കൊച്ചി: കേരള കാര്‍ട്ടൂണ്‍ അക്കാദമിയ്‌ക്കെതിരെ ആര്‍.എസ്.എസ് ബൗദ്ധിക വിഭാഗം തലവന്‍ ടി.ജി. മോഹന്‍ദാസ്. അക്കാദമിയുടെ തലപ്പത്തിരിക്കുന്നവര്‍ വിവരം കെട്ടവരാണെന്ന് മോഹന്‍ദാസ് പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടി.വിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷത്തെ ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണ്‍ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ വിവാദമാക്കിയിരുന്നു.
ഒരു അന്താരാഷ്ട്ര കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയുടെ പ്രതിനിധിയായി പശുവിന്റെ രൂപത്തില്‍ കാവി പുതച്ച സന്യാസിയെയാണ് കാര്‍ട്ടൂണിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍ വരച്ച ഈ കാര്‍ട്ടൂണിനാണ് പുരസ്‌കാരം ലഭിച്ചത്.
എന്നാല്‍ ഇത് രാജ്യത്തെ അപമാനിക്കുന്നതാണെന്നാണ് ടി.ജി. മോഹന്‍ദാസ് പറയുന്നത്. കുഞ്ചന്‍ നമ്പ്യാരും ശങ്കറുമൊന്നും രാജ്യത്തെ വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘ഞാനൊരു ചാണകസംഘിയാണ്. അതിനെ ഞാന്‍ തള്ളി പറയില്ല. ഇടതുപക്ഷക്കാര്‍ പേടിപ്പിച്ചാല്‍ പേടിക്കില്ല. ചാണകത്തിന് കിലോയ്ക്ക് 35 രൂപയുണ്ട്. കാനഡക്കാര്‍ ചാണകം വാങ്ങുന്നുണ്ട്’, ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
അതേസമയം തനിക്കെതിരെ ഭീകരമായ സൈബര്‍ ആക്രമണമാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അനൂപ് രാധാകൃഷ്ണന്‍ പറഞ്ഞു.
2020 മാര്‍ച്ചില്‍ വരച്ച കാര്‍ട്ടൂണിനാണ് അവാര്‍ഡ് ലഭിച്ചത്. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് വര. വസ്തുതയുടെ അടിസ്ഥാനത്തില്‍ ശരിയെന്ന് തോന്നുന്നത് ഇനിയും വരക്കുമെന്നും അനൂപ് പറഞ്ഞു.
കാര്‍ട്ടൂണിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഉത്തരവാദികളെ വെറുതെ വിടുമെന്ന് കരുതേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.