[] തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന നേതാവ് ടി.എച്ച്.മുസ്തഫയെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണവിധേയമായാണ് സസ്‌പെന്‍ഷന്‍.
കെ.പി.സി.സി നിര്‍വാഹക സമിതിയോഗത്തിലാണ് ഇക്കാര്യത്തില്‍ നടപടിയെടുത്തത്. രാഹുല്‍ ഗാന്ധിയെ ജോക്കറാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനം ഒഴിയണമെന്നും ടി.എച്ച് മുസ്തഫ ഇന്നലെ പറഞ്ഞിരുന്നു.അതേ സമയം തന്നെ സസ്‌പെന്‍ഡ് ചെയ്ത നടപടി സ്വാഗതാര്‍ഹമെന്നു ടി.എച്ച്. മുസ്തഫ പ്രതികരിച്ചു. രാഹുലിനെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഇന്നലെ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു മുസ്തഫ രാഹുലിനെതിരെ പരാമര്‍ശമുന്നയിച്ചത്. രാഹുല്‍ പാര്‍ട്ടിയില്‍ നിന്നും ഒഴിയണം. അദ്ദേഹത്തിന്റെ ഭ്രാന്തന്‍ നയങ്ങളും ജോക്കറെപ്പോലുള്ള പെരുമാറ്റവുമാണ് കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിനു കാരണം- എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.