| Sunday, 25th November 2012, 6:29 pm

മഅദനിയുടെ സ്വയംകൃതാനര്‍ത്ഥം

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാഷ്ട്രീയസമ്മര്‍ദ്ദം കൊണ്ടുവരാനായി കേരളത്തിലെ നിയമസഭ പാസ്സാക്കിയ ഐകകണ്‌ഠ്യേനയുള്ള പ്രമേയം മഅദനിയുടെ രാഷ്ട്രീയസ്വാധീനത്തിനുള്ള തെളിവായി കലാശിച്ചു. ജാമ്യം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കളമശ്ശേരിയില്‍ തമിഴ്‌നാടിന്റെ ബസ് കത്തിച്ച സംഭവം മഅദനിയുടെ ജാമ്യം കൂടുതല്‍ കുഴപ്പംപിടിച്ചതാക്കി. സാധാരണഗതിയില്‍ ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ തുറന്നുവിട്ടാല്‍ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്തുമോ സ്വാധീനിക്കുമോ വിദേശത്തേക്ക് കടന്നുകളയുമോ അക്രമപ്രവര്‍ത്തനങ്ങളിലൂടെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട് കളയുമോ എന്നെല്ലാം കോടതികള്‍ പരിശോധിക്കും. ഈ സംശയങ്ങളെ സ്ഥിരീകരിക്കുന്ന രീതിയിലായിപ്പോയി മഅദനിയുടെ ജയിലിനുള്ളിലെ പെരുമാറ്റവും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ജയിലിനു പുറത്തു നടത്തിയ ശ്രമങ്ങളും

എസ്സേയ്‌സ് / ടി. ജി. മോഹന്‍ദാസ്

അബ്ദുള്‍ നാസര്‍ മഅദനി ഭരണകൂടഭീകരതയുടേയും പൗരാവകാശ ലംഘനത്തിന്റേയും അടയാളമായിട്ടാണ് അറിയപ്പെടുന്നത്. നീണ്ട ഒമ്പതര വര്‍ഷങ്ങള്‍ കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മഅദനി 2007ല്‍ കുറ്റവിമുക്തനായി പുറത്തിറങ്ങിയെങ്കിലും 2010ല്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കി അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു.[]

പ്രഥമദൃഷ്ട്യാ അന്യായമെന്നുതോന്നാവുന്ന നടപടികളാണ് തമിഴ്‌നാട് – കര്‍ണ്ണാടക പോലീസും കോടതികളും മഅദനിയോടു ചെയ്തത്. എന്നാല്‍ മഅദനി ഈ അവസ്ഥയിലെത്തിയതിന്റെ യഥാര്‍ത്ഥ ചരിത്രം പലപ്പോഴും വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്.

1990 നവംബറിലാണ് ഇസ്‌ലാമിക് സേവാ സംഘം എന്ന ഐ.എസ്.എസ്. മഅദനി രൂപീകരിക്കുന്നത്. 1988ല്‍ തന്നെ മഅദനിയുടെ അന്‍വാറുള്‍ ഇസ്ലാം ചാരിറ്റബിള്‍ സൊസൈറ്റി ശാസ്താംകോട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

അയോദ്ധ്യ സംഭവത്തെത്തുടര്‍ന്ന് 1992 ഡിസംബറില്‍ ഐ.എസ്.എസ്. നിരോധിക്കപ്പെടുമ്പോള്‍ മൊത്തം 53 ക്രിമിനല്‍ കേസുകള്‍ മഅദനിക്കും ഐ.എസ്.എസിന്റെ മറ്റംഗങ്ങള്‍ക്കും എതിരായി കേരളത്തിന്റെ പലഭാഗങ്ങളിലായി നിലവില്‍ വന്നുകഴിഞ്ഞിരുന്നു.

മഅദനിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന രണ്ടേക്കറിലധികം  വരുന്ന വളപ്പില്‍ നിന്ന് പോലീസുകാര്‍ വന്‍ ആയുധശേഖരവും രാജ്യദ്രോഹപരമായ കത്തിടപാടുകളും മറ്റും കണ്ടെത്തിയിരുന്നു. അതിനുമുമ്പ് 1992 ഓഗസ്റ്റിലാണ് സ്‌ഫോടനത്തില്‍ മദനിക്ക് ഒരു കാല്‍ നഷ്ടപ്പെടുന്നത്.

81 പ്രതികളും 2333 സാക്ഷികളും ഉള്ള ഈ കേസ് നീണ്ടുപോകും എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി

ഐ.എസ്.എസിന്റെ നിരോധനത്തെ മഅദനി കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്തുവെങ്കിലും മേല്‍പ്പറഞ്ഞകാരണങ്ങളാല്‍ ഹൈക്കോടതിയില്‍ മഅദനിയുടെ ഹര്‍ജി തള്ളിപ്പോകുകയാണ് ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് മഅദനി പി.ഡി.പി. എന്ന രാഷ്ട്രീയകക്ഷി രൂപീകരിക്കുകയും തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്തു.

തീതുപ്പുന്ന പ്രസംഗങ്ങളായിരുന്നു മഅദനിയുടെ പ്രത്യേകത. കേരളത്തിന് പരിചയമില്ലാത്ത ഭാഷയില്‍ മഅദനി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് വ്യാപകമായ കുപ്രശസ്തി ലഭിക്കുകയുണ്ടായി. എന്നാല്‍ മഅദനി ഇതിലൊന്നും ഒരു കൂസലും പ്രകടിപ്പിച്ചില്ല.

സി.ആര്‍പി.എഫില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാരുടെ ട്രെയിനിംഗ് ലഭിച്ച പച്ചയൂണിഫോം ഇട്ട സുരക്ഷാഭടന്മാരുടെ കാവലില്‍ മഅദനിയുടെ വാഹനവ്യൂഹം കേരളത്തെ നടുക്കിക്കൊണ്ട് എമ്പാടും യാത്ര ചെയ്തുകൊണ്ടിരുന്നു.

1998 ഫെബ്രുവരി 14-ാം തീയതിയാണ് കോയമ്പത്തൂരില്‍ 12 സ്ഥലത്തായി ശക്തമായ ബോംബുസ്‌ഫോടനങ്ങള്‍ നടന്നത്. 47പേര്‍ തല്‍ക്ഷണം മരിക്കുകയും 218 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഈ സംഭവം ഇന്ത്യയൊട്ടാകെ തന്നെ ഞെട്ടലുണ്ടാക്കി.

കോയമ്പത്തൂരില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ എത്തുമെന്നു കരുതിയ എല്‍.കെ. അദ്വാനി ആയിരുന്നു സ്‌ഫോടനങ്ങളുടെ മുഖ്യ ലക്ഷ്യം. വിമാനം താമസിച്ചതിനാല്‍ എത്താന്‍ വൈകിയതുകൊണ്ട് അദ്വാനിയുടെ ജീവന്‍ രക്ഷപെട്ടു.

തമിഴ്‌നാട് പോലീസ് അന്വേഷിച്ചുതുടങ്ങിയ ഈ സ്‌ഫോടനക്കേസ് ആദ്യം സി.ബി.സി.ഐ.ഡിക്കും പിന്നീട് ഒരു പ്രത്യേകദൗത്യസംഘത്തിനും കൈമാറുകയുണ്ടായി. ഈ സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന കുറ്റം ചുമത്തിയാണ് മഅദനിയെ 1998 ഏപ്രിലില്‍ തമിഴ്‌നാട് പോലീസ് കോയമ്പത്തൂര്‍ ജയിലില്‍ അടക്കുന്നത്.

181 പ്രതികളും 2333 സാക്ഷികളും ഉള്ള ഈ കേസ് നീണ്ടുപോകും എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. ഇത്തരം കേസിലകപ്പെട്ടാല്‍ വിചാരണ എങ്ങനെയും വേഗത്തിലാക്കിയെടുക്കാനാണ് സാധാരണയായി പ്രതികള്‍ ശ്രദ്ധിക്കാറുള്ളത്.

