കൊച്ചി: ദേശീയഗാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളല്ല കമലിനെതിരെയുള്ള സംഘപരിവാര്‍ ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ബൗദ്ധിക വിഭാഗം തലവന്‍ ടി.ജി മോഹന്‍ദാസ്. സുരേഷ് ഗോപിയെയും മോദിയെയും അപമാനിച്ചതുകൊണ്ടാണ് കമല്‍ ആക്രമിക്കപ്പെട്ടതെന്നാണ് മോഹന്‍ദാസ് പറയുന്നത്. റിപ്പോര്‍ട്ടര്‍ ടി.വിയുടെ എഡിറ്റേഴ്‌സ് അവറിലാണ് ടി.ജി മോഹന്‍ദാസ് ഇക്കാര്യം പറഞ്ഞത്.
ഇസ്‌ലാം മതവിശ്വാസിയായതുകൊണ്ടല്ല കമല്‍ ആക്രമിക്കപ്പെടുന്നതെന്നു പറഞ്ഞ ടി.ജി മോഹന്‍ദാസ് നേരത്തെ തന്നെ കമല്‍ സംഘപരിവാറിന്റെ രാഷ്ട്രീയ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടായിരുന്നെന്നും മോഹന്‍ദാസ് പറയുന്നു.
“നരേന്ദ്രമോദിയെ അദ്ദേഹം അറ്റാക്ക് ചെയ്ത ദിവസം തന്നെ ബി.ജെ.പിയുടെ ഉള്ളില്‍ അദ്ദേഹം മാര്‍ക്കു ചെയ്യപ്പെട്ടു. അയാള്‍ ഹിറ്റ്‌ലിസ്റ്റിലുള്ള ആളായതുകൊണ്ട് ഒരവസരം വന്നപ്പോള്‍ തിരിച്ചടിച്ചു” എന്നാണ് മോഹന്‍ദാസ് പറഞ്ഞത്.
നേരത്തെ സുരേഷ് രാജ്യസഭാ എം.പിയായ വേളയില്‍ കമല്‍ സുരേഷ് ഗോപിയെയും മോദിയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
“സുരേഷ് ഗോപിയെ ലജ്ജയോടുകൂടിയേ കാണാനാകൂ. രാജ്യസഭാ സീറ്റിനായി നരേന്ദ്രമോദി എന്ന നരാധമനായ, ഭരണകൂട ഭീകരതയുടെ വക്താവായ വ്യക്തിയുടെ അടിമയാകുന്നത് അംഗീകരിക്കാനാകില്ല.” എന്നായിരുന്നു കമല്‍ പറഞ്ഞത്.
മോദിയെ നരാധമന്‍ എന്നു വിളിച്ചതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്ന് കഴിഞ്ഞദിവസം ബി.ജെ.പി നേതാവ് ജോര്‍ജ് കുര്യനും പരോക്ഷമായി സൂചിപ്പിച്ചിരുന്നു. കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ക്കെതിരായ ബി.ജെ.പി പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ മാതൃഭൂമി ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചലച്ചിത്രമേളയില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്ന് കമല്‍ പറഞ്ഞെന്നാരോപിച്ചാണ് ബി.ജെ.പി കമലിനെതിരെ രംഗത്തുവന്നത്. ഇതിന്റെ പേരില്‍ കമലിന്റെ വീട്ടിലേക്കു മാര്‍ച്ചു നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ പേരിലല്ല മോദിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് കമലിനെ തങ്ങള്‍ വേട്ടയാടുന്നതെന്നാണ് മോഹന്‍ദാസ് ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്.