മുംബൈ: ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും തിരിച്ചു കിട്ടാന്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഉദ്ധവ് താക്കറെ പക്ഷം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം ഉപയോഗിക്കുന്നതിന് ഷിന്‍ഡെ-താക്കറെ വിഭാഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കങ്ങള്‍ താക്കറെ വിഭാഗം നടത്തുന്നത്.
അതേസമയം ഉദ്ധവ് താക്കറെ പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ വ്യാജ സത്യവാങ്മൂലങ്ങള്‍ പൊലീസ് കണ്ടെടുത്തു.
പാര്‍ട്ടി പേരും ചിഹ്നവും അനുവദിച്ചുകിട്ടാന്‍ താക്കറെ വിഭാഗം സത്യവാങ്മൂലം തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നാണ് നിഗമനം.
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിക്കാന്‍ വ്യാജ രേഖയുണ്ടാക്കിയതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 4682 വ്യാജ സത്യവാങ്മൂലങ്ങളും വ്യാജ റബ്ബര്‍ സ്റ്റാമ്പുകളുമാണ് പൊലീസ് പിടിച്ചെടുത്തത്. മുംബൈ നിര്‍മല്‍ നഗര്‍ പൊലീസാണ് ഇവ കണ്ടെത്തിയത്.
ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഏക്‌നാഥ് ഷിന്‍ഡെ ഞായറാഴ്ച യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്.
അന്ധേരി ഈസ്റ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുവിഭാഗങ്ങളും തമ്മില്‍ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ അവകാശവാദമുന്നയിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ഒക്ടോബര്‍ 10ന് ഉച്ചക്ക് ഒരുമണിക്ക് മുന്‍പായി ഇരുവിഭാഗങ്ങളും മൂന്ന് പുതിയ പേരുകളും മൂന്ന് ചിഹ്നങ്ങളും നിര്‍ദേശിക്കണമെന്നും പരിശോധിച്ച ശേഷം ഉചിതമായ പേരും ചിഹ്നവും ഇരുവര്‍ക്കും അനുവദിക്കുമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി അനീതിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഉചിതമാണെന്നാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ അഭിപ്രായം.
ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും തങ്ങള്‍ക്ക് അനുവദിക്കണമെന്ന് നേരത്തെ ഷിന്‍ഡെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഉദ്ധവിനോട് കമ്മീഷന്‍ മറുപടി ആവശ്യപ്പെട്ടു.
ഷിന്‍ഡെ പക്ഷം സ്വമേധയാ പാര്‍ട്ടി വിട്ടതാണെന്നും അവര്‍ക്ക് പാര്‍ട്ടി ചിഹ്നത്തില്‍ അവകാശവാദം ഉന്നയിക്കാനാകില്ലെന്നും ഉദ്ധവ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.
Content Highlight: Thackeray faction is about to approach the Supreme Court to get back the ‘bow and arrow’