ബഷീറിന്റെ ജീവിതത്തിലെ ഏറ്റവും ദു:ഖം നിറഞ്ഞ ഓര്‍മ ഏതാണ്? ഇങ്ങനെയൊരു ചോദ്യം ഫാബി ബഷീറിനോട് ചോദിക്കുമ്പോള്‍ നിരവധി ഉത്തരങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ,അവര്‍ പറഞ്ഞ മറുപടി അത്ഭുതകരമാം വിധം ഒരു സത്യസന്ധമായ ഒന്നായിരുന്നു.
ദേവിയുടെ ഓര്‍മ!
‘അനുരാഗത്തിന്റെ ദിനങ്ങ’ളിലെ സരസ്വതി ദേവിയുടെ ഓര്‍മകള്‍ വാര്‍ധക്യത്തിലും റ്റാറ്റയെ വിട്ടു പോയിരുന്നില്ല എന്ന് ഫാബി ബഷീര്‍ ഓര്‍ക്കുന്നു. ‘ആദ്യത്തെ കാമുകി’യെ അവസാന കാലം വരെ ബഷീര്‍ ഓര്‍ത്തിരുന്നുവെന്നും ഫാബി ബഷീര്‍ ഓര്‍ക്കുന്നു.
ഒരിക്കല്‍ ‘ഏതോ’ റെയില്‍പ്പാളത്തിനരികിലൂടെ നടന്നു പോകുമ്പോള്‍ ദേവിയുടെ വീട് ഫാബിക്ക് ബഷീര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു പക്ഷെ, ആ ‘ഏതോ ‘ സ്ഥലം ഫാബിയും പറയാതിരുന്നതാണ്. ബഷീറിന്റെ ആരാധകര്‍ പിന്നീട് അനുരാഗത്തിന്റെ ദിനങ്ങളിലെ കാമുകിയെ കണ്ടു പിടിക്കാതിരിക്കാന്‍, ആ സ്ഥലം ഓര്‍മയില്‍ നിന്നും ഗൂഗിളില്‍ നിന്നും ഒളിപ്പിച്ചു.
ദേവിയെ ബഷീര്‍ വിവാഹം ചെയ്യാതിരുന്നതിന്റെ കാരണം, ദേവിയുടെ അച്ഛനും അമ്മയും ‘ദേവിയുടെ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി’ മുഴക്കിയത് കൊണ്ടാണെന്നും ഫാബി ബഷീര്‍ പറഞ്ഞു.
ഫാബി ബഷീര്‍ പറയുന്നു:
സത്യത്തില്‍ ദേവിയെ വിവാഹം ചെയ്യാന്‍ റ്റാറ്റ ആഗ്രഹിച്ചിരുന്നു.’ രണ്ടാത്മാക്കള്‍ നമുക്ക് പിറകെ എന്നുമുണ്ടാകു’മെന്നതുകൊണ്ട് ഞാന്‍ നിന്നെ ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞാണ് ബഷീര്‍ ദേവി എന്ന കാമുകിയുമായി വിട പറയുന്നത്.’ വിഷാദ മോഹനമായ മധുര കാവ്യം’ എന്നാണ്, ദേവിയുമായുള്ള പ്രണയത്തെക്കുറിച്ച് ബഷീര്‍ ഫാബിയോടു പറഞ്ഞത്. ദേവി, ബഷീറിന്റെ കാമുകി പിന്നീട് സിംഗപ്പൂരില്‍ പോയി എന്നും ഫാബി ബഷീര്‍ പറയുന്നു.
ഈ ലേഖകന്‍ സിംഗപ്പൂരില്‍ പോയ സന്ദര്‍ഭങ്ങളില്‍ ചിലപ്പോഴെങ്കിലും ഓര്‍ത്തു പോയിട്ടുണ്ട്, മനോഹരമായ പുല്‍ത്തടികള്‍ കൊണ്ടുള്ള നടപ്പാതകള്‍ക്ക് ചുറ്റുമുള്ള ഫ്‌ലാറ്റുകളില്‍ ബഷീറിന്റെ കാമുകി ദേവിയുണ്ടാകുമോ?’ഏതോ ‘റെയില്‍ പാതകള്‍ക്കള്‍ക്കരികിലെ ‘ഇരുനില വീട്ടി’ല്‍ വിഷാദ മോഹന കാവ്യം പോലെ ജീവിച്ച ദേവി ?
സാറാമ്മയുടെയും കേശവന്‍ നായരുടെയും മതേതരമായ അനശ്വര പ്രണയത്തെക്കുറിച്ചെഴുതിയ, അവര്‍ക്കു ജനിക്കുന്ന കുട്ടിക്ക് ‘ ആകാശ മിഠായി ‘ എന്ന പേര് സ്വപ്നം കണ്ട എഴുത്തുകാരന്‍. ആകാശ മിഠായി എന്നാല്‍ മധുരമായ അപാരത എന്നല്ലാതെ മറ്റെന്താണ്?
പ്രണയത്തെ ബഷീര്‍ നഷ്ടപ്പെടുത്തിയത്, ആത്മാക്കളുടെ നിലവിളി ഭയന്നാണ്. ഉന്മാദമുണ്ടായിരുന്ന ബഷീറിന് ,അല്ലെങ്കിലും അരൂപികളെ ഭയമായിരുന്നു. മറ്റൊന്ന്, പ്രണയം കാരണം, ‘രക്ഷിതാക്കളില്‍ നിന്നു മകളെ അടിച്ചു മാറ്റാന്‍ ‘ബഷീര്‍ ‘ ആഗ്രഹിച്ചില്ല.
ജീവിതത്തില്‍ ബോധ്യമാവുന്നതെന്തും വീട്ടിലും ബോധ്യമാവണമെന്ന് സ്വന്തം വീടിന്റെ ആത്മകഥ നോവല്‍ പോലെ എഴുതിയ ബഷീറിന് തോന്നിയിരിക്കണം. മറ്റുള്ളവരെ വേദനിപ്പിച്ച് നേടുന്ന പ്രണയം, ചിലരുടെ ജീവിതത്തെ തോല്‍പിച്ച് നേടുന്ന കപ്പ് പോലെയാണ് എന്ന് ബഷീര്‍ ചിന്തിച്ചിട്ടുണ്ടാവും.
ബഷീറിന് ദേവിയെ നഷ്ടമായെങ്കിലും ആ ജീവിതത്തിലേക്ക് ഫാബി ബഷീര്‍ വന്നു. ദേവിയെ മരണം വരെ റ്റാറ്റ ഓര്‍ത്തിരുന്നു എന്ന്, കാലുഷ്യമില്ലാതെ പറഞ്ഞ ഫാബി ബഷീര്‍. ബഷീറിന്റെ ജീവിതത്തിന്റെ ഉള്ളടക്കം ഫാബിയില്‍ കാണാം. ഫാബി ബഷീറിന്റെ സ്മൃതിരേഖ ‘എടിയേ’ എഴുതിയ ആള്‍ എന്ന നിലയില്‍, ഓരോ ബഷീര്‍ ഓര്‍മ ദിനവും പ്രണയത്തിന്റെ ഓര്‍മകള്‍ കൊണ്ടാണ് നിറയുന്നത്.
പക്ഷെ, ആ കടങ്കഥ ഇപ്പോഴുമുണ്ട്. ദേവി ഇന്നും ജീവിച്ചിരിപ്പുണ്ടാവുമോ?എങ്കില്‍, ഏറെ വാര്‍ധക്യത്തോടെ…ബഷീറിനെക്കുറിച്ച് അവരുടെ ഓര്‍മകള്‍ ,എന്തായിരിക്കും?
ചില സ്മൃതിരേഖകള്‍ ദൈവം മാത്രം എഴുതുന്നതാണ്.