മുസ്‌ലിം ലീഗിന് ഇനിയെന്താ പരിപാടി?
Muslim League
മുസ്‌ലിം ലീഗിന് ഇനിയെന്താ പരിപാടി?
താഹ മാടായി
Tuesday, 8th March 2022, 4:06 pm
മുസ്‌ലിം ലീഗിലെ ഈ ആള്‍ക്കൂട്ടം മതത്തിലെ 'ആണ്‍കൂട്ട'മാണ്. ഒഴുകിപ്പരക്കുന്ന പച്ച ആണ്‍കൂട്ടം. ഇവരില്‍ ചിലരെങ്കിലും ഫാത്തിമ തെഹ്‌ലിലിയയെ, ഹരിത മുന്‍ ഭാരവാഹികളെ തെറി പറഞ്ഞവരായിരിക്കും. സ്ത്രീകള്‍ക്ക് മുസ്‌ലിം ലീഗില്‍ അമ്മായി സ്ഥാനമാണ്. അവര്‍ സംസാരിച്ച് തുടങ്ങുമ്പോള്‍ 'ഫത്‌വ'യുമായി സമസ്താധികാരികള്‍ വരും. സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റയുടനെ പെണ്‍കുട്ടികളുമായി സംസാരിക്കൂ. അവര്‍ പറഞ്ഞുതരും എങ്ങനെയാണ് ബദലുകളുണ്ടാക്കേണ്ടത് എന്ന്. പുരുഷന്‍മാരേക്കാള്‍ ഭാവനാപൂര്‍ണമായി കാലത്തെ വായിക്കുന്നത് സ്ത്രീകളാണ്.

ആയതിനാല്‍, ഇനി നമുക്ക് മുസ്‌ലിം ലീഗിനെക്കുറിച്ച് സംസാരിക്കാം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അവസാനമായി ഒരു നോക്കുകാണാന്‍ ഒഴുകി വന്ന ആ ജനപ്രവാഹമാണ് മുസ്‌ലിം ലീഗിന്റെ മൂലധനം. നിഷ്‌കളങ്കമായി സ്‌നേഹം അനുഭവപ്പെടുത്തുന്ന, ഒഴുകിപ്പരക്കുന്ന ആള്‍ക്കൂട്ടം.

വളരെ സാധാരണക്കാരായ, തങ്ങന്മാരെ കണ്ടാല്‍ ആദരവുകൊണ്ട് ‘കൈയില്‍ മുത്തം’ വെക്കുന്ന ഈ മുസ്‌ലിം ആള്‍ക്കൂട്ടത്തെയാണ് മുസ്‌ലിം ലീഗ് പല തലങ്ങളില്‍ ദീര്‍ഘകാലമായി ‘ഫിക്‌സ്ഡ് ഡിപ്പോസിറ്റായി’ കൊണ്ടുനടക്കുന്നത്. ഈ ആള്‍ക്കൂട്ടത്തിനെയാണ് മുസ്‌ലിം ലീഗ് രാഷ്ട്രീയമായി പല സന്ദര്‍ഭങ്ങളില്‍ കബളിപ്പിച്ചത്.

മുസ്‌ലിം ലീഗ് ഒരു പ്രതിഭാസമാണ്. മതത്തിന്റെ ബിംബങ്ങളുപയോഗിക്കുകയും എന്നാല്‍ മതമൗലികവാദത്തിന്റെ ഇരുണ്ടതും മാരകവുമായ ചുറ്റികപ്രയോഗം നടത്താതിരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രതിഭാസം.

സാദിഖലി ശിഹാബ് തങ്ങള്‍ പാര്‍ട്ടി പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ പ്രധാനപ്പെട്ട വെല്ലുവിളി, തങ്ങന്മാരോടുള്ള ഈ ‘ആള്‍ക്കൂട്ട ഭക്തിക്ക’പ്പുറം, മതത്തെ സര്‍വതലത്തിലേക്കും പ്രത്യാനയിച്ച് കൊണ്ടുവരുന്ന രാഷ്ട്രീയ-മത പുനരുത്ഥാന ശ്രമങ്ങളെ എങ്ങനെ നേരിടുമെന്നതാണ്. മുസ്‌ലിം ലീഗിലെ ഈ ആള്‍ക്കൂട്ടം മതത്തിലെ ‘ആണ്‍കൂട്ട’മാണ്. ഇവരില്‍ ചിലരെങ്കിലും ഫാത്തിമ തെഹ്‌ലിലിയയെ, ഹരിത മുന്‍ ഭാരവാഹികളെ തെറി പറഞ്ഞവരായിരിക്കും.