എന്നാല്‍ എന്തുകൊണ്ടോ മഅദനി തുടക്കം മുതല്‍ വിചാരണ തടസ്സപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തിയത്. ഏത് കേസിലും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവികമായി ജാമ്യം കിട്ടാനുള്ള അര്‍ഹതയുണ്ട്.

കോയമ്പത്തൂര്‍ കേസില്‍ പോലീസിന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ല. അതിനാല്‍ മൂന്ന്മാസം കഴിഞ്ഞ് 1998 ജൂലൈ 24ന് മജിസ്‌ട്രേറ്റ് കോടതി മഅദനിക്ക് ജാമ്യം അനുവദിച്ചു.

എന്നാല്‍ ജാമ്യക്കാരെയോ ജാമ്യത്തുകയോ ഹാജരാക്കാന്‍ കൂട്ടാക്കാത്തതിലൂടെ മഅദനി ജയിലില്‍ തന്നെ തുടര്‍ന്നു. മദനിയുടെ തന്ത്രങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടാവണം തമിഴ്‌നാട് പോലീസ് അദ്ദേഹത്തിനെതിരെ ജൂലൈ 7ന് തന്നെ നാഷണല്‍ സെക്യൂരിറ്റി ആക്ട് (N.S.A.) പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു.

ഇത് മദനിയുടെ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെങ്കിലും താമസിയാതെ തന്നെ എന്‍.എസ്.എ. ഉപദേശകസമിതി മഅദനിയെ ആക്ടിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായത്. എങ്കിലും ഇതൊന്നും മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ പെടുന്നതല്ലാത്തതിനാല്‍ മഅദനിക്ക് ജാമ്യമെടുക്കാമായിരുന്നു.

അടുത്തപേജില്‍ തുടരുന്നു

കോയമ്പത്തൂര്‍ കേസില്‍ പോലീസിന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ല. അതിനാല്‍ മൂന്ന്മാസം കഴിഞ്ഞ് 1998 ജൂലൈ 24ന് മജിസ്‌ട്രേറ്റ് കോടതി മഅദനിക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ ജാമ്യക്കാരെയോ ജാമ്യത്തുകയോ ഹാജരാക്കാന്‍ കൂട്ടാക്കാത്തതിലൂടെ മഅദനി ജയിലില്‍ തന്നെ തുടര്‍ന്നു

എന്തുകൊണ്ട് ആ അവസരം മഅദനി ഉപയോഗിച്ചില്ല എന്നത് ദുരൂഹമായി തുടരുന്നു. ഇതാണ് മഅദനിയും അദ്ദേഹത്തിന്റെ വൈതാളികന്മാരും മലയാളികളില്‍ നിന്ന് ഇന്നും മറച്ചുവെച്ചുകൊണ്ടിരിക്കുന്ന സത്യം.

ഈ വീഴ്ചയ്ക്ക് കനത്ത വിലയാണ് മഅദനി കൊടുക്കേണ്ടി വന്നത്. 98 സെപ്റ്റംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചശേഷം തമിഴ്‌നാട് പോലീസ് മഅദനിയുടെ ജാമ്യം റദ്ദാക്കണമെന്ന് സെഷന്‍സ് കോടതിയില്‍ ഹര്‍ജിയും നല്‍കി. അങ്ങനെ 98 ഡിസംബറില്‍ മഅദനിയുടെ ജാമ്യം റദ്ദാക്കപ്പെട്ടു.[]

ഇതിനെതിരെ മഅദനി മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 99 സെപ്റ്റംബറില്‍ ഈ അപ്പീലും തള്ളപ്പെട്ടു. അങ്ങനെ തനിക്ക് കിട്ടിയ സുവര്‍ണ്ണാവസരം മഅദനി പാഴാക്കിക്കളഞ്ഞു.

അതിനുശേഷവും പോലീസിനോടും നീതിപീഠങ്ങളോടുമുള്ള വെല്ലുവിളി മഅദനി അവസാനിപ്പിച്ചില്ല. ആരാണ് ഇത്തരം നിയമോപദേശങ്ങള്‍ മഅദനിക്ക് നല്‍കിയത് എന്ന കാര്യം ദുരൂഹമായി തുടരുന്നു.

