തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫ.
നാണമുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ചെന്നിത്തല രാജിവെച്ചൊഴിയണമെന്ന് ടി.എച്ച് മുസ്തഫ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് സ്ഥാനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഏല്‍പ്പിക്കണമെന്നും മുസ്തഫ പറഞ്ഞു.
നേരത്തെ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി എം.പിമാരായ കെ.മുരളീധരന്‍, കെ. സുധാകരന്‍ തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. താനായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പ് ഫലം ഇതാകില്ലായിരുന്നുവെന്ന് കെ.സുധാകരന്‍ പറഞ്ഞിരുന്നു.
എല്‍.ഡി.എഫ് ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. യു.ഡി.എഫിന് സംഘടനാ ദൗര്‍ബല്യമുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിനെ നേരിടാത്തതാണ് യു.ഡി.എഫിന്റെ പരാജയത്തിന് കാരണമായതെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. എന്തായാലും ജയിക്കും, എന്നാല്‍ പിന്നെ ഒതുക്കേണ്ടവരെയൊക്കെ ഒതുക്കാം എന്ന് ചിലരങ്ങ് കരുതിയെന്നും അതിന് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
ജയിച്ച് മുഖ്യമന്ത്രിയാകാനും മന്ത്രിമാരാകാനും തയ്യാറെടുത്ത് നില്‍ക്കുന്നവര്‍ അതനുസരിച്ച് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: TH Mustafa wants Ramesh Chennithala should resign if he feels ashamed and Oommen Chandy to be the Leader of the Opposition