മുസ്‌ലിം ലീഗ് യഥാര്‍ഥത്തില്‍ ‘ആണ്‍കൂട്ട’മാണ്. ഒഴുകിപ്പരക്കുന്ന പച്ച ആണ്‍കൂട്ടം. ഹിന്ദുത്വ ഫാസിസത്തിന്റെ പുതിയകാല അവതാരങ്ങളെ പ്രതിരോധിക്കുമ്പോള്‍ മുന്‍നിരയില്‍ നില്‍ക്കേണ്ടത് സ്ത്രീകള്‍ കൂടിയാണ്. എന്നാല്‍, സ്ത്രീകള്‍ക്ക് മുസ്‌ലിം ലീഗില്‍ അമ്മായി സ്ഥാനമാണ്. അപ്പത്തരങ്ങള്‍ ചുട്ട് പുതിയാപ്പിളയെ സല്‍ക്കരിക്കുന്ന അമ്മായി റോള്‍.

പുരുഷന്മാരുടെ തിരപ്പുറപ്പാടില്‍ രാഷ്ട്രീയ- സാമൂഹ്യ മണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷരാവാനാണ് നിര്‍ഭാഗ്യവശാല്‍ മുസ്‌ലിം ലീഗിലെ സ്ത്രീകളുടെ വിധി. അവര്‍ സംസാരിച്ച് തുടങ്ങുമ്പോള്‍ ‘ഫത്‌വ’യുമായി സമസ്താധികാരികള്‍ വരും. സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നത് ലോകാവസാനത്തിന്റെ അടയാളമാണ് എന്ന് പ്രസംഗിച്ചു നടക്കുന്നവര്‍ അവരിലുണ്ട്.

സമ്പന്നരായ പ്രമാണിമാരാല്‍ നയിക്കപ്പെടുന്ന മുസ്‌ലിം ലീഗിലേക്ക് ഭാവിയുമായി ബന്ധപ്പെട്ട പുതിയ ക്രമങ്ങള്‍ കൊണ്ടുവരാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് സാധിക്കുമോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. മുസ്‌ലിം ലീഗില്‍ ആശയും പ്രതീക്ഷയും നഷ്ടപ്പെട്ട ഹരിത പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുമോ? സെക്യുലര്‍ പ്രഭാവങ്ങള്‍ അനുനിമിഷം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാമൂഹ്യ മണ്ഡലങ്ങളില്‍, കുറ്റവാസനകളില്‍ അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ആത്മ ശൈഥില്യം ബാധിച്ച യുവജനങ്ങള്‍ക്കിടയില്‍ മുസ്‌ലിം ലീഗിന് മുന്നില്‍ ഭാരിച്ച സാമൂഹ്യബാധ്യതകള്‍ നിറവേറ്റാനുണ്ട്.

വായനശാല പ്രസ്ഥാനങ്ങളും സാംസ്‌കാരിക കൂട്ടായ്മകളും ശക്തിപ്പെടുത്തേണ്ടതുണ്ട്. വാ തുറന്നാല്‍ വിഡ്ഢിത്തം പറയുന്നവര്‍ക്ക് മൈക്ക് നല്‍കുന്നത് അനുവദിക്കാതിരിക്കണം.

സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പുതിയ കേരള നിര്‍മിതിയില്‍, ബദല്‍ അവതരണങ്ങള്‍ യു.ഡി.എഫിന്റെ കൈയില്‍ എന്താണുള്ളത്? ചുക്കും ചുണ്ണാമ്പുമില്ല. ഹിന്ദുത്വത്തിന്റെ ഭ്രാന്തമായ മുസ്‌ലിം വിരോധത്തെ പ്രതിരോധിക്കുന്നുണ്ടോ കോണ്‍ഗ്രസ്? ഹിന്ദുത്വവുമായി ഒരു ഒത്തുകളി രാഷ്ട്രീയമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

ഈ ഒത്തുകളി രാഷ്ട്രീയത്തില്‍ നിന്ന് മറയില്ലാത്ത വിധം ഫാസിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് കോണ്‍ഗ്രസിനെ തിരിച്ചെത്തിക്കാന്‍ മുസ്‌ലിം ലീഗിന് സാധിക്കുമോ? മതേതരത്വത്തോട് അചഞ്ചലമായ കൂറ് പുലര്‍ത്തുന്ന, സഹഭാവപൂര്‍ണമായ സമീപനങ്ങളെടുക്കുന്ന മുന്നണി സംവിധാനമാക്കി യു.ഡി.എഫിനെ മാറ്റാന്‍ മുസ്‌ലിം ലീഗിന് സാധിക്കുമോ?