കോയമ്പത്തൂര്‍ കോടതിയില്‍ തനിക്ക് നീതി ലഭിക്കുകയില്ലെന്നും വിചാരണ കേരളത്തിലെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും മഅദനി ആവശ്യപ്പെട്ടു. കീഴ്‌ക്കോടതി ഈ ആവശ്യം നിരാകരിക്കുകയും മഅദനി ഹൈക്കോടതിയിലും സുപ്രീംകോടതി വരെയും പോകുകയും ചെയ്തു. സുപ്രീംകോടതി ഈ ആവശ്യം നിരാകരിക്കുമ്പോഴേക്കും വര്‍ഷം 2 കഴിഞ്ഞിരുന്നു.

പാലക്കാട് നിന്നും വെറും 40 കിലോമീറ്റര്‍ ദൂരത്തിലുള്ള കോയമ്പത്തൂരില്‍ കേരളത്തിലെ വക്കീലന്മാര്‍ ഹാജരാവുകയില്ലെന്നും കോയമ്പത്തൂരിലെ അന്തരീക്ഷം വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞതാണെന്നും മറ്റുമുള്ള ദുര്‍ബലമായ വാദങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലപ്പെട്ട രണ്ടു വര്‍ഷങ്ങള്‍ മഅദനി പാഴാക്കിയത്.

തമിഴ്‌നാട് സര്‍ക്കാര്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് വിചാരണയ്ക്കായി ഒരു സ്‌പെഷ്യല്‍ കോടതി തന്നെ ഉണ്ടാക്കി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ പ്രത്യേകം വേര്‍തിരിച്ച ഒരു വളപ്പിലായിരുന്നു കോടതി.

ഒടുവില്‍ 2007 ഓഗസ്റ്റില്‍ കുറ്റവിമുക്തനായി മഅദനി പുറത്തിറങ്ങുമ്പോള്‍ മൊത്തം നഷ്ടപ്പെട്ടത് നീണ്ട ഒമ്പതര വര്‍ഷങ്ങള്‍. അതില്‍ കുറഞ്ഞപക്ഷം നാലുവര്‍ഷമെങ്കിലും തെറ്റായ നിയമോപദേശവും ധാര്‍ഷ്ട്യവുംകൊണ്ട് മഅദനിതന്നെ നഷ്ടപ്പെടുത്തി- ക്കളഞ്ഞതാണ്

അതേ വളപ്പില്‍ തന്നെയായിരുന്നു മഅദനി അടക്കമുള്ള 168 പ്രതികളേയും താമസിപ്പിച്ചിരുന്നത്. ലക്ഷങ്ങളാണ് സര്‍ക്കാര്‍ ഇതിനുവേണ്ടി മുടക്കിയത്. 16480 പേജുകളായിരുന്നു കുറ്റപത്രത്തിനുണ്ടായിരുന്നത്.

ഇത്രയധികം സ്‌ഫോടനങ്ങളും മരണങ്ങളും സാക്ഷികളുമുള്ളപ്പോള്‍ കുറ്റപത്രം അത്രയുംതന്നെ വലുതായിരിക്കുമല്ലോ. സ്വാഭാവികമായും കുറ്റപത്രം തമിഴിലായിരുന്നു. ഇത് തര്‍ജ്ജമ ചെയ്ത് കിട്ടണം എന്ന് മഅദനി ആവശ്യപ്പെട്ടു.

ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച് അതാത് സംസ്ഥാനത്തെ ഭാഷകളില്‍ കുറ്റപത്രം നല്‍കേണ്ട ഉത്തരവാദിത്വമേ പോലീസിനുള്ളൂ. അതിനാല്‍ കോടതി ഈ അപേക്ഷ അനുവദിച്ചില്ല എന്നുമാത്രമല്ല വിചാരണ വീണ്ടും താമസിക്കുകയും ചെയ്തു.

അടുത്തകാലത്ത് കടല്‍ വെടിവെയ്പിനെ തുടര്‍ന്നുള്ള കേസില്‍ ഇറ്റാലിയന്‍ പട്ടാളക്കാര്‍ ഇറ്റാലിയന്‍ ഭാഷയില്‍ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ടതും കൊല്ലം സെഷന്‍സ് കോടതി അത് തള്ളിയതും ഓര്‍ക്കുക.

ഇതിനിടയില്‍ മഅദനിക്ക് നീതിനിഷേധിക്കപ്പെടുന്നു എന്നുപറഞ്ഞുകൊണ്ട് കരുനാഗപ്പള്ളിയിലും മറ്റും നടന്ന പ്രകടനങ്ങള്‍ അക്രമാസക്തമായി. മഅദനിയുടെ കൂട്ടുപ്രതികളിലൊരാള്‍ ഭാര്യവഴി മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ചെയ്തു.

മഅദനി അടക്കം 116 പേരെ ഹാജരാക്കണമെന്നും അവര്‍ ജയിലില്‍ മര്‍ദ്ദനമനുഭവിക്കുന്നെന്നും ആയിരുന്നു ഹര്‍ജി. വസ്തുതകള്‍ പരിശോധിച്ച കോടതി മഅദനി ജയിലറെ തല്ലിയതായും ജയിലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും കണ്ടെത്തി. അങ്ങനെ പേറെടുക്കാന്‍പോയ പതിച്ചി ഇരട്ടപെറ്റു എന്നുപറഞ്ഞതുപോലെയായി.

വിചാരണ കഴിഞ്ഞ 63 സാക്ഷികളെ വീണ്ടും വിചാരണ ചെയ്യണം എന്നാവശ്യപ്പെട്ട് മഅദനിയുടെ ഒരു സംഘാംഗം കീഴ്‌ക്കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചു. അതും വിജയം കണ്ടില്ല. ഇതിനിടയില്‍ വിലപ്പെട്ട വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നത് മഅദനിമഅദനി ശ്രദ്ധിച്ചുമില്ല.

രാഷ്ട്രീയസമ്മര്‍ദ്ദം കൊണ്ടുവരാനായി കേരളത്തിലെ നിയമസഭ പാസ്സാക്കിയ ഐകകണ്‌ഠ്യേനയുള്ള പ്രമേയം മഅദനിയുടെ രാഷ്ട്രീയസ്വാധീനത്തിനുള്ള തെളിവായി കലാശിച്ചു. ജാമ്യം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കളമശ്ശേരിയില്‍ തമിഴ്‌നാടിന്റെ ബസ് കത്തിച്ച സംഭവം മഅദനിയുടെ ജാമ്യം കൂടുതല്‍ കുഴപ്പംപിടിച്ചതാക്കി.

സാധാരണഗതിയില്‍ ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ തുറന്നുവിട്ടാല്‍ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്തുമോ സ്വാധീനിക്കുമോ വിദേശത്തേക്ക് കടന്നുകളയുമോ അക്രമപ്രവര്‍ത്തനങ്ങളിലൂടെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട് കളയുമോ എന്നെല്ലാം കോടതികള്‍ പരിശോധിക്കും. ഈ സംശയങ്ങളെ സ്ഥിരീകരിക്കുന്ന രീതിയിലായിപ്പോയി മഅദനിയുടെ ജയിലിനുള്ളിലെ പെരുമാറ്റവും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ജയിലിനു പുറത്തു നടത്തിയ ശ്രമങ്ങളും.
അടുത്തപേജില്‍ തുടരുന്നു

മഅദനി അറസ്റ്റിന് വഴങ്ങിയില്ല. തന്റെ താവളമായ അന്‍വാറശ്ശേരി മദ്രസയില്‍ ഖുറാനുയര്‍ത്തിപ്പിടിച്ച് മഅദനി നിരപരാധിത്വം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. രണ്ടാഴ്ചയോളം മലയാളം ചാനലുകള്‍ മഅദനിയുടെ പ്രകടനം ലൈവ് ആയി പ്രക്ഷേപണം ചെയ്തു

ഒടുവില്‍ 2007 ഓഗസ്റ്റില്‍ കുറ്റവിമുക്തനായി മഅദനി പുറത്തിറങ്ങുമ്പോള്‍ മൊത്തം നഷ്ടപ്പെട്ടത് നീണ്ട ഒമ്പതര വര്‍ഷങ്ങള്‍. അതില്‍ കുറഞ്ഞപക്ഷം നാലുവര്‍ഷമെങ്കിലും തെറ്റായ നിയമോപദേശവും ധാര്‍ഷ്ട്യവുംകൊണ്ട് മഅദനിതന്നെ നഷ്ടപ്പെടുത്തിക്കളഞ്ഞതാണ്.[]

ബാക്കി അഞ്ചരവര്‍ഷം ഇന്ത്യന്‍ കോടതികളില്‍ സാധാരണഗതിയില്‍ എടുക്കുന്ന കാലതാമസം മാത്രമാണ്. അതില്‍ പ്രത്യേകിച്ച് പരിതപിക്കാനൊന്നുമില്ല. കൊലപാതകക്കേസുകളില്‍ പെട്ടുപോകുന്നവര്‍ നിരപരാധികളാണെങ്കില്‍പോലും അത്രയുംകാലം ജയിലില്‍ കിടന്ന്‌പോകുന്നത് അപൂര്‍വ്വമായ സംഭവവുമല്ല.

കൃത്യമായ നിയമനടപടികളിലൂടെ എത്രയോ നേരത്തെ മഅദനിക്ക് പുറത്തുവരാമായിരുന്നു. പകരം നീതിപീഠത്തെ വെല്ലുവിളിച്ചും ജയിലിലും പുറത്തും കലാപം സൃഷ്ടിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും രക്ഷപ്പെടാമെന്ന് മഅദനി കരുതിയത് ആരുടെ പിന്‍ബലത്തിലാണ് എന്നത് ഇനിയും പുറത്തുവരാത്തസത്യമാണ്.

മഅദനിയുടെ ദുരനുഭവങ്ങളുടെ രണ്ടാംഭാഗം തുടങ്ങുന്നത് 2010ലാണ്. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരത്തുമായി നടന്ന സ്‌ഫോടനങ്ങളില്‍ അന്വേഷണവും ആദ്യത്തെ കുറ്റപത്രവും സമര്‍പ്പിച്ചുകഴിഞ്ഞതിന് ശേഷം കര്‍ണ്ണാടക പോലീസ് മദനിയെ കേസിലെ 31-ാം പ്രതിയാക്കി.

കോടതിയില്‍ കീഴടങ്ങി കേസ് വാദിക്കുന്നതിന് പകരം മഅദനി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. ഭരണകൂടവും പോലീസും വക്കീലന്മാരും ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ് എന്ന് പരാതിപ്പെട്ടു.

സ്‌ഫോടനം കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളില്‍ മുന്‍കൂര്‍ ജാമ്യം കിട്ടുക അത്യപൂര്‍വ്വമാണ്. അതറിഞ്ഞുകൊണ്ടു തന്നെ ഇത്തരം കേസുകളില്‍ വിവേകമുള്ളവര്‍ മുന്‍കൂര്‍ ജാമ്യവുമായി സമയംകളയാറില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോള്‍ പോലും പോലീസിന് പ്രതിയെ അറസ്റ്റു ചെയ്യാന്‍ നിയമതടസ്സവും ഇല്ല.

ഏതായാലും മഅദനിയുടെ  മുന്‍കൂര്‍ ജാമ്യഹര്‍ജി ആദ്യം ബാംഗ്ലൂര്‍ സെഷന്‍സ് കോടതിയിലും പിന്നീട് കര്‍ണ്ണാടക ഹൈക്കോടതിയിലും ഒടുവില്‍ സുപ്രീംകോടതിയിലും തള്ളപ്പെട്ടു. മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് മഅദനിയെ അറസ്റ്റുചെയ്യാന്‍ കര്‍ണ്ണാടക പോലീസ് കേരളത്തിലെത്തി.

മഅദനി അറസ്റ്റിന് വഴങ്ങിയില്ല. തന്റെ താവളമായ അന്‍വാറശ്ശേരി മദ്രസയില്‍ ഖുറാനുയര്‍ത്തിപ്പിടിച്ച് മഅദനി നിരപരാധിത്വം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. രണ്ടാഴ്ചയോളം മലയാളം ചാനലുകള്‍ മഅദനിയുടെ പ്രകടനം ലൈവ് ആയി പ്രക്ഷേപണം ചെയ്തു.

സ്വന്തം അണികള്‍ക്ക് ആവേശം പകരുന്ന ഏര്‍പ്പാടായിരുന്നു ഇതെങ്കിലും ജുഡീഷ്യറിയില്‍ ഇത്തരം പെരുമാറ്റം ഉണ്ടാക്കുന്ന പ്രതിക്രിയ മഅദനിയോ അദ്ദേഹത്തിന്റെ ഉപദേശകരോ മനസ്സില്‍ കണ്ടില്ല. ഒരുപക്ഷെ പ്രത്യാഘാതങ്ങളേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് പ്രാമുഖ്യം കിട്ടിയതുകൊണ്ടായിരിക്കാം.

ഏതായാലും മഅദനി നിയമത്തിന് വഴങ്ങാത്ത സ്വഭാവക്കാരനാണ് എന്ന് ഈ പെരുമാറ്റം വീണ്ടും വിളിച്ചറിയിച്ചു.

രണ്ടാഴ്ചയോളം കാത്തുനിന്ന കര്‍ണ്ണാടക പോലീസ് 2010 ഓഗസ്റ്റ് പതിനേഴാംതീയതി മഅദനിയെ അറസ്റ്റു ചെയ്ത് ബാംഗ്ലൂരേക്ക് കൊണ്ടുപോയി. അന്നുതന്നെ മഅദനിയുടെ സഹോദരന്‍ മഅദനിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് കൊല്ലം മജിസ്‌ട്രേറ്റിന് പരാതി കൊടുത്ത് അറസ്റ്റുചെയ്ത പോലീസുദ്യോഗസ്ഥര്‍ക്ക് നോട്ടീസയപ്പിച്ചു.

അങ്ങനെ കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ട് ഹര്‍ഷിത അട്ടല്ലൂരിയും ബാംഗ്ലൂര്‍ സിറ്റി പോലീസ് അസി. കമ്മീഷ്ണര്‍ ഓംകാരയ്യയും താല്ക്കാലികമായെങ്കിലും നിയമവിരുദ്ധ അറസ്റ്റിന്റെ പേരില്‍ കുറ്റക്കാരായിത്തീര്‍ന്നു. കെട്ടിച്ചമച്ച കേസായതിനാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഈ നീക്കം പരാജയപ്പെടുകയും ചെയ്തു. ഒപ്പം മഅദനിയോട് വളരെ കര്‍ക്കശമായ സമീപനമെടുക്കാന്‍ പോലീസിന് ഇതൊരു കാരണവുമായി.

ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലായ മഅദനി സൗമ്യനായി ജാമ്യത്തിന് ശ്രമിക്കുന്നതിന് പകരം തന്റെ സുഹൃത്തുക്കളെ വെച്ചുകൊണ്ട് സമൂഹമധ്യത്തില്‍ പ്രചരണം സംഘടിപ്പിക്കാനാണ് ശ്രമിച്ചത്. ഇതൊക്കെ മഅദനി അറിഞ്ഞുകൊണ്ടാണോ അതോ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആവേശം കൊണ്ട് ചെയ്യുന്നതാണോ എന്നറിയില്ല.

സി.ആര്‍പി.എഫില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാരുടെ ട്രെയിനിംഗ് ലഭിച്ച പച്ചയൂണിഫോം ഇട്ട സുരക്ഷാഭടന്മാരുടെ കാവലില്‍ മഅദനിയുടെ വാഹനവ്യൂഹം കേരളത്തെ നടുക്കിക്കൊണ്ട് എമ്പാടും യാത്ര ചെയ്തുകൊണ്ടിരുന്നു

രണ്ടായാലും ഇത്തരം നീക്കങ്ങള്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കാന്‍ വീണ്ടും തടസ്സമായിത്തീരുന്നു. ഇതിനിടയിലാണ് തെഹല്‍ക്കയുടെ റിപ്പോര്‍ട്ടറായ ഷാഹിന ഈ കേസിലെ സാക്ഷികളെ കാണുന്നതും അഭിമുഖത്തിലൂടെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും അത് വിവാദവും കേസുമായിത്തീരുന്നതും.

ഈ സംഭവങ്ങളും കോടതിയില്‍ മഅദനിക്കുണ്ടായ തടസ്സങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.

ഏതായാലും ഇത്തരം സംഭവങ്ങളെത്തുടര്‍ന്ന് മഅദനിക്ക് കിട്ടുമായിരുന്ന സാധാരണ ജാമ്യം പോലും സെഷന്‍സ് കോടതിയും ഹൈക്കോടതിയും നിരസിച്ചു. സുപ്രീംകോടതിയില്‍ രണ്ട് ജഡ്ജിമാര്‍ തമ്മില്‍ ഭിന്നാഭിപ്രായമുണ്ടാവുകയും മറ്റൊരു ബെഞ്ചിന് ജാമ്യാപേക്ഷ വിടുകയും ചെയ്യേണ്ട അവസ്ഥയുണ്ടായി.

ഇതൊക്കെയായിട്ടും മഅദനിക്കുവേണ്ടി പൊതുസമൂഹത്തില്‍ നടക്കുന്ന പ്രചരണപദ്ധതികള്‍ക്ക് യാതൊരു കുറവും ഉണ്ടായില്ല. ഈ കഴിഞ്ഞ മാസവും കൊല്ലം പീരങ്കി മൈതാനത്ത് മഅദനിക്കുവേണ്ടി ഒരു മഹാസമ്മേളനം തന്നെ മഅദനിയുടെ സുഹൃത്തുക്കള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇതിനുപകരം നിത്യേനയുള്ള വിചാരണയിലൂടെ കേസില്‍ വളരെവേഗം വിധിപ്രഖ്യാപിക്കണം എന്ന ആവശ്യം പ്രശസ്ത വക്കീലന്മാര്‍ വഴി കോടതിയില്‍ ഉന്നയിച്ചിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു!

കോടതിക്ക് പുറത്തും നിയമസഭയ്ക്കുള്ളിലും ബഹളം വെച്ചാല്‍ ക്രിമിനല്‍ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിലെ തീര്‍പ്പ് കൂടുതല്‍ സങ്കീര്‍ണ്ണമാകും എന്ന് മഅദനിയുടെ സുഹൃത്തുക്കള്‍ ഇപ്പോഴും മനസ്സിലാക്കുന്നില്ല. മഅദനിയാണെങ്കില്‍ കൃത്യമായ നിയമോപദേശം തേടുന്നുമില്ല. ഇതിനെ സ്വയംകൃതാനര്‍ത്ഥം എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും?

(ലേഖകന്‍ കൊച്ചിയിലെ റെസ്‌പോണ്‍സിബിള്‍ സിറ്റിസണ്‍ ഫൗണ്ടേഷന്റെ ഡയറക്ടറാണ്)

ലേഖനത്തോടുള്ള പ്രതികരണം ക്ഷണിക്കുന്നു. വിശദമായ പ്രതികരണങ്ങളാണെങ്കില്‍ mail@doolnews.com ല്‍ അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മഅദനിയെ കുറിച്ച് ഡൂള്‍ന്യൂസ് എഴുതിയ എഡിറ്റോറിയല്‍:

മഅദനി: ’9.5+2′

Related Article

തീവ്രവാദത്തിന്റെ പേരിലുള്ള അറസ്റ്റിന് പിന്നില്‍ ഐ.ബിയുടെ കരങ്ങള്‍: ബി.ആര്‍.പി ഭാസ്‌ക്കര്‍

We use cookies to give you the best possible experience. Learn more