| Wednesday, 13th September 2023, 11:42 am

രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ ഇത് കലാപമാക്കാന്‍ ആഗ്രഹിച്ചു; ഉമ്മന്‍ ചാണ്ടി തേജോവധത്തിന് കാരണം അവരുടെ മുഖ്യമന്ത്രി പദവി മോഹം: ടി.ജി നന്ദകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോളാര്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി ടി.ജി നന്ദനകുമാര്‍.

സോളാര്‍ കേസിലെ പരാതിക്കാരി എഴുതിയ കത്തുമായി ബന്ധപ്പെട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുമായ പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നെന്നും കത്ത് വി.എസിനെ കാണിച്ചിരുന്നെന്നും കത്തിന്റെ വസ്തുത ഉറപ്പിച്ച ശേഷം മാത്രം വാര്‍ത്ത നല്‍കാനാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ആവശ്യപ്പെട്ടതെന്നും പണം വാങ്ങിയല്ല ഏഷ്യാനെറ്റ് ന്യൂസിന് കത്ത് കൈമാറിയതെന്നും നന്ദകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ ഈ കേസ് കലാപത്തില്‍ എത്തണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഉമ്മന്‍ ചാണ്ടി തേജോവധത്തിന് കാരണം അവരുടെ മുഖ്യമന്ത്രി പദവി മോഹമാണെന്നും നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘മഹാനായ ഉമ്മന്‍ ചാണ്ടിക്ക് മാനക്കേടുണ്ടാക്കുന്ന രീതിയില്‍ ഞാന്‍ ഇടപെട്ടെന്നാണ് സോളാര്‍ അഴിമതിയില്‍ മുഖ്യധാരാ പത്രങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തത്. 2011 തൊട്ട് 2016 വരെ കേരളം ഭരിച്ച ഉമ്മന്‍ ചാണ്ടി എനിക്കെതിരെ രണ്ട് സി.ബി.ഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. രണ്ടിലും പരാതിക്കാരില്‍ നിന്ന് പരാതി എഴുതി വാങ്ങിയാണ് കേസെടുത്തത്.

ഒരു അന്വേഷണം എനിക്കെതിരെ മാത്രമായിരുന്നു. മറ്റൊന്ന് ഞാനും വി.എസും അടങ്ങുന്ന ഡാറ്റാ സെന്റര്‍ ഇടപാടിലും. രണ്ടും സി.ബി.ഐ റഫര്‍ ചെയ്ത് കളഞ്ഞതാണ്. 2016 ഫെബ്രുവരിയില്‍ സോളാര്‍ അഴിമതിയിലെ പരാതിക്കാരി ഉമ്മന്‍ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് വ്യക്തമായി അന്വേഷിക്കാന്‍ വി.എസ് എന്നോട് ആവശ്യപ്പെട്ടു.

അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ശരണ്യ മനോജിനെ ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹം എറണാകുളത്ത് വന്ന് ആ കത്തടക്കം 25 പേജുള്ള, ഉമ്മന്‍ ചാണ്ടിയുടെ പേര് ആദ്യ പേജില്‍ ഉള്‍പ്പെടുത്തിയുള്ള ആ കത്തടക്കം സരിത എഴുതിയതെന്ന് പറയുന്ന ഒരു ഡസണ്‍ കത്ത് എനിക്ക് തന്നു.

വിവിധ കത്തുകളാണ്. ഈ കത്ത് കിട്ടിയപ്പോള്‍ അത് ഞാന്‍ വി.എസിനെ കാണിക്കുകയും അദ്ദേഹം അത് പല കുറി വായിക്കുകയും ചെയ്തു. ഈ കത്തിനെ കുറിച്ച് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയുമായി ഡിസ്‌കസ് ചെയ്തു.

2016 ലെ തെരഞ്ഞെടുപ്പ് സമയത്തോട് അനുബന്ധിച്ചാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞു എന്നെ ഇറക്കി വിട്ടു എന്ന്. കടക്ക് പുറത്ത് എന്ന് മാത്രം അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല. ആ കത്തിനെ കുറിച്ച് ഡിസ്‌കസ് ചെയ്തിട്ടുണ്ട്. ഇങ്ങനെ ഒരു സംഭവമുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

അതിന് ശേഷമാണ് ആ കത്ത് അന്നത്തെ മുഖ്യധാരാ മാധ്യമത്തിന്റെ ഭാഗമായ ജോഷി കുര്യന് കൊടുത്തത്. ഒരു സാമ്പത്തികവും വാങ്ങിയല്ല കത്ത് കൊടുത്തത്. സരിത എനിക്ക് തന്ന കത്തിന് എന്റെ കയ്യില്‍ നിന്ന് പ്രതിഫലമായി 1.25 ലക്ഷം കൈപറ്റിയിരുന്നു.

സരതിയും ശരണ്യ മനോജും എറണാകുളം ശിവക്ഷേത്ര കോമ്പൗണ്ടില്‍ വന്നപ്പോള്‍ പറഞ്ഞത് എന്നെ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ബെന്നി ബെഹ്നാനും തമ്പാനൂര്‍ രവിയും 50000 രൂപ തരാമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ നിര്‍ത്തി കഷ്ടപ്പെടുത്തി എന്നാണ്. അങ്ങനെ പറഞ്ഞതുകൊണ്ടാണ് അമ്മയുടെ ചികിത്സയ്ക്കായി ആ പൈസ കൊടുത്തത്. അല്ലാത്ത ഒരു സാമ്പത്തിക ഇടപാടും ഈ കത്തില്‍ നടന്നിട്ടില്ല.

19 പേജും 25 പേജുമുള്ള കത്തുണ്ട്. അതില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് വ്യക്തമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നെ ശാരീരികമായി ഉമ്മന്‍ ചാണ്ടി ബുദ്ധിമുട്ടിച്ചു എന്നാണ് കത്തിന്റെ തുടക്കം. ആ കത്ത് വെരിഫൈ ചെയ്ത ശേഷം മാത്രമേ എയര്‍ ചെയ്യാവൂ എന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറായ ജോഷി കുര്യനോട് പറഞ്ഞു. സരിതയുമായി സംസാരിച്ച ശേഷമാണ് അവര്‍ ആ കത്ത് പുറത്തുവിട്ടത്. എന്നാല്‍ ഞാന്‍ ഇതില്‍ ഗൂഢാലോചന നടത്തിയെന്നും ഞാന്‍ ഈ കത്ത് നിര്‍മിച്ചു എന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.

അതിനിടയ്ക്ക് 2016 ല്‍ പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയായി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ സരിത പിണറായി വിജയനെ കണ്ട് ഒരു പരാതി കൊടുത്തു (പരാതിയുടെ കോപ്പി ഉയര്‍ത്തിക്കാണിക്കുന്നു). ഇതിന്റെ രണ്ടാമത്തെ പേജില്‍ കൃത്യമായി പറയുന്നുണ്ട് ഉമ്മന്‍ ചാണ്ടി തന്നെ സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചു എന്ന്.

ഈ പരാതി അവര്‍ കൊടുക്കുന്നതിന് ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനം ചെലുത്തുകയോ പരാതിക്കാരിക്ക് സമയം വാങ്ങിക്കൊടുക്കുകയോ ചെയ്തിട്ടില്ല. അതിന് ശേഷം അന്വേഷണം നിര്‍ബാധം നടന്നു. 2021ല്‍ വീണ്ടും കേരള അസംബ്ലി തെരഞ്ഞെടുപ്പ് വരുന്നതിന് മുന്നോടിയായി വീണ്ടും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരിയില്‍ നിന്ന് പരാതി വാങ്ങുകയും അത് സി.ബി.ഐക്ക് കൊടുക്കുകയും ചെയ്തതില്‍ എനിക്ക് പങ്കാളിത്തമില്ല.

ഈ സോളാര്‍ അഴിമതിയുടെ 35 ശതമാനം ബെനഫിറ്റാണ് 2016 ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഉണ്ടായതെന്നാണ് അവരുടെ വിലയിരുത്തല്‍. 2016 ലെ തെരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ കൊച്ചിയില്‍ നിന്ന്  കോഴിക്കോടേക്ക് പോകുമ്പോള്‍ അതേ ഫ്‌ളൈറ്റില്‍ ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നു. എന്താണ് സ്ഥിതിയെന്ന് ചോദിച്ചപ്പോള്‍ ഹേമചന്ദ്രന്‍ പറഞ്ഞ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് 74 സീറ്റില്‍ ജയിക്കുമെന്നാണ് ഉമ്മന്‍ ചാണ്ടി എന്നോട് പറഞ്ഞത്.

സോളാര്‍ അഴിമതിയും പെരുമ്പാവൂര്‍ ജിഷാ മരണവും അതുപോലെ കോണ്‍ഗ്രസിനകത്ത് ഉണ്ടായ കലാപവും സുധീരന്‍ ഉണ്ടാക്കിയ വിഷയങ്ങളുമാണ് 2016 ല്‍ എല്‍.ഡി.എഫിനെ അധികാരത്തില്‍ എത്തിച്ചത്. ഈ സോളാര്‍ അഴിമതിയില്‍ കേരളത്തിലെ യു.ഡി.എഫിന്റെ ഭാഗമായിരുന്ന രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചതിന്റെ കൂടി പരിണിത ഫലമാണ് ഉമ്മന്‍ ചാണ്ടി തേജോവധത്തിന് വിധേയനായത്. അല്ലാതെ നന്ദകുമാര്‍ ഇടപെട്ട് ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്തിട്ടില്ല. ഇതാണ് എനിക്ക് ഇതിനെ കുറിച്ച് പറയാനുള്ളത്’, അദ്ദേഹം പറഞ്ഞു.

Content Highlight: TG Nandakumar about Solar scam and allegation against Oommen Chandy

We use cookies to give you the best possible experience. Learn more