| Saturday, 14th May 2022, 9:56 am

മുസ്‌ലിം ആണ്‍കുട്ടികള്‍ പുര നിറഞ്ഞ് നില്‍ക്കാന്‍ കാരണം മതമാണ്

താഹ മാടായി

വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.

ഞങ്ങളുടെ നാട്ടില്‍ ഒരു ദഫ്മുട്ട്/ കോല്‍ക്കളി സംഘമുണ്ടായിരുന്നു. മാടായി നീരൊഴുക്കും ചാലിലെ വളരെ എളിമ നിറഞ്ഞ ഒരു മുസ്‌ലിം പള്ളിക്ക് സമീപത്തായിരുന്നു ആ കോല്‍ക്കളി സംഘം. അന്ന് പള്ളിയില്‍ വലിയ പാനീസു വിളക്കായിരുന്നു.

വിളക്കിന്റെ കണ്ണാടിക്കൂട് ഒരു ചെറിയ കോട്ടണ്‍ കൊണ്ട് തുടച്ചുതുടച്ച്, പുകക്കറയെല്ലാം മാറ്റി, മിനുസമുള്ള കണ്ണാടിക്കൂടാക്കും, മുക്രി. വെളിച്ചത്തെക്കുറിച്ചുള്ള ഖുര്‍ആന്‍ ഉപമ ഓര്‍മിപ്പിക്കും, ആ മുക്രി.

ആ മുക്രി/ പള്ളിയിലെ പരികര്‍മ്മി, പകല്‍ കുട നന്നാക്കുന്ന ജോലിയും ചെയ്തിരുന്നു. ഇപ്പോള്‍ അത് വളരെ ഗംഭീരമായ ഒരു ഓര്‍മയാണ്. എം. മുകുന്ദന്റെ നോവല്‍ ‘കുട നന്നാക്കുന്ന ചോയ്’ വായിച്ചപ്പോള്‍ ഈ മുക്രിയെയാണ് ഓര്‍മ വന്നത്. എന്താ ജോലി എന്ന് അദ്ദേഹത്തോട് ആര് ചോദിച്ചാലും ‘കുട നന്നാക്കുന്ന പണി’ എന്നാണ് പറഞ്ഞത്.

എന്നാല്‍, അദ്ദേഹം ആ പള്ളിയില്‍ അഞ്ച് നേരം ബാങ്ക് വിളിച്ചു, ഇമാമായി മുന്നില്‍ നിന്നു. മുക്രി ഞങ്ങളുടെ അയല്‍ക്കാരനായത് കൊണ്ട്, കുട്ടിയായ ഞാന്‍, അദ്ദേഹത്തോടൊപ്പം പള്ളിയില്‍ പോകും. രണ്ട് ക്രൈസ്തവ സെമിത്തേരിയും കുറേ വന്യമായ കാട്ടുപടര്‍പ്പുകള്‍ പടര്‍ന്നുകയറിയ പറമ്പുകളും കൈത്തോടുകളും കടന്നുവേണം ആ പള്ളിയിലെത്താന്‍. ആ പള്ളി സന്ദര്‍ശനങ്ങള്‍ നല്‍കിയ രാവോര്‍മകളാണ് ‘ആയിരത്തൊന്നു മലബാര്‍ രാവുകള്‍’ എന്ന നോവലിന്റെ ഇതിവൃത്തം.

‘നായ്ക്കളുടെ കൊര കേട്ടാ തിരിഞ്ഞ് നോക്കരുത്’, മുക്രി പറയും; ‘ശൈത്താന്‍മാരാകാം’

ശരിക്കും അത് സംഭവിച്ച രാത്രികളാണ്. തിരിഞ്ഞു നോക്കാതെ നടന്ന രാവുകള്‍! മതം എന്നു പറഞ്ഞാല്‍ തിരിഞ്ഞുനോക്കാതെ മനുഷ്യര്‍ നടക്കുന്ന രാവുകളുടെ പേരാണ്, എന്ന് പിന്നീട് എഴുതാന്‍ തോന്നിയിട്ടുണ്ട്. തിരിഞ്ഞു നോക്കുമ്പോള്‍ കൂടുതല്‍ ഇരുട്ടും കുറച്ചു മാത്രമേ വെളിച്ചവുമുണ്ടായിരുന്നുള്ളൂ, എന്ന് മനസ്സിലാകും. തിരിഞ്ഞു നോക്കിയാല്‍ ഇരുട്ട് മാത്രമല്ല, വെളിച്ചവും കാണാം. വെളിച്ചത്തിന്റെ ഉപമകള്‍ വായിക്കാം.

എങ്കിലും ആ മുക്രി പരമസാധുവായിരുന്നു. അദ്ദേഹം, ഇരട്ടത്താപ്പില്ലാതെ, ഒരു ആത്മീയജീവിതം നയിച്ചു. കുട നന്നാക്കുന്ന ജോലി ചെയ്തു. അതോടൊപ്പം പള്ളി ഇമാമായി നിന്നു. ഒരു ദിവസം അദ്ദേഹം ചിമ്മിനിക്കൂട് കോട്ടണ്‍ തുണി കൊണ്ട് തുടച്ച് വൃത്തിയാക്കുമ്പോള്‍ പറഞ്ഞു, ‘ഖല്‍ബിലെ കറ ഇതുപോലെ കളയണം. തൊടച്ച്‌തൊടച്ച് ഈമാന്‍ തിളങ്ങി വരണം. അതാ നൂറ്’.

നൂര്‍ജഹാന്‍ എന്നൊരു കൂട്ടുകാരി ആ കാലത്ത് മദ്രസയിലുണ്ടായിരുന്നു. മുക്രി പറഞ്ഞ ‘നൂറ്’ അവളാണ് എന്ന് തോന്നി. തിളങ്ങുന്ന വെളിച്ചം.

ഒരു ദിവസം നൂര്‍ജഹാന്‍ ഞങ്ങള്‍ കൂട്ടുകാരോട് വല്ലാത്തൊരു ആഗ്രഹം പറഞ്ഞു, ‘കോല്‍ക്കളി കളിക്കാന്‍ ആഗ്രഹം. എന്താ, ഇങ്ങക്ക് മാത്രേ കോല്‍ക്കളിം ദഫും കളിച്ചൂടൂ,’

അന്ന് കുരുത്തംകെട്ട മറുപടി കൊണ്ട് ഒരു മുതിര്‍ന്ന മുസ്‌ലിം യുവാവ് അവളുടെ വായടിപ്പിച്ചു, ‘മങ്ങലം കയിഞ്ഞാ കോല്‍ക്കളി കളിക്കുന്ന രസം നീയറിയും’. ‘അസത്ത് ചെക്കന്‍’, അവള്‍ അവന്‍ കേള്‍ക്കേ തന്നെ പറഞ്ഞു.

മാടായിയില്‍ അന്ന് പെണ്‍കുട്ടികളുടെ ഒപ്പന സംഘമുണ്ടായിരുന്നു. അല്‍പം മുടന്തുള്ള ഹാജിക്കയാണ് ആ ഒപ്പന സംഘത്തിന്റെ ‘മുതലാളി’. അറേബ്യന്‍ ഒപ്പനയൊന്നും പ്രചാരമില്ലാത്ത കാലത്താണ് ആ സര്‍ഗാത്മക വിപ്ലവം. ‘ഹാജിക്കയുടെ പാട്ടുകാര്‍’ എന്നാണ് അവര്‍ അറിയപ്പെട്ടത്. മങ്ങല വീടുകളില്‍ അവര്‍ ലങ്കിമറിയുന്ന ഒപ്പന വസ്ത്രമിട്ട്, അഴകേറും പാട്ടുകള്‍ കൊണ്ട് ഒപ്പനച്ചുവടുകള്‍ വെച്ചു. ഓ, എന്തു രസമുള്ള പാട്ടുകള്‍, ചുവടുകള്‍, നൂര്‍!നൂര്‍!

ആ കാലത്ത് നൂര്‍ജഹാന്‍ ഒരു കല്യാണ വീട്ടില്‍ വെച്ചു കണ്ടപ്പോള്‍ പറഞ്ഞു, ആണുങ്ങളുടെ കോല്‍ക്കളി കാണാന്‍ ഒരു രസോമില്ല. ഞങ്ങള് പെണ്‍കുട്ടികള്‌ടെ ഒപ്പന കണ്ടില്ലേ, എന്താ രസം. കാണാനും രസം കേള്‍ക്കാനും രസം.’

അന്ന് ‘സമസ്ത’ (മുസ്‌ലിങ്ങളുടെ ആധികാരിക മതസംഘടന എന്ന് സിഗരറ്റ് കൂടിന്റെ പുറത്തെ പരസ്യം പോലെ ആവര്‍ത്തിക്കും) ഒപ്പന ഹറാം എന്ന് പരസ്യമായി പറഞ്ഞിരുന്നില്ല. പറഞ്ഞിട്ടും പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. കാണുന്ന സിനിമകളിലെല്ലാം മാപ്പിളപ്പാട്ടാണ്. മലയാളികളുടെ ഓര്‍മകളുടെ ലോക്കറില്‍ നിത്യസൂക്ഷിപ്പാണ് ‘ഒരു കൊട്ട പൊന്നുണ്ടല്ലൊ, മിന്നുണ്ടല്ലൊ…’ എന്ന പാട്ട്.

ഒരു കള്ളനും കവര്‍ന്നെടുക്കാത്ത പൊന്ന്. പാട്ടില്‍ പല കാലങ്ങള്‍ മാറിമറഞ്ഞു. മുസ്‌ലിം പെണ്‍കുട്ടികള്‍ ഒരു കൊട്ട പൊന്നില്‍ നിന്ന് പുറത്തുകടന്നു. ലോകത്തിന്റെ ഒരോ പടവുകളും ചവിട്ടിക്കയറി. ഒരു കൊട്ട പൊന്നു തരാം, എന്ന് പറഞ്ഞാലൊന്നും ഇന്ന് പെണ്‍കുട്ടികള്‍ വീഴില്ല. വിവരം വേണം, വിവരം. ശര്‍ത്തും ഫര്‍ളും പറഞ്ഞ് കേറി ഭരിക്കാന്‍ വരരുത്. മതമോ?, പുതിയ പെണ്‍കുട്ടികള്‍ കേട്ടാല്‍ ചിരിച്ചു മറിയുന്ന വിധം പുരാതന ചിന്തകളുടെ ഒരു മ്യൂസിയം പീസായി മാറാന്‍ തുടങ്ങി.

പറഞ്ഞുപറഞ്ഞ് മുസ്‌ലിം ആണ്‍കുട്ടികള്‍ പെണ്ണു കിട്ടാതെ ‘പുര നിറഞ്ഞ് നില്‍ക്കാന്‍’ പ്രധാന കാരണം മതമാണ്. മുസ്‌ലിം ആണ്‍കുട്ടികള്‍ മതം പറഞ്ഞതു കേള്‍ക്കും, ‘ആണുങ്ങളുടെ സ്റ്റേജ് ഷോ’ ആണ് മതം. അതിലങ്ങ് കൂപ്പുകുത്തി വീഴും. പണ്ഡിതന്മാര്‍ കാലോചിതമല്ലാതെ പറയുന്ന കാര്യങ്ങള്‍ക്കെല്ലാം ലൈക്കടിക്കും, സ്ത്രീകളെ താറടിക്കും.

സ്ത്രീകളോ, അതുകേട്ട് ചിരിച്ചുവീഴും. ആത്മവിശ്വാസത്തോടെ എല്ലാ സ്റ്റേജിലും കയറും, പ്രസംഗിക്കും, സമരം ചെയ്യും. ഇപ്പോള്‍ തന്നെ മുസ്‌ലിം പുരുഷന്മാര്‍ എന്തെങ്കിലും ചാനല്‍ ചര്‍ച്ചയില്‍ പോയിന്റ് കിട്ടാതെ ബ….ബ…ബ പറയുമ്പോള്‍, ആത്മവിശ്വാസത്തോടെ നിയമവും ഭരണഘടനയും തുല്യനീതിയും പറഞ്ഞ് ആങ്കര്‍മാര്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ വാക്കും ഉറപ്പുമായി വരുന്നത് പെണ്‍കുട്ടികളാണ്.

സമസ്ത നേതാവ് അബ്ദുല്ല മുസലിയാര്‍

സമസ്തയുടെ തീരുമാനം അറിഞ്ഞില്ലെ… പത്ത് വയസ്സ് കഴിഞ്ഞ പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറരുത്… എന്ത് സമസ്ത!

വേള്‍ഡ് എക്‌സ്‌പോയുടെ കാലത്താണ് എക്‌സ്‌പെയറായ ചിന്തകളുമായി പണ്ഡിതന്മാര്‍ വരുന്നത്.

പ്രശ്‌നമാക്കണ്ട. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് അല്ലെങ്കിലും ഈ സമുദായത്തോടും കാക്കമാരോടും ഭയങ്കര സഹാനുഭൂതിയാണ്. അവര്‍ക്ക് പൊങ്കാലയിട്ടാലും, സമുദായം നിരത്തില്‍ മഹ്ഷറയിലെന്ന പോലെ വിയര്‍ത്ത് നില്‍ക്കുമ്പോള്‍ അവര്‍ പ്രതിരോധിക്കാന്‍ വരും. നൂര്‍, നൂര്‍- വെളിച്ചം.

നൂര്‍ജഹാന്‍!

Content Highlight: Thaha Madayi about men and women among the Muslim community in the backdrop of EK Samastha leader Abdullah Musliar publicly insulted a 10th class girl

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more