കോഴിക്കോട്: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ പേരിടുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിചിത്ര ന്യായീകരണവുമായി ആര്‍.എസ്.എസ് ബൗദ്ധിക വിഭാഗം തലവനും ബി.ജെ.പി നേതാവുമായ ടി.ജി മോഹന്‍ദാസ്.
പ്രധാനപ്പെട്ട വ്യക്തികളുടെ ഓര്‍മ്മയ്ക്കായിട്ടാണ് പേരിടുന്നതെന്നും അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നുമായിരുന്നു ടി.ജി മോഹന്‍ദാസ് മീഡിയാവണ്ണിനോട് പ്രതികരിച്ചത്.
മഹാത്മാ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാനായതുകൊണ്ടാണോ അദ്ദേഹത്തിന്റെ പേര് ഇടുന്നതെന്നും അദ്ദേഹം എറണാകുളത്ത് താമസിച്ചതുകൊണ്ടാണോ എംജി റോഡുണ്ടായത് എന്നെല്ലാമായിരുന്നു ടി.ജി മോഹന്‍ദാസിന്റെ ചോദ്യം.
‘ഉത്രാടം തിരുനാള്‍ ഹോസ്പിറ്റല്‍ ഉണ്ട്. അങ്ങേരെന്താ ഡോക്ടറായിരുന്നോ, അല്ലല്ലോ, ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഉണ്ട്. നെഹ്‌റു എന്താ സ്‌പോര്‍ട്‌സ്മാന്‍ ആയിരുന്നോ? എന്നായിരുന്നു മോഹന്‍ദാസിന്റെ അടുത്ത ചോദ്യം.
എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നെന്നും ആര്‍.എസ്.എസിന്റെ സൈദ്ധാന്തികന്‍ എന്നതിനപ്പുറം ഗോള്‍വാള്‍വാര്‍ പൊതുവായി ആരായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് പൊതുവായി അദ്ദേഹം വലിയൊരു ഫിഗറായിരുന്നെന്നാണ് ടി.ജി മോഹന്‍ദാസ് മറുപടി നല്‍കിയത്.
‘നിങ്ങളെപ്പോലെ കിണറ്റിലെ തവളകളല്ല എല്ലാവരും. ബാക്കിയുള്ളവര്‍ക്ക് ഗോള്‍വാള്‍ക്കറിനെ അറിയാം. അതുകൊണ്ടാണല്ലോ ഗോള്‍വാള്‍ക്കറിനെ ഇന്ത്യ മൊത്തം ബഹുമാനിക്കുന്നത്. നിങ്ങള്‍ക്ക് അതില്‍ ചൊടിയുണ്ട് എന്നറിയാം’ മോഹന്‍ദാസ് മറുപടി നല്‍കി.
ആര്‍.എസ്.എസിന്റേയോ ബി.ജെ.പിയുടേയോ സ്ഥാപനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുന്നതില്‍ തര്‍ക്കമില്ലെന്ന് അവതാരകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയാണെങ്കില്‍ നെഹ്‌റുവിന്റെ പേര് കോണ്‍ഗ്രസിന്റെ സ്ഥാപനങ്ങള്‍ക്ക് മാത്രം നല്‍കണമെന്നായിരുന്നു മോഹന്‍ ദാസിന്റെ മറുപടി.
നെഹ്‌റു ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു രാജ്യത്തെ പ്രധാനമന്ത്രിയാണെന്നും ആ പേരിലാണ് സ്ഥാപനങ്ങള്‍ക്ക് പേര് കൊടുക്കുന്നത് എന്നും അവതാരകന്‍ ചൂണ്ടിക്കാട്ടിയതോടെ മഹാത്മാഗാന്ധി ഏത് തെരഞ്ഞെടുപ്പിലാണ് മത്സരിച്ചതെന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാനല്ലല്ലോ അദ്ദേഹം എന്നായിരുന്നു മോഹന്‍ദാസ് മറുപടി നല്‍കിയത്.
‘തെരഞ്ഞെടുപ്പിന് അപ്പുറം ഒരു ലോകമുണ്ട്. മനസിലായോ രാഷ്ട്രീയ നേതാവാണ്, വോട്ട് കിട്ടി അതുകൊണ്ട് അയാളുടെ പേര് നാടുമുഴുവന്‍ ഇട്ടോണ്ട് നടക്കാമെന്ന ലോജിക്ക് വേണ്ട. ഈ നാടിന് വേണ്ടി ഒരുപാട് പേര്‍ സംഭാവന ചെയ്തിട്ടുണ്ട്. അവരുടെ പേരുകള്‍ എല്ലാം ഉപയോഗിക്കേണ്ടതാണ്.
പട്ടേലിന്റെ പേരില്‍ എത്ര സ്ഥാപനങ്ങള്‍ ഉണ്ട് കേരളത്തില്‍, ഉണ്ടോ, ശാസ്ത്രിയുടെ പേരിലുണ്ടോ ? മുഴുവന്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയുമല്ലേ. പട്ടേല്‍ തെരഞ്ഞെടുക്കപ്പെട്ട ആളായിരുന്നില്ലേ. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ആളായിരുന്നില്ലേ, ആര്‍.എസ്.എസുകാരന്‍ അല്ലായിരുന്നു താനും. പിന്നെ എങ്ങനെയാ പട്ടേല്‍ കേരളത്തില്‍ തൊട്ടുകൂടാത്തവായത്. നിങ്ങളുടെ മനസിലെ ഈ വൃത്തികെട്ട ഇക്വേഷന്‍ ഉണ്ടല്ലോ, ഒരാളുടെ ഓര്‍മ്മയ്ക്കാണ് ആ പേരിടുന്നത്. അല്ലാതെ അദ്ദേഹം ആ ഫീല്‍ഡില്‍ വിദഗ്ധനാണോ എന്നതല്ല. അതുകൊണ്ടാണ് ജവഹാര്‍ നെഹ്‌റു സ്‌പോര്‍ട്‌സ്മാന്‍ ആയിരുന്നോ എന്ന് ചോദിച്ചത്. മഹാത്മാഗാന്ധി എറണാകുളത്ത് താമസിച്ചതുകൊണ്ടല്ലല്ലോ എം.ജി റോഡ് ഉണ്ടായത് എന്ന് ചോദിച്ചത്. ടി.ജി മോഹന്‍ ദാസ് പറഞ്ഞു.
താങ്കള്‍ മഹാത്മാഗാന്ധിയേയും ഗോള്‍വാള്‍ക്കറിനേയും താരതമ്യം ചെയ്യല്ലേയെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ പിന്നെ മഅദനിയേയും ഗാന്ധിയേയും തമ്മില്‍ താരതമ്യം ചെയ്യണോ എന്നായിരുന്നു ടി.ജി മോഹന്‍ദാസിന്റെ മറുപടി.
ഗോള്‍വാള്‍ക്കര്‍ ഈ രാജ്യത്തിന്റെ സൈദ്ധാദ്ധികനാണെന്നും അതുകൊണ്ടാണ് കഴിഞ്ഞ എത്രയോ നാളുകളായി രാജ്യം ആര്‍.എസ്.എസിന്റെ കയ്യിലിരിക്കുന്നതെന്നും ടി.ജി മോഹന്‍ദാസ് പറഞ്ഞു.