കൊച്ചി: കോണ്‍ഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങാന്‍ കാരണം രാഹുല്‍ ഗാന്ധിയുടെ ഭ്രാന്തന്‍ നയങ്ങളും കോമാളിക്കളികളുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി. എച്ച് മുസ്തഫ. സ്വയം ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ രാഹുലിനെ ഒഴിപ്പിച്ച് പ്രിയങ്കയേ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ട് വരണമെന്ന് മുസ്തഫ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
[]”ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ കളികള്‍ നടത്താന്‍ രാഹുല്‍ കോണ്‍ഗ്രസ്സ്‌കാരല്ലാത്തവരെ നിയമിച്ചു. കേരളത്തില്‍ വന്നപ്പോള്‍ ഈ ഭ്രാന്തന്‍ പൊലീസ് ജീപ്പിനു മുകളില്‍ ചാടിക്കയറി. ഇത്തരമൊരു കോമാളിക്ക് വോട്ട് നല്‍കരുതെന്ന് ജനങ്ങള്‍ തീരുമാനിച്ചുതു മൂലമാണ് കോണ്‍ഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയത്്. പ്രധാനമന്ത്രിപദം കുട്ടിക്കളിയല്ലെന്ന് മനസിലാക്കണം. രാഹുല്‍ ഗാന്ധിയെ സേവാദള്‍ സംഘടിപ്പിക്കാനുള്ള ചുമതലയാണ് ഏല്‍പ്പിക്കണ്ടത്” ടി.എച്ച് മുസ്തഫ പറഞ്ഞു.
കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി സ്തുതിപാഠകരുടെയും മുഖസ്തുതിക്കാരുടെയും കൂട്ടായ്മയായി. എ. കെ ആന്റണി സ്തുതിപാടകനായതില്‍ ദുഃഖമുണ്ട്. സംസ്ഥാനത്ത് ആളുകളെ കള്ളുകുടിപ്പിച്ച് കിടത്തണമെന്ന് ചില മന്ത്രിമാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും നിര്‍ബന്ധമുളളത പോലെയാണ്. ദൂരപരിധിയും നിലവാരവും പാലിക്കാത്ത ബാറുകള്‍ തുറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി എന്നീ സ്ഥലങ്ങളില്‍ യുഡിഎഫിന് ജയിക്കാമായിരുന്നു. യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ വെള്ളാപ്പള്ളി വലിയ സംഭാവന നല്‍കി. ഇടുക്കി ബിഷപ്പിനെ പ്രകോപിപ്പിച്ച് യു.ഡി.എഫിനെതിരായി വോട്ടു മറിച്ചു. തൃശൂരില്‍ കെ.പി ധനപാലനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി വെള്ളാപ്പള്ളി ഇറക്കിയ സര്‍ക്കുലറും തോല്‍വിക്ക് കാരണമായി. തൃശ്യൂര്‍ ഡി.സി.സിയുടെ പ്രവര്‍ത്തനവും മോശമായിരുന്നു.
തോല്‍വിയെപ്പറ്റി കെ.പി.സി.സി പ്രസിഡന്റ് അന്വേഷിക്കണം. സമുദായ നേതാക്കള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഒഴിവാക്കണമെന്നും അനുദിനം റബര്‍ വില ഇടിയുന്നതു പോലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണമെന്നും ടി.എച്ച് മുസ്തഫ പറഞ്ഞു.