| Friday, 5th August 2022, 10:21 pm

ഇംഗ്ലീഷ് മറിയുമ്മ ഒറ്റയ്‌ക്കൊരു സാക്ഷരതാ യജ്ഞമായിരുന്നു.

താഹ മാടായി

മാളിയേക്കല്‍ മറിയുമ്മയുടെ വീട്ടിലേക്ക് ഒടുവില്‍ പോകുമ്പോള്‍ ഒപ്പം കമല്‍റാം സജീവുമുണ്ടായിരുന്നു. നാലു വര്‍ഷം മുമ്പായിരുന്നു, ആ യാത്ര. കമല്‍റാം സജീവ് എഴുതിക്കൊണ്ടിരിക്കുന്ന തലശ്ശേരി പൈതൃകത്തെക്കുറിച്ചുള്ള പുസ്തകത്തിന് വേണ്ടിയായിരുന്നു ആ സന്ദര്‍ശനം. അതിനു മുമ്പേ മാളിയേക്കല്‍ മറിയുമ്മയെ കണ്ടത്, എരഞ്ഞോളി മൂസക്കയോടൊപ്പമായിരുന്നു.

എന്തുകൊണ്ടാണ് പാട്ടുകാരനും എഡിറ്ററും മാളിയേക്കല്‍ മറിയുമ്മയെ സന്ദര്‍ശിച്ചത്? പാട്ടിലേക്കുള്ള വഴിയില്‍ ആ വീടുണ്ട്, വീട്ടിലേക്കുള്ള വഴിയില്‍ പാട്ടുണ്ട് – അതാണ് മൂസക്കയെ പ്രചോദിപ്പിച്ചത്.

ഇംഗ്ലീഷ് സംസാരിക്കുന്ന മുസ്‌ലിം സ്ത്രീ / തലശ്ശേരി കലാപത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പറയുന്ന സ്ത്രീ / മൈത്രി ഗാഢമായ ഒരനുഭവമായി നിറയുന്ന ദേശത്തിന്റെ തട്ടമിട്ട മുദ്ര – അതായിരിക്കണം, എഡിറ്ററും എഴുത്തുകാരനുമായ കമല്‍റാം സജീവിന് പ്രചോദനമേകുന്ന മറിയുമ്മ.

അതായത്, മറിയുമ്മ, ഓര്‍മയുടെ തലശ്ശേരി വേരാണ്. ആണ്‍കോയ്മയുടെ ഒരു കേന്ദ്രബിന്ദുവായി മാറുന്നതിനു പകരം, അവര്‍ പെണ്മ എന്ന അനുഭവത്തെ മനോഹരമായി നിര്‍വ ചിച്ചു.

മുസ്‌ലിം സ്ത്രീയെ പരമ്പരാഗതമായി നിര്‍വചിക്കുന്ന ‘അപ്പത്തരങ്ങളെമ്പാടും ചുട്ട്’ പുതിയാപ്പിളയെ സല്‍ക്കരിക്കുന്ന അമ്മായിമാരില്‍ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുമായിട്ടാണ് മറിയുമ്മയുടെ ജീവിതം. മറിയുമ്മ മുസ്‌ലിം സ്ത്രീകളെ സല്‍ക്കരിച്ചത് ‘ഇംഗ്ലീഷ്” എന്ന ഭാഷ കൊണ്ടാണ്. അതു കൊണ്ട് ‘ഇംഗ്ലീഷ് മറിയുമ്മ’ എന്ന പേര് കിട്ടി.

ഒരു മൗലവിയുടെ മകള്‍, കോണ്‍വെന്റില്‍ പഠിച്ചു, ഇംഗ്ലീഷ് മനോഹരമായി സംസാരിച്ചു, എല്ലാ ദിവസവും ‘ഹിന്ദു’ വായിച്ചു. ഭാഷ സ്ത്രീ ശാക്തീകരണത്തിനുള്ള ‘ടൂള്‍’ ആണെന്ന് മറിയുമ്മ മനസ്സിലാക്കി. ഭാഷയുടെ തുറവിയിലൂടെ, ഒരു രാഷ്ട്രീയ / സാംസ്‌കാരിക പ്രക്രിയയുടെ ‘തലശ്ശേരി കണ്ണി’യായിട്ടാണ് ഇംഗ്ലീഷ് മറിയുമ്മ നില നിന്നത്.

സ്ത്രീയുടെ വിദ്യാഭ്യാസത്തിന്റെ മാറ്റത്തിന്റെ ദിശയില്‍ മറിയുമ്മ മുമ്പേ നടന്നു. ‘വീട്ടിലിരുന്ന് വെറുതെ കടന്നു ‘പോവുകയായിരുന്നില്ല മറിയുമ്മ. തലശ്ശേരിയുടെ ഇടത് / മത്മാത്മക / മതനിരപേക്ഷ / ധാരയോട് ചേര്‍ന്നു നിന്നു കൊണ്ടാണ് ഇംഗ്ലീഷ് മറിയുമ്മ എന്നും സംസാരിച്ചത്. മുസ്‌ലിം സ്വത്വം അവരുടെ ഉടുപ്പിലും നടപ്പിലും ആഭരണത്തിലുമുണ്ടായിരുന്നു.

മതാത്മക ജീവിതം നയിച്ചുകൊണ്ടുതന്നെ അവര്‍, രാഷ്ട്രീയമായി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു നിന്നു. മുസ്‌ലിം സ്ത്രീ ജീവിത ചിത്രീകരണത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പുരുഷന്റെ മറവില്‍ നില്‍ക്കുന്ന സ്ത്രീ എന്ന കാഴ്ചപ്പാടിനു പകരം, നിഴലുകള്‍ മാത്രമല്ല സ്ത്രീകള്‍ എന്ന സവിശേഷമായ ജീവിതവത്ക്കരണം അവര്‍ നടത്തി.

‘മൗലവിയുടെ മകള്‍ ഇംഗ്ലീഷ് പഠിക്കുന്നോ?’ എന്നു ചോദിച്ചു തുപ്പിയ സ്വസമുദായത്തില്‍പ്പെട്ടവരുടെ പേരക്കിടാങ്ങള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ന്നു ഇംഗ്ലീഷ് പഠിച്ച് മുഖ്യധാരയിലേക്ക് വരുന്നത് ജീവിച്ചിരിക്കേ തന്നെ കാണാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായി. ഇംഗ്ലീഷ് മറിയുമ്മ ആ നിലയില്‍ ഒറ്റയ്‌ക്കൊരു സാക്ഷരതാ യജ്ഞമായിരുന്നു.

കമല്‍റാം സജീവുമൊത്തുള്ള ആ സന്ദര്‍ശനത്തില്‍ ഞങ്ങള്‍ അവരുടെ മനോഹരമായ ഇംഗ്ലീഷ് കേട്ടു, ചരിത്രം കേട്ടു, മകള്‍ പാടിയ പാട്ട് കേട്ടു.

പാട്ടിലേക്കും വീട്ടിലേക്കും ഭാഷയിലേക്കും വാതില്‍ തുറന്ന ചരിത്രത്തിലെ ആ ഉമ്മാമയ്ക്ക് വിട.

Content Highlight: Thaha Madayi about Maliyekkal Mariyumma

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more