കണ്ണൂരിലെ മുസ്‌ലിം സ്ത്രീകള്‍ ആമീന്‍ പറയാത്ത ഒരു ദുആ
DISCOURSE
കണ്ണൂരിലെ മുസ്‌ലിം സ്ത്രീകള്‍ ആമീന്‍ പറയാത്ത ഒരു ദുആ
താഹ മാടായി
Sunday, 24th April 2022, 2:56 pm
ഭര്‍തൃവീട്ടില്‍ ജീവിക്കാന്‍ തൗഫീക്ക്/ അനുഗ്രഹം നല്‍കണേ എന്ന ദുആക്ക് കണ്ണൂര്‍ ജില്ലയിലെ പെണ്ണുങ്ങള്‍ ആമീന്‍ പറയാന്‍ സാധ്യതയില്ല. കാരണം, വിവാഹിതരായ സ്ത്രീകള്‍ ഉമ്മ/ വാപ്പമാരോടൊപ്പമാണ് താമസം. വധൂഗൃഹത്തില്‍ പുതിയാപ്പിളക്ക് സ്വര്‍ഗീയമായ ഒരു മണിയറയുണ്ടാവും. മിക്കവാറും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ലക്ഷ്വറി സ്യൂട്ട് പോലെയാണ് ഇപ്പോഴത്തെ മണിയറകള്‍.

കണ്ണൂരിലെ മുസ്‌ലിം സ്ത്രീകള്‍ ആമീന്‍ പറയാത്ത ഒരു ദുആ ഉണ്ട്. ഭര്‍തൃവീട്ടില്‍ ജീവിക്കാന്‍ തൗഫീക്ക്/ അനുഗ്രഹം നല്‍കണേ എന്ന ദുആക്ക് കണ്ണൂര്‍ ജില്ലയിലെ പെണ്ണുങ്ങള്‍ ആമീന്‍ പറയാന്‍ സാധ്യതയില്ല. കാരണം, വിവാഹിതരായ സ്ത്രീകള്‍ ഉമ്മ/ വാപ്പമാരോടൊപ്പമാണ് താമസം. വധൂഗൃഹത്തില്‍ പുതിയാപ്പിളക്ക് സ്വര്‍ഗീയമായ ഒരു മണിയറയുണ്ടാവും. മിക്കവാറും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ലക്ഷ്വറി സ്യൂട്ട് പോലെയാണ് ഇപ്പോഴത്തെ മണിയറകള്‍.

ഞങ്ങളുടെ നാട്ടില്‍ നിന്ന് കണ്ണൂരേക്കോ മാട്ടൂലിലേക്കോ പോകുന്ന ലാസ്റ്റ് ബസ്സിനെ പണ്ടൊക്കെ ‘പുതിയാപ്പിള ബസ്’ എന്നാണ് വിളിച്ചിരുന്നത്. പുതിയാപ്പിളമാര്‍ ഇണകളുടെ അരികിലേക്ക് പോകുന്ന ആ ബസ്സില്‍, പലതരം ഗന്ധങ്ങളുള്ള അറേബ്യന്‍ അത്തറു കുപ്പികള്‍ ഒന്നിച്ചുതുറന്നാല്‍ വരുന്ന മായികമായ ഗന്ധമാണ്. അങ്ങനെ പോകുന്ന ഞങ്ങളുടെ നാട്ടിലെ അത്തരമൊരു ബസ്സിലെ ഡ്രൈവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത് ‘അത്തറോട്ടക്കാരന്‍’ എന്നാണ്. വീട്ടിലെത്തുമ്പോള്‍ മുസ്‌ലിമല്ലാത്ത ആ മനുഷ്യന്റെ കുപ്പായം അത്തര്‍ മണം കൊണ്ട് പുളകിതമായി.

മാഹി പാലം മുതല്‍ തൃക്കരിപ്പൂര്‍ ഗെയ്റ്റ് വരെയുള്ള മുസ്‌ലിം വീടുകള്‍ പുതിയാപ്പിളമാരുടെ മണിയറ ആവാസ കേന്ദ്രങ്ങളാണ്. ‘ഭാര്യവീട്ടില്‍ ഭര്‍ത്താവ് താമസിക്കുന്നത് അശ്ലീലമാണ്’ എന്ന് വിവാഹ സമയത്ത് എന്നെ സ്വകാര്യമായി ചിലര്‍ പരിഹസിച്ചിട്ടുണ്ടെങ്കിലും, ഞങ്ങള്‍, കണ്ണൂര്‍ പുതിയാപ്പിളമാര്‍ അതില്‍ അതീവമായ ആനന്ദം കണ്ടെത്തുന്നവരാണ്.

