Advertisement
Tripura Election 2018
'ലെനിന്റെ പ്രതിമ പൊളിക്കാന്‍ കൂടാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് ഖേദിക്കുന്നു'; ത്രിപുരയിലെ ബി.ജെ.പി അക്രമത്തെ ന്യായീകരിച്ച് ടി.ജി മോഹന്‍ദാസ്, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 07, 03:15 am
Wednesday, 7th March 2018, 8:45 am

കൊച്ചി: ത്രിപുരയില്‍ ബി.ജെ.പി നേതാക്കളുടെ അക്രമത്തെ ന്യായീകരിച്ച് ആര്‍.എസ്.എസ് ബൗദ്ധിക വിഭാഗം തലവന്‍ ടി.ജി മോഹന്‍ദാസ്. ലെനിന്റെ പ്രതിമ പൊളിക്കുമ്പോള്‍ കൂടാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചില്ലല്ലോ എന്നോര്‍ത്ത് ഖേദിക്കുന്നുവെന്ന് ടി.ജി മോഹന്‍ദാസ് പറഞ്ഞു.

ഇന്നലെ റിപ്പോര്‍ട്ടര്‍ ടി.വി നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ടി.ജി മോഹന്‍ദാസിന്റെ പരാമര്‍ശം. എതിരാളികളെ മുഴുവന്‍ കൊന്നൊടുക്കി കമ്മ്യൂണിസം നടപ്പാക്കിയ ആളാണ് ലെനിനെന്നും അദ്ദേഹത്തിന് ഒരു മഹത്വവും തന്നെപോലുള്ളവര്‍ നല്‍കുന്നില്ലെന്നും ടി.ജി മോഹന്‍ദാസ് പറയുന്നു.

“ലെനിന്റെ പ്രതിമ നീക്കം ചെയ്യുന്നതിലൂടെ പ്രത്യേകം സന്ദേശമോ പ്രശ്നമോ ഉണ്ടെന്ന് തോന്നുന്നില്ല. പ്രത്യയ ശാസ്ത്രങ്ങളെ ഒരു പ്രതിമ നീക്കം ചെയ്തതിലൂടെ തകര്‍ക്കാന്‍ പറ്റും. ”

നേരത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ത്രിപുരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. ലെനിന്റെ രണ്ട് പ്രതിമകളും ത്രിപുരയില്‍ തകര്‍ത്തിരുന്നു.

മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളും പാര്‍ട്ടി ഓഫീസുകളും തകര്‍ക്കപ്പെട്ടിരുന്നു. ത്രിപുരയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പൂര്‍ണകായ പ്രതിമ തകര്‍ക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം ആക്രമണങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് ബി.ജെ.പി നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.

വീഡിയോ കടപ്പാട്- റിപ്പോര്‍ട്ടര്‍ ടി.വി