| Tuesday, 1st October 2013, 12:17 pm

കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍.ഐ.എ കോടതി. തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ്, അബ്ദുള്‍ ജലീല്‍, എന്നിവരടക്കമുള്ളവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

ആകെ 24 പ്രതികളുള്ള കേസില്‍ 18 പേരെയാണ് പിടികൂടിയത്. ഇതില്‍ 5 പേരെ തെളിവുകളുടെ അഭാവത്തില്‍  കോടതി വെറുതെ വിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

മുഹമ്മദ് നൈനാന്‍, ബദറുദീന്‍, പി.കെ അനസ്, സിനാജ്, അബ്ദുള്‍ ഹമീദ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ജഡ്ജി എസ് വിജയകുമാറാണ് വിധി പറഞ്ഞത്.

കേസിലെ പ്രതിയായ പാക് പൗരന്‍ വാലിയെയും കണ്ണൂര്‍ സ്വദേശി സാബിറിനേയും പിടികൂടാനായിട്ടില്ല. യുവാക്കളെ റിക്രൂട്ട് ചെയ്തത് ലഷ്‌കര്‍ ഇ ത്വയ്ബയുടെ സാമ്പത്തിക സഹായത്തോടെയാണെന്ന് കോടതി കണ്ടെത്തി.

ദേശവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

2008 ഒക്ടോബറില്‍ കാശ്മീരില്‍ വെച്ച് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാല് മലയാളികള്‍ കൊല്ലപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 2003-2008 കാലത്ത് കേരളത്തില്‍ നിന്നും ഹൈദരാബാദില്‍ നിന്നും യുവാക്കളെ തീവ്രവാദ പരിശീലനത്തിനായി റിക്രൂട്ട് ചെയ്‌തെന്നാണ് കേസ്.

പാക്കിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച നാല് പേരാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തല്‍. 2012 ഫെബ്രുവരിയിലാണ് എന്‍.ഐ.എ കോടതി വിചാരണ ആരംഭിച്ചത്.

We use cookies to give you the best possible experience. Learn more