ഒന്ന്, മണിയറ. അത്രയും സ്വകാര്യമായ ഒരിടം ഭൂമിയില്‍ മറ്റെവിടെയുമില്ല. രണ്ട്, വാര്‍ധക്യം ബാധിച്ച് അത്തും പിത്തുമായി നടക്കുമ്പോഴും, ‘പുതിയാപ്പിള’ എന്നല്ലാതെ വിളിക്കില്ല. ഒരിക്കലും വയസ്സാവാത്ത പുതുക്കമുണ്ട് ആ വിളിക്ക്.

എന്നാല്‍ സ്ത്രീകളോ? ഒറ്റ ദിവസം, കൂടി വന്നാല്‍ രണ്ടു ദിവസം മാത്രമാണ് പുതുനാരി. നിക്കാഹ് കഴിഞ്ഞ് കയ്യിലെ മൈലാഞ്ചിച്ചോപ്പ് മായുമ്പോള്‍ അവള്‍ ‘ബീടരാ’യി. വീട്ടില്‍ ഉള്ള ഓറാണ് വീടര്.

പുതിയാപ്പിള വരുമ്പോള്‍ ബീടര് ഭക്ഷണം വെച്ചുവിളമ്പി കാത്തിരിക്കണം. നമ്മള്‍, പുതിയാപ്പിളമാര്‍ അടുക്കളയില്‍ ഭാര്യയെ സഹായിക്കുന്നത് പോലും ഹറാമാണ്. ആത്മവിമര്‍ശനത്തോടെ പറയട്ടെ, ഇന്നേവരെ സ്വന്തം ബെഡ്ഷീറ്റ് അലക്കിയിട്ടില്ലാത്ത ജന്തുവാണ് ഞാന്‍. ബീടരുടെ ഡ്യൂട്ടിയാണത്. ഇങ്ങനെ ഓരോ സ്ത്രീയും പുതിയാപ്പിളമാരെ ആജീവനാന്തം പുതുക്കത്തോടെ നിലനിര്‍ത്തുന്നു.

ഇതിന്റെ മറുവാദം, ഞങ്ങള്‍ ജോലി ചെയ്യുന്നില്ലെ, ഞങ്ങള്‍ വിയര്‍ത്തുണ്ടാക്കുന്നതല്ലേ അവള്‍ ബിരിയാണിയായി വെച്ചുതരുന്നത് എന്നൊക്കെയാണ്. എന്നാല്‍, ‘ജോലി’ ചെയ്യുന്ന സ്ത്രീകളും ഈ സമ്പ്രദായത്തെ മുറിച്ചുകടക്കുന്നില്ല. വീട്ടുജോലി എന്നത് ഒരു ജോലിയായി പുരുഷന്‍ കാണാറുമില്ല. ഇതൊക്കെ എത്രയോ ചര്‍ച്ച ചെയ്ത വിഷയങ്ങളാണ്.

കണ്ണൂര്‍ ജില്ലയിലാണെങ്കില്‍ നമസ്‌കാരത്തില്‍ കൈ നെഞ്ചില്‍ കെട്ടണോ, പൊക്കിളിന് മുകളില്‍ കെട്ടണോ, ഭാര്യയെ തൊട്ടാല്‍ വുളു മുറിയുമോ, ഇല്ലയോ, സക്കാത്ത് വ്യക്തിപരമായി നല്‍കുന്നതാണോ സംഘടിതമായി നല്‍കുന്നതാണോ നല്ലത്- ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങളില്‍ പരസ്പരം വിയോജിപ്പുകളും നിലപാടുകളുമുള്ള മത സംഘടനകള്‍ക്ക് ‘മണിയറ’ വിഷയത്തില്‍ ഒറ്റ നിലപാടാണ്.