ഇതെല്ലാം സാദിഖലി തങ്ങളുടെ മുന്നിലുള്ള ചോദ്യങ്ങളാണ്. കോണ്‍ഗ്രസിനെ വിശ്വസിക്കുന്നതിനേക്കാള്‍ ബുദ്ധിമോശമുള്ള ഒരു സംഗതി ഈ ദുനിയാവില്‍ വേറെയില്ല. സാധാരണ മനുഷ്യരെ കബളിപ്പിക്കുന്ന ഒരു പക്ഷമാണത്. അവരുടെ മുഖത്തുനോക്കി രാഷ്ട്രീയം പറയാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് സാധിക്കുമെങ്കില്‍, അത് കേരളത്തിലെങ്കിലും കോണ്‍ഗ്രസിനെ മാറ്റിത്തീര്‍ക്കും.

പുതിയൊരു സാമ്പത്തികക്രമം മുന്നില്‍വെച്ച്, മുതലാളിമാര്‍ക്ക് കൂടി ഏറെ സഹായകമാവുന്ന സമഗ്രമായ അഴിച്ചുപണികളാണ് കേരളത്തില്‍ വരാന്‍ പോകുന്നത്. തൊഴിലാളിവര്‍ഗം എന്നത് ഇപ്പോള്‍ സി.പി.ഐ.എമ്മിന് ചുവരുകളിലെ ചിത്രത്തില്‍ മാത്രമാണ്. ലക്ഷണയുക്തമായ തൊഴിലാളിവര്‍ഗ പാര്‍ട്ടി എന്ന മിഥ്യ ഇടതുപക്ഷം തന്നെ പാമ്പ് അതിന്റെ ഉറ ഊരിക്കളയുന്നത് പോലെ ഊരിക്കളയുകയാണ്. വികസനത്തിന്റെ പുതിയ കീര്‍ത്തനാലാപങ്ങള്‍ കേള്‍ക്കാം.

പുതിയ കാലം കള്ളച്ചരിത്രങ്ങള്‍ കൂടി പ്രചരിപ്പിക്കപ്പെടുന്ന കാലമാണ്. മതങ്ങള്‍, ആശയതലങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ഇവയ്ക്കിടയില്‍, ജനങ്ങളുടെയും പാര്‍ട്ടികളുടെയും സ്വഭാവത്തിലും നടത്തിപ്പിലും വന്നിട്ടുള്ള പുതിയ ശ്രമങ്ങളിലും ക്രമങ്ങളിലും മുസ്‌ലിം ലീഗിന് എന്തു ചെയ്യാന്‍ സാധിക്കുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.

കള്ളങ്ങളിലും സത്യങ്ങളിലും അഭിരമിക്കുന്ന കാഴ്ചയുടെ പുതിയ സമകാലീനതയെ മനസ്സിലാക്കുക എന്നത് പ്രധാനമാണ്. അതിന് ഫ്യൂഡല്‍ ഗൃഹാതുരത്വം കൊണ്ടുമാത്രം പ്രയോജനമില്ല.

സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റയുടനെ പെണ്‍കുട്ടികളുമായി സംസാരിക്കൂ. അവര്‍ പറഞ്ഞുതരും എങ്ങനെയാണ് ബദലുകളുണ്ടാക്കേണ്ടത് എന്ന്. പുരുഷന്‍മാരേക്കാള്‍ ഭാവനാപൂര്‍ണമായി കാലത്തെ വായിക്കുന്നത് സ്ത്രീകളാണ്.

Content Highlight: Thaha Madayi about the future of Muslim League with Syed Sadiqali Shihab Thangal as its head

താഹ മാടായി
എഴുത്തുകാരന്‍