കോഴിക്കോട്: പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല ദയനീയ പരാജയമാണെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കേണ്ടത് എ.കെ ആന്റണിയോ ഉമ്മന്‍ചാണ്ടിയോ ആണെന്നും ഭരണം ലഭിച്ചാല്‍ ഇവരിലൊരാള്‍ മുഖ്യമന്ത്രിയാവണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പെങ്ങുമില്ലാത്തവിധം അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയ ലോക്കപ്പ് കൊലപാതകങ്ങളും എല്‍.ഡി.എഫ് ഭരണകാലത്തുണ്ടായി. എന്നാല്‍ സര്‍ക്കാരിനെതിരെ ഇതൊന്നും രമേശ് ചെന്നിത്തലക്ക് ആയുധമാക്കാന്‍ കഴിഞ്ഞില്ല.
ആട് ഇലകടിക്കുന്നത് പോലെയാണ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്. ഒന്നില്‍ കടിച്ച് അടുത്തതിലേക്ക്, ഒന്നുപോലും തെളിയിക്കാനായില്ല, ടി.എച്ച് മുസ്തഫ പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും രൂക്ഷ വിമര്‍ശനമാണ് ടി.എച്ച് മുസ്തഫ ഉയര്‍ത്തിയത്. മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷനായത് കൊണ്ട് പാര്‍ട്ടിക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടെന്നും മുസ്തഫ പറഞ്ഞു. തലസ്ഥാനം വിട്ടുപോകാനോ പ്രവര്‍ത്തകരെ കാണാനോ യോഗങ്ങളില്‍ പങ്കെടുക്കാനോ മുല്ലപ്പള്ളിക്ക് സമയമുണ്ടായില്ല. തിരുവനന്തപുരത്തിരുന്ന് പ്രസ്താവന നടത്തുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും ടി.എച്ച് മുസ്തഫ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ കെ.പി.സി.സി അധ്യക്ഷനാവാന്‍ ഏറ്റവും യോഗ്യന്‍ കെ മുരളീധരന്‍ ആണെന്നും അത് കഴിഞ്ഞാല്‍ കെ സുധാകരന്‍ ആണെന്നും മുസ്തഫ അഭിപ്രായപ്പെട്ടു.
ഗ്രൂപ്പ് നോക്കി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതും സ്ഥാനമാനങ്ങള്‍ പങ്കുവെച്ചതുമാണ് കോണ്‍ഗ്രസിനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതെന്നും ഗ്രൂപ്പിനതീതമായ നേതൃത്വം ഉണ്ടാകണമെങ്കില്‍ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക