| Saturday, 28th July 2018, 1:01 pm

ജൂലൈ 30ലെ ഹര്‍ത്താലിന്റെ രഹസ്യ സ്‌പോണ്‍സര്‍ സി.പി.ഐ.എം: ആരോപണവുമായി ടി. ജി മോഹന്‍ദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ജൂലൈ 30ന് പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ രഹസ്യ സ്‌പോണ്‍സര്‍ സി.പി.ഐ.എം ആണെന്ന ആരോപണവുമായി ബി.ജെ.പി ബുദ്ദിജീവി സെല്‍ തലവന്‍ ടി.ജി മോഹന്‍ദാസ്. ട്വിറ്ററിലൂടെയാണ് മോഹന്‍ദാസിന്റെ ആരോപണം.

“കേരളത്തിലെ സി.പി.ഐ. എം ആണ് 30 ലെ ഹര്‍ത്താലിന്റെ രഹസ്യ സ്‌പോണ്‍സര്‍. വിജയിച്ചാല്‍ അവരുടെ ദാസ്യമുള്ള പുതിയൊരു ഹിന്ദു നേതൃത്വം ഉണ്ടായതായി പ്രഖ്യാപിക്കും. പരാജയപ്പെട്ടാല്‍ സര്‍ക്കാരിനാണ് ഹിന്ദുക്കളുടെ പിന്‍തുണ എന്ന് വാദിക്കും. അക്രമമുണ്ടായാല്‍ മുന്‍ ആര്‍.എസ്.എസ് എന്നൊക്കെ പറഞ്ഞ് ബഹളം വെയ്ക്കും.” എന്നാണ് ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്.

Also Read:കാലടി സർവകലാശാലയിൽ ദളിത് അധ്യാപകർ വേണ്ട യോഗ്യത ഉണ്ടെങ്കിലും തോൽപ്പിക്കും

ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളി ആര്‍.എസ്.എസ് രംഗത്തുവന്നതിനു പിന്നാലെയാണ് മോഹന്‍ദാസ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നത്.
ശ്രീ അയ്യപ്പധര്‍മ്മസേന, ശ്രീരാമസേന, ഹനുമാന്‍ സേന, വിശ്വകര്‍മ്മ സഭ, എന്നീ സംഘടനകള്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നിരിക്കെയാണ് ഹര്‍ത്താല്‍ ആഹ്വാനത്തിനു പിന്നില്‍ സി.പി.ഐ.എം ആണെന്ന് മോഹന്‍ദാസ് ആരോപിച്ചത്.

വിശാല വിശ്വകര്‍മ്മ ഐക്യവേദിയുടെ വി.കെ വിക്രമന്‍, ശ്രീരാമസേന നേതാവ് ബിജു മണികണ്ഠന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തരുന്നു. സര്‍ക്കാര്‍ നിലപാട് ഹിന്ദുവിശ്വാസത്തിന് വിരുദ്ധവും ശബരിമല ആചാര അനുഷ്ഠാനം അട്ടിമറിക്കുന്നതുമാണെന്ന് ആരോപിച്ചാണ് ഇവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Also Read:സര്‍ക്കാര്‍ എയിഡഡ് ഗേള്‍സ് സ്‌കൂളില്‍ കുട്ടികള്‍ക്ക് നിര്‍ബന്ധിത പാദപൂജ; ഹിന്ദുത്വ അജണ്ട നടപ്പിലാക്കി ആര്‍.എസ്.എസ്സ്

ഹര്‍ത്താലുമായി ആര്‍.എസ്.എസിന് യാതൊരു ബന്ധവുമില്ലെന്നാണ് സംഘടന കഴിഞ്ഞദിവസം അറിയിച്ചത്. ഹിന്ദു സംഘടനകളെന്ന പേരില്‍ ചില സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താല്‍ ആഹ്വാനത്തിനു പിന്നില്‍ ആരാണെന്നതു കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ആര്‍.എസ്.എസ് നേതാവ് ഗോപാലന്‍ കുട്ടി ആവശ്യപ്പെട്ടിരുന്നു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തിരുന്നു. സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജെ.ഡി ഗുപ്തയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

We use cookies to give you the best possible experience. Learn more