന്നത് പോലെയാണ്.”ഹിന്ദുക്കള്‍ സമാധാന വാദികള്‍” എന്ന് പറയുമ്പോള്‍ “ഒരൊറ്റ ഹിന്ദുത്വം “എന്ന് മോദി ഊന്നിപ്പറയാന്‍ ശ്രമിക്കുന്നു. വാസ്തവത്തില്‍ ഒരു ദളിത് ഇന്ത്യനെ ആ വാക്കുകള്‍ ഉത്തേജിപ്പിക്കാനിടയില്ല. ബഹുസ്വരമായ ഇന്ത്യയില്‍ “ഹിന്ദു” എന്ന് മാത്രം വീണ്ടും പറയുന്നതിലൂടെ ഹിന്ദുക്കള്‍ ഏക സ്വഭാവമുള്ളവരാണ് എന്ന കെട്ടുകഥ മോദി ഉല്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.

ആ കെണിയില്‍ അപരനായി മുദ്ര കുത്തപ്പെടുന്നത് അഹിന്ദുക്കളാണ്. ഹിന്ദുക്കള്‍ സമാധാന വാദികള്‍ ആവുമ്പോള്‍ “പേര്‍” പറയാതെ തന്നെ “ഭീകരമായ” ഒരു അപരത്വം വളരെ ധ്വന്യാത്മകമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ധ്വന്യാത്മകത ഒരു ഫാസിസ്റ്റു അവതരണ ശൈലിയാണ്,

ഇതേ പ്രശ്‌നം, കേരളത്തിലെ ഇടതുപക്ഷം ഇപ്പോള്‍ അഭിമുഖീകരിക്കുന്നുണ്ട്. വയനാട് രാഹുല്‍ മത്സരിക്കുന്നത് പുതിയൊരു ഭാഷണത്തിലേക്ക് കേരളത്തിലെ ഇടതുപക്ഷത്തെ എത്തിച്ചിട്ടുണ്ട്. അതായത്,”പച്ച “എന്ന നിറം സംഘപരിവാറിനെ പോലെ ഇടതു സഖ്യത്തെയും പരിഭ്രമിപ്പിക്കുന്നു.

എല്‍.ഡി .എഫ് കണ്‍വീനറുടെ വിവാദ “കുഞ്ഞാലിക്കുട്ടി / രമ്യാ ഹരിദാസ്” പ്രസംഗവും ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന ചില പരാമര്‍ശങ്ങളും “പച്ചപതാക”യുടെ പിറകില്‍ അണി നിരക്കുന്ന കോണ്‍ഗ്രസ്സിനെയും രാഹുലിനെയും പരിഹസിക്കുന്നതാണ്. വിജയരാഘവന്റെ പരാമര്‍ശങ്ങള്‍ ഒരു തരം ഇച്ഛാഭംഗത്തില്‍ നിന്ന് വരുന്നതാണ് എന്നതില്‍ സംശയമില്ല.

ബി.ജെ.പിയെ ഒരൊറ്റ മനസ്സോടെ നേരിടേണ്ട ഒരു നിര്‍ണായക ചരിത്ര സന്ദര്‍ഭത്തില്‍ രാഹുല്‍ ഇടതിനെതിരെ മത്സരിക്കുന്നത് എന്തു സന്ദേശമാണ് നല്‍കുന്നത് എന്ന പിണറായിയുടെ ചോദ്യം സത്യസന്ധവും അത്ര തന്നെ രാഷ്രീയവുമാണ്. സെക്കുലര്‍ കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്നത് ബി.ജെ.പിക്കെതിരെയല്ല. ഭാവിയില്‍ രാഹുലിനെ തുണക്കാനിടയുള്ള ഒരു സഖ്യത്തിനെതിരെയാണ്.

“വിശ്വാസ വഞ്ചന” എന്ന് ഇടതിന് രാഹുലിനോട് തോന്നുന്ന ഈ വികാരം നിഷേധ രൂപത്തിലുള്ള രാഷ്ട്രീയ പ്രതികരണങ്ങളിലേക്കു അവരെ എത്തിക്കുന്നു. പാണക്കാട്ടു തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും പച്ചപ്പതാകയേയും പുണരുന്ന രാഹുലിനെയും കോണ്‍ഗ്രസിനെയും അവര്‍ പ്രതിരോധിക്കുന്നത് “പച്ച “എന്ന അപരത്വ നിര്‍മ്മിതിയിലൂടെയാണ്. സംഘ്പരിവാര്‍ ഉത്തരേന്ത്യയില്‍ ഇതേ അപരത്വമാണ് ഉത്പാദിപ്പിക്കുന്നത്. ബി.ജെ.പിക്കെതിരെ പൊതുവായ ഒരു ഇച്ഛ രൂപപ്പെടുത്തുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടു, അത്തരമൊരു രാഷ്ട്രീയ ഇച്ഛ രൂപപ്പെടുത്തിയ ഇടതിനെ രാഹുല്‍ പിന്നില്‍ നിന്ന് കുത്തുകയും ചെയ്തു.

ഒരു ദേശീയ പാര്‍ട്ടി എന്ന നിലനില്‍പ് കൂടി മുഖ്യ വിഷയമായി നില്‍ക്കുന്ന ഇടതിന് രാഹുലിലൂടെ കേരളത്തില്‍ കോണ്‍ഗ്രസ് ഒളിച്ചു കടത്തുന്ന ഗ്രൂപ്പ് രാഷ്ട്രീയ ഉന്മാദങ്ങള്‍ക്കു വടക്ക് വലിയ വില കൊടുക്കേണ്ടി വരുമോ എന്നത് ആശങ്കയുണ്ടാക്കുന്ന ചോദ്യമാണ്. നുണകള്‍ സത്യം പോലെ അവതരിപ്പിക്കുന്ന സംഘ് രാഷ്ട്രീയം “പച്ച” എന്ന നിറം ദുഷ്ടലാക്കോടെ അവതരിപ്പിക്കും. ആ ദുഷ്ടലാക്ക് തിരിച്ചറിയാന്‍ രാഹുലിന് സാധിക്കേണ്ടതായിരുന്നു. രമേശ് ചെന്നിത്തല മാടായി പഞ്ചായത്തിലെ പുതിയവളപ്പില്‍ നടന്ന ഒരു കുടുംബ യോഗത്തില്‍ പറഞ്ഞത്, ഇന്ത്യയില്‍ ദേശീയ പാര്‍ട്ടി എന്ന പദവി ഈ തിരഞ്ഞെടുപ്പോടെ ഇടതിന് നഷ്ടമാവും എന്നാണ്. അതുകൊണ്ട്? രമേശ് ചെന്നിത്തലയും മോദിയും സംസാരിക്കുന്നത് ഒരൊറ്റ ദേശീയതയെക്കുറിച്ചാണ്! അതായത്. ഇടതില്ലാത്ത ദേശം!

ഇടതുപക്ഷം പക്ഷെ, യുക്തിഭദ്രമായ രാഷ്ട്രീയ വിവേകത്തോടെ സംസാരിക്കുന്നതു ഈ സന്ദര്‍ഭത്തില്‍ ഗുണം ചെയ്യും. രാഹുല്‍ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലെ ഒരു ഇരയാണ്. രാഹുലിന് വയനാട്ടില്‍ ഒരു സീറ്റു നല്‍കി ബി.ജെ.പിയെ ഇന്ത്യയില്‍ ബഹുഭൂരിപക്ഷത്തോടെ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം വിജയിപ്പിക്കുമോ എന്ന ആശങ്ക ചിലരെങ്കിലും കോണ്‍ഗ്രസില്‍ രഹസ്യമായി പങ്കുവെക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ഈ കേരളമാണ് എല്ലാം. പക്ഷെ, അവര്‍ അതിലൂടെ തോല്‍പ്പിക്കുന്നത് കാലുകള്‍ വീണ്ടു കീറിയ പതിതരായ മനുഷ്യരെയാണ്. ആ പതിതരായ മനുഷ്യരുടെ രാഷ്ട്രീയം ഇടതുപക്ഷം സംസാരിക്കട്ടെ. ആരാണ് രാഹുല്‍?

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more