“അവര്‍ രാജ്യത്ത് ബീഫ് നിരോധിച്ച നിയമത്തെക്കുറിച്ചാണ് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. അവര്‍ ആദ്യം ഈ രാജ്യത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയും ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരികയുമാണ് ചെയ്യേണ്ടത്.” താക്കറെ പറഞ്ഞു. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ദസ്ര റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയുമായുള്ള സഖ്യത്തിനിടയില്‍ അസ്വാരസ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഉദ്ധവ് താക്കറെയുടെ പ്രസംഗത്തെ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയരംഗത്തുള്ളവര്‍ നോക്കിക്കാണുന്നത്. തന്റെ വാക്കുകളിലൂടെ ബി.ജെ.പിയെ കടന്നാക്രമിക്കാനും ഉദ്ധവ് മറന്നില്ല.
ഇന്ത്യയില്‍ ഹിന്ദുക്കളുടെ ഏക രക്ഷകന്‍ ശിവസേനയാണെന്ന തരത്തിലായിരുന്നു ഉദ്ധവിന്റെ വാക്കുകള്‍. തങ്ങള്‍ ഇപ്പോഴും പഴയതുപോലെ കടുവകള്‍ തന്നെയാണെങ്കിലും കൂടെയുള്ളവര്‍ ആട്ടിന്‍ കുട്ടികളായി മാറിയതായും താക്കറെ ബി.ജെ.പിയെ പരിഹസിച്ചു. തങ്ങള്‍ ഇപ്പോഴും കടുവകളായി തുടരുന്നതില്‍ ബാല്‍ താക്കറെ അഭിമാനിക്കുന്നുണ്ടാകുമെന്നും ഉദ്ധവ് അഭിപ്രായപ്പെട്ടു.
ബീഫിനെക്കുറിച്ചല്ല, ജനങ്ങളെ വലയ്ക്കുന്ന വിലക്കയറ്റത്തേക്കുറിച്ചാണ് ബി.ജെ.പി സംസാരിക്കേണ്ടത് എന്നും ഉദ്ധവ് പറഞ്ഞു.” വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിന് പകരം എന്തുകൊണ്ടാണ് സര്‍ക്കാര്‍ ബീഫിനെക്കുറിച്ച് സംസാരിക്കുന്നത്? എന്തുകൊണ്ടാണ് അവശ്യ വസ്തുക്കളുടെ വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയാത്തത്? വിലക്കയറ്റം തടയാനാകാത്ത സര്‍ക്കാര്‍ എല്ലാ അര്‍ഥത്തിലും പരാജയമാണ്.” ഉദ്ധവ് വിമര്‍ശിച്ചു.
രാമക്ഷേത്ര വിഷയത്തില്‍ ബി.ജെ.പി നിലപാട് വ്യക്തമാക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.