| Saturday, 2nd August 2014, 9:41 am

ഇന്ത്യയുടെ എതിര്‍പ്പ്: വ്യാപാര പരിഷ്‌കരണ കരാര്‍ നടപ്പാക്കാനായില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ജനീവ: ലോകവ്യാപാര സംഘടനയുടെ വ്യാപാരപരിഷ്‌കരണ കരാറിന് ഇന്ത്യന്‍ വീറ്റോ. ജനീവയില്‍ നടന്ന ലോകവ്യാപാര സംഘടനയുടെ യോഗത്തില്‍ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് കൃത്യമായ നടപടികള്‍ സ്വീകരിക്കാതെ കരാറില്‍ ഒപ്പ് വെക്കാനാവില്ലെന്ന ഇന്ത്യയുടെ നിലപാടിനെ തുടര്‍ന്ന്  കരാര്‍ പാസാക്കാനായില്ല.

രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങള്‍ സുഗമമാക്കാനാണ് ഒരു ലക്ഷം കോടി ഡോളറിന്റെ വ്യാപാര പരിഷ്‌കരണ കരാറിന് രൂപം നല്‍കിയിരുന്നത്. കസ്റ്റംസ് തീരുവ ഏകീകരിക്കുന്നതിനുള്ള ലക്ഷ്യവുമായി ജൂലൈ 31ന് കരാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ലോകവ്യാപാര സംഘടനയുടെ നീക്കങ്ങള്‍ക്കാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്.

ലോകവ്യാപാര സംഘടന ആവശ്യപ്പെടുന്നതില്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ കരുതിവയ്ക്കാനുള്ള അവകാശവും ആഗോള വിലനിലവാരത്തിന് അനുസൃതമായി കര്‍ഷകര്‍ക്ക് സബ്‌സിഡി നിര്‍ണയിക്കുന്ന വ്യവസ്ഥകളും ടി.എഫ്.എക്കൊപ്പം നിശ്ചയിക്കണമെന്ന ആവശ്യങ്ങളില്‍ ഇന്ത്യ ഉറച്ച് നില്‍ക്കുകയായിരുന്നു. ക്യൂബ, വെനിസ്വല, ബൊളീവിയ എന്നീ രാജ്യങ്ങള്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ചു.

കