| Friday, 10th December 2021, 12:15 pm

റിയാസിന്റെ ചങ്ങാതി മുനവ്വറലിക്ക് ഒരു തുറന്ന കത്ത്

താഹ മാടായി

ഇന്നലെ കോഴിക്കോട് ബീച്ചില്‍ നടന്ന വഖഫ് സംരക്ഷണ റാലിയില്‍ അബ്ദുറഹ്മാന്‍ കല്ലായി നടത്തിയ അതിമാരകമായ പ്രഭാഷണത്തില്‍ ആവര്‍ത്തിച്ചു വരുന്ന പ്രയോഗം കാഫിര്‍, കാഫിര്‍ എന്നാണ്. സ്വര്‍ഗത്തിലേക്ക് മാപ്പിളമാരെ കയറ്റാനുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് മുസ്‌ലിം ലീഗ് എന്നാണ് മതഭ്രാന്തിന്റെ ഭാഷയിലുള്ള ആ പ്രസംഗത്തിന്റെ സത്ത.

ഇനിയും നേരം വെളുക്കാത്ത ഒരു പ്രസ്ഥാനത്തിന്റെ പേരാണ് മുസ്‌ലിം ലീഗ്. അത്രയും മാരകമായ, പച്ചയായ വര്‍ഗീയതയാണ് ആ വേദിയില്‍ ഇന്നലെ കേട്ടത്.

കയ്യടിക്കാന്‍ മുസ്‌ലിം ലീഗിലെ അണികളെ കിട്ടുമെന്ന് കരുതി പലതും പറയുകയാണ്. അതുകൊണ്ടാണ് ജിഫ്രി തങ്ങള്‍ പറഞ്ഞത്, പള്ളിയില്‍ വെച്ച് ഈ വിഷയത്തില്‍ പ്രതിഷേധിക്കരുത് എന്ന്.

                                                                       അബ്ദുറഹ്മാന്‍ കല്ലായി

വാ തുറന്നാല്‍ ലീഗുകാര്‍ എന്തും പറയുമെന്ന് തലയില്‍ ഈമാനുള്ള എല്ലാവര്‍ക്കുമറിയാം. തുറന്നുവെച്ച ശവക്കുഴിയാണ് ചില പ്രഭാഷകരുടെ വായ.

മുഹമ്മദ് റിയാസിന്റെയും വീണയുടെയും സെക്കുലര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ അബ്ദുറഹ്മാന്‍ കല്ലായിയെ പോലെ വര്‍ഗീയത പറയുന്ന ഒരാള്‍ക്ക് ജീവിച്ചിരിക്കുമ്പോള്‍ സാധിക്കില്ല. പിന്നെയല്ലെ, മരണാനന്തരം.

                                           പി.എ. മുഹമ്മദ് റിയാസ്, ഭാര്യ വീണ

എന്തൊക്കെയാണ് ഒരു രാഷ്ട്രീയവേദിയില്‍ അയാള്‍ വിളിച്ചു പറഞ്ഞത്?

ജീവിതത്തില്‍ ഒരിക്കല്‍പ്പോലും അപരനിന്ദ പറയാത്ത പാണക്കാട് ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലിയാണ് മുഹമ്മദ് റിയാസിന്റെ ആത്മസ്‌നേഹിതന്‍. ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായിയെ തളളിപ്പറഞ്ഞ്, ആത്മസ്‌നേഹിതനോട് മാപ്പുപറഞ്ഞ് ചേര്‍ത്തു പിടിക്കേണ്ട ചങ്ങാത്തത്തിന്റെ മുനമ്പിലാണ് മുനവ്വറലി ഇപ്പോള്‍ നില്‍ക്കുന്നത്.

അങ്ങനെ ചെയ്തില്ലെങ്കില്‍ മുനവ്വറലി, താങ്കളുടെ വാപ്പയെക്കുറിച്ചുള്ള ഒരു പുസ്തകം എഡിറ്റ് ചെയ്യാന്‍ താങ്കളെ സഹായിച്ചയാള്‍ എന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു.

അപ്പോള്‍ തന്നെ മൈക്കിനു മുന്നില്‍ വന്ന് താങ്കളുടെ നേതാവിന്റെ പരാമര്‍ശം എന്തുകൊണ്ട് തിരുത്തിയില്ല? അങ്ങനെയൊരു മാപ്പ് താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രഭാഷണം സ്ത്രീ വിരുദ്ധമാണ്, മുസ്‌ലിം വിരുദ്ധമാണ്, സെക്കുലര്‍ വിരുദ്ധമാണ്.

                                                           മുനവ്വറലി ശിഹാബ് തങ്ങള്‍

മതേതര പ്രതിച്ഛായ ചമയുകയും രാഷ്ട്രീയ അഭിപ്രായവ്യത്യാസം പുലര്‍ത്തുന്നവരെ ‘കാഫിറാ’ക്കുകയും ചെയ്യുക എന്നത് മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും കലാപരിപാടിയാണ്.

മഹാനായ അബ്ദുറഹ്മാന്‍ സാഹിബിനെ പോലും കാഫിര്‍ എന്ന് വിളിച്ച പ്രസ്ഥാനമാണ്. നാടക ജീനിയസ്സ് കെ.ടി. മുഹമ്മദ്, കാഫിര്‍ പട്ടം ചൂടിയ ആളാണ്. വിശുദ്ധരെല്ലാം ലീഗിന് കാഫിറുകളാണ്.

പുതിയ മത ഹാലിളക്കമാണ് ഇന്നലെ കോഴിക്കോട് ബീച്ചില്‍ കണ്ടത്. സ്വര്‍ഗത്തില്‍ മുസ്‌ലിം ലീഗില്‍ നിന്ന് എത്ര പേരുണ്ടാകുമെന്ന് ദൈവത്തിനറിയാം!

എം.എന്‍. വിജയന്‍ നിരീക്ഷിച്ചത് പോലെ രാഷ്ട്രീയത്തില്‍ പരാജയപ്പെടുമ്പോള്‍ മതത്തില്‍ കയറി ആത്മരക്ഷ നേടുക എന്നത് കുഞ്ഞാലിക്കുട്ടിയുടെ മാത്രമല്ല, മുസ്‌ലിം ലീഗിന്റെയും രീതിയാണ്.

ആള്‍ക്കൂട്ടത്തിന് മുന്നിലെ ഹാലിളക്കം ഈ സമുദായത്തിന്റെ പേരില്‍ എഴുതിച്ചേര്‍ക്കരുത്. സ്വര്‍ഗത്തില്‍ പോകാനുള്ള അറ്റസ്റ്റ് കോപ്പി നല്‍കാന്‍ അബ്ദുറഹ്മാന്‍ കല്ലായിയെയോ മുസ്‌ലിം ലീഗുകാരെയോ ആരും ചുമതലപ്പെടുത്തിയിട്ടുമില്ല.

അബ്ദുറഹ്മാന്‍ കല്ലായിയുടെ പ്രസംഗം കേട്ടപ്പോള്‍, പള്ളിയില് പ്രതിഷേധം വേണ്ട എന്ന് പറഞ്ഞ ജിഫ്രി തങ്ങള്‍ എത്ര വലിയ ശരി എന്ന് ഒന്നു കൂടി സമുദായത്തിന് ഉറപ്പായി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Thaha Madayi article about Muslim League reaction on Waqf board issue

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more