| Sunday, 21st November 2021, 5:08 pm

ന്യായീകരിക്കുന്നത് ഭക്ഷണത്തില്‍ തുപ്പുന്നതിനേക്കാള്‍ മോശം; സന്ദീപ് വാര്യറെ തള്ളി ടി.ജി. മോഹന്‍ദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹലാല്‍ ഭക്ഷണ വിവാദത്തില്‍ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യറുടെ പ്രതികരണത്തിനെതിരെ ഹിന്ദുത്വ പ്രചാരകന്‍ ടി.ജി. മോഹന്‍ദാസ്.

കേരളത്തില്‍ ആരെങ്കിലും ആര്‍ക്കെങ്കിലും എതിരെ സാമ്പത്തിക ഉപരോധം തുടങ്ങിയിട്ടുണ്ടോ എന്നത് തന്റെ അറിവിലില്ലെന്ന് സന്ദീപ് വാര്യര്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വര്‍ഗീയ ചുവയുള്ള ഫേസ്ബുക്ക് പോസ്റ്റിലെ ഓരോ വരികളും സന്ദീപ് വാര്യര്‍ക്കുള്ള ഒളിയമ്പുകളാണ്. ആവശ്യക്കാര്‍ കഴിച്ചോളും. അല്ലാത്തവര്‍ കഴിക്കില്ല. പിന്‍വാതിലിലൂടെ ആരും മതം കടത്താന്‍ നോക്കരുത്. അങ്ങനെ ചെയ്യുന്നവരെ വളഞ്ഞു പുളഞ്ഞു ന്യായീകരിക്കുന്നത് ഭക്ഷണത്തില്‍ തുപ്പുന്നതിനേക്കാള്‍ മോശം പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിമിന്റെ ഹോട്ടലില്‍ ഹിന്ദു കുശിനിപ്പണി ചെയ്യുന്നുണ്ട്; കൃസ്ത്യാനി പൊറോട്ട അടിക്കുന്നുണ്ട്; അവരുടെ ജോലി പോകും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കരുതെന്നും പകരം ഭക്ഷണത്തില്‍ തുപ്പുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഓതിയതോ ഊതിയതോ ആയ ഭക്ഷണം ആരും ആരെയും സൂത്രത്തില്‍ കഴിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ സമുദായങ്ങള്‍ തമ്മിലുള്ള വിശ്വാസം നശിക്കും. അതിലും നല്ലത് തുറന്നു പറയുകയാണ്. ആവശ്യക്കാര്‍ കഴിച്ചോളും. അല്ലാത്തവര്‍ കഴിക്കില്ല. പിന്‍വാതിലിലൂടെ ആരും മതം കടത്താന്‍ നോക്കരുത്.
അങ്ങനെ ചെയ്യുന്നവരെ വളഞ്ഞു പുളഞ്ഞു ന്യായീകരിക്കുന്നത് ഭക്ഷണത്തില്‍ തുപ്പുന്നതിനേക്കാള്‍ മോശം പ്രവൃത്തിയാണ്. സമൂഹം നിലനില്‍ക്കുന്നത് പരസ്പര വിശ്വാസത്തിന്റെ പുറത്താണ്,’ ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത് എന്നായിരുന്നു കഴിഞ്ഞ ദിവസം സന്ദീപ് വാര്യര്‍ പറഞ്ഞത്.

വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ പാടില്ലെന്ന ഭാരവാഹി യോഗത്തിലെ കര്‍ശന നിര്‍ദേശം ലംഘിച്ചാണ് സന്ദീപ് വാര്യരുടെ അഭിപ്രായ പ്രകടനം. ഇത് ബി.ജെ.പി നേതൃത്വത്തിനിടയില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം.

ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും. ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരന്‍, അവിടേക്ക് പച്ചക്കറി നല്‍കിയിരുന്ന വ്യാപാരി, പാല്‍ വിറ്റിരുന്ന ക്ഷീരകര്‍ഷകന്‍, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ? അവരില്‍ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം എന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: TG Mohandas on Monday lashed out at BJP state spokesperson Sandeep Warrier over his response to the halal food controversy.

Latest Stories

We use cookies to give you the best possible experience. Learn more