തിരുവനന്തപുരം: സോഷ്യല്‍ മീഡിയില്‍ ആര്‍.എസ്.എസിനെതിരെ നിലപാട് സ്വീകരിക്കുന്നതിന്റെ പേരില്‍ എല്ലാ സ്വാഭിമാന ഹിന്ദുക്കളും ദീപാ നിശാന്തിനും ദീപക് ശങ്കരനാരായണനുമെതിരെ കേസ് കൊടുക്കണമെന്ന ആഹ്വാനവുമായി ആര്‍.എസ്.എസ് നേതാവ് ടി ജി മോഹന്‍ദാസ്.
സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ മേല്‍വിലാസം പരസ്യമാക്കിക്കൊണ്ടായിരുന്നു ഇവര്‍ക്കതിരെ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എല്ലാ “സ്വാഭിമാന ഹിന്ദുക്കളും” കേസ് കൊടുക്കണമെന്നാണ് ടി ജി മോഹന്‍ദാസ് ആവശ്യപ്പെട്ടത്.
അതേസമയം ദീപാ നിശാന്തിനെതിരെ താന്‍ കേസോ പൊലീസ് കംപ്ലെയിന്റോ ഇതുവരെ കൊടുത്തിട്ടില്ലെന്നും ഇനി കൊടുത്തുകൂടെന്നുമില്ലെന്നും മറ്റൊരു ട്വീറ്റില്‍ ടി.ജി മോഹന്‍ദാസ് പറയുന്നു. തെറ്റിദ്ധാരണമാറ്റാന്‍ വേണ്ടിയാണ് ഇതുപറയുന്നത്” എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.
എന്നാല്‍ ഇവരുടെ മേല്‍വിലാസം പരസ്യപ്പെടുത്തുക വഴി ഹിന്ദുത്വ തീവ്രവാദികള്‍ക്ക് ഇവരെ ആക്രമിച്ച് നിശബ്ദരാക്കാനുള്ള പ്രേരണയാണ് ടി ജി മോഹന്‍ദാസ് നല്‍കുന്നതെന്ന വിമര്‍ശനവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
“”അധ്യാപികയുടെ വാണി പവിത്രമാണ് ദീപാ..ചെറുപ്പത്തിന്റെ തിളപ്പില്‍ അത് നശിപ്പിക്കരുതെന്ന”” ഉപദേശവും ടി.ജി മോഹന്‍ദാസ് മുന്നോട്ടുവെക്കുന്നു.
“”ഛേ! സത്യത്തില്‍ ഇവര്‍ കോളേജ് അധ്യാപികയാണോ? ഈ നാക്കു കൊണ്ട് ഇവര്‍ക്ക് നാരായണഗുരു എന്ന് ഉച്ചരിക്കാന്‍ കഴിയുമോ””-എന്നായിരുന്നു ടി.ജി മോഹന്‍ദാസിന്റെ മറ്റൊരു ട്വീറ്റ്.
കത്‌വയില്‍ എട്ടുവയസുകാരി കൊലപ്പെട്ട സംഭവത്തില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമതിരെ വിമര്‍ശനവുമായി ദീപാ നിശാന്തും ദീപക് ശങ്കരനാരായണനും നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ ട്വിറ്ററില്‍ ബി.ജെ.പി ഐടി സെല്ലിന്റെ നേതൃത്വത്തില്‍ വിദ്വേഷ പ്രചരണവും കൊലവിളിയും നടന്നുവരികയായിരുന്നു. ഈ പ്രചരണത്തിന്റെ ഭാഗമായിക്കൊണ്ടാണ് ഇരുവരുടെയും മേല്‍വിലാസം കൂടി പങ്കുവച്ചുകൊണ്ട് ബിജെപി നേതാവ് രംഗത്തെത്തിയത്.