പുതിയാപ്പിളമാര്‍ ഭാര്യവീട്ടില്‍ താമസിക്കുന്ന ഏര്‍പ്പാടിനെതിരെ പ്രസംഗിച്ചാല്‍, അടുത്ത പ്രസംഗത്തിന് ഉസ്താദ് കണ്ണൂര്‍ ജില്ലക്ക് പുറത്ത് സ്റ്റേജ് കെട്ടേണ്ടി വരും. പഴയ പുതിയാപ്പിളമാര്‍ കെട്ടിപ്പൊക്കിയതാണ് ഈ കാണുന്ന സൗധങ്ങളൊക്കെ. സുന്നിയായാലും സലഫിയായാലും തബ്‌ലീഗ് ആയാലും ജമാഅത്തെ ഇസ്‌ലാമിയായാലും ഈ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമില്ല.

‘മങ്ങലം കഴിഞ്ഞാല്‍ ചെക്കന്‍ പെണ്ണിന്റെ പൊരയില്‍ നില്‍ക്കുന്നത് ഒരു കൊറച്ചിലല്ലേ’ എന്ന് ആര്‍ക്കും ഇന്നേവരെ തോന്നിയിട്ടില്ല. ‘കണ്ണൂര്‍കാര്‍ക്ക് അതാണ് ഖൈറ് (ഉത്തമം)’ എന്ന് പറഞ്ഞ്, വിഷയത്തെ സാന്ദ്രമാക്കിയവരുമുണ്ട്.

ചിറക്കല്‍/ അറക്കല്‍ ബാന്ധവത്തില്‍ നിന്ന് രൂപപ്പെട്ട നായര്‍ സമുദായ താവഴികളാണ് കണ്ണൂരിലെ മാപ്പിളമാര്‍ എന്ന് പറയാറുണ്ട്. വില്യം ലോഗന്റെ അഭിപ്രായത്തില്‍ അറക്കല്‍ സ്വരൂപത്തിലെ ആദ്യത്തെ നാടുവാഴി അരയാന്‍കുളങ്ങര നായരാണ്. ഇദ്ദേഹം ഇസ്‌ലാം മതം സ്വീകരിക്കുകയും മുഹമ്മദാലി എന്ന പേരിലറിയപ്പെടുയും ചെയ്തു, എന്നാണ് ലോഗന്‍ അഭിപ്രായപ്പെടുന്നത്.

അതുകൊണ്ട് നായര്‍ കുടുംബഘടനയുടെ പിന്‍പറ്റലാണ് ഇവിടെയുള്ള മുസ്‌ലിം കുടുംബഘടനാ തുടര്‍ച്ചകളില്‍ പലതും. എന്റെ വംശ പരമ്പരയിലെ ഏറ്റവും പഴയ ഉമ്മാമയുടെ പേര്, ചികഞ്ഞുചികഞ്ഞു പോയാല്‍ ഏതെങ്കിലും നായര്‍ വാലില്‍ തൊടും. സ്ത്രീകള്‍ക്ക് നായര്‍ സമുദായ/ കുടുംബ ഘടനയിലുണ്ടായ മേല്‍ക്കൈ കണ്ണൂരിലെ മുസ്‌ലിം സ്ത്രീകളില്‍ കാണാം.

ഭാര്യയുടെ വീട്ടിലേക്ക് പഞ്ചമടക്കി പോകുന്ന ഭര്‍ത്താവ് സ്ത്രീ ശാക്തീകരണത്തിന്റെ സൂചനയാണ് എന്ന്/ വേണമെങ്കില്‍/ പിടിച്ചുനില്‍ക്കാന്‍ ഒരു വാദമായി അവതരിപ്പിക്കാം. എന്നാല്‍ മറ്റൊന്ന്, തീറ്റപ്രിയനായ ഒരു മലബാര്‍ മാപ്പിള പുരുഷന്റെ അഭയകേന്ദ്രം കൂടിയാണ് ഭാര്യവീട്. ‘അപ്പത്തരങ്ങളെമ്പാടു’മുള്ള വീട്, ഭാര്യവീടാണ്. അമ്മായി/ ഭാര്യയുടെ ഉമ്മ സല്‍ക്കരിക്കുന്നത് പോലെ ഒരുമ്മയും സ്വന്തം മകനെ ഇങ്ങനെ സല്‍ക്കരിക്കില്ല. കയറി വരുന്ന പുതിയാപ്പിളയെ സല്‍ക്കരിച്ചു സല്‍ക്കരിച്ച് തളര്‍ന്ന്, ഊരകുത്തി വീഴുന്നവരാണ് കണ്ണൂരിലെ അമ്മായിമാര്‍.

വാഷ്‌ബേസിനില്‍ കുനിഞ്ഞു നിന്ന് നിരന്തരമായി പാത്രം കഴുകി ഊര വേദനിക്കുന്നതും കാലില്‍ നീരുവന്ന് വീര്‍ക്കുന്നതുമാണ് കണ്ണൂര്‍ ജില്ലയില്‍ മധ്യവയസ്സ് കഴിഞ്ഞ മുസ്‌ലിം സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന വര്ത്തം. ലുക്മാന്‍ തൈലം പുരട്ടിയാണ് പലരും ഈ വേദന ശമിപ്പിക്കുന്നത്. എന്നിട്ടും സ്ത്രീകള്‍ സ്വന്തം വീട്ടില്‍ ഭര്‍ത്താവ് വരുന്നത് അഭിമാനചിഹ്നമായി തന്നെ കാണുന്നു.

വൈകാരികമായി ‘പെറ്റുമ്മ’യുടെ സുരക്ഷാ വലയത്തിലാണ് തങ്ങളെന്ന ഒരു തോന്നല്‍/ ഉറപ്പ് ആയിരിക്കാം അതിനു കാരണം. ഉമ്മയോട്, കംഗാരുവിന്റെ കുട്ടികളെ പോലെ, ഒട്ടിച്ചേര്‍ന്നു കിടക്കുന്നവരാണ് കണ്ണൂരിലെ മുസ്‌ലിം സ്ത്രീകള്‍. സ്വന്തം ഉമ്മയുള്ള വീട്ടില്‍ അവര്‍ കുറേക്കൂടി ഫ്രീഡം അനുഭവിക്കുന്നു. ഉമ്മയില്‍ നിന്ന് വിട്ട് വേറൊരു വീട്ടില്‍ പാര്‍ക്കുമ്പോള്‍ പുരുഷന്മാരും ഫ്രീഡം അനുഭവിക്കുന്നു. രുചിയുടെ ഫ്രീഡം. അപ്പത്തരങ്ങള്‍ എമ്പാടുമുള്ള, എല്ലാ വെള്ളിയാഴ്ചയും ബീഫ് ബിരിയാണി കിട്ടുന്ന വീട്.

ഒരു കാലത്ത് ഏറ്റവും കൂടുതലായി ടോര്‍ച്ചുകള്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ നിന്ന് ഇറക്കുമതി ചെയ്തത് കണ്ണൂരിലെ പുതിയാപ്പിളമാരാണ്. രാത്രിയില്‍ ഭാര്യ വീട്ടിലേക്ക് പോകാനാണ് ഈ ടോര്‍ച്ച്. രാവിലെ കത്തലടക്കി മടങ്ങുമ്പോള്‍ ഒരു ടവ്വലില്‍ പൊതിഞ്ഞ് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വൈകുന്നേരം വരെ പ്ലഗില്‍ കുത്തിവെച്ച് ചാര്‍ജ് കയറ്റും. അതിനെക്കുറിച്ചും പുതിയാപ്പിള വിരുദ്ധര്‍ തമാശകള്‍ പറയാറുണ്ട്. മൊബൈലില്‍ തന്നെ വെളിച്ചം വന്നതോടെ, മറ്റൊരു വെളിച്ചവും കയ്യില്‍ വേണ്ടാതായി. ശബ്ദവും വെളിച്ചവും കാഴ്ചയും മൊബൈല്‍.

കണ്ണൂരിലെ മുസ്‌ലിം സ്ത്രീകള്‍ ആമീന്‍ പറയാത്ത ഒരു ദുആ, ആ അര്‍ഥത്തില്‍, ആദ്യം സൂചിപ്പിച്ചതാണ്.

കണ്ണൂരിലെ കല്യാണങ്ങള്‍ കണ്ടുകണ്ട് ഓരോ പെണ്‍കുട്ടിയും അവരുടേതായ ബെഡ് റൂം സ്വപ്നം കാണുന്നു. വളരെ നിഷ്‌കളങ്കമാണ് ആ സ്വപ്നങ്ങള്‍.

ഭാവിയിലും കണ്ണൂരിലെ പെണ്‍കുട്ടികള്‍ ഉമ്മമാരുടെ സുരക്ഷാവലയം ഭേദിക്കില്ല.

Content Highlight: Thaha Madayi about Muslims in Kannur

താഹ മാടായി
എഴുത്തുകാരന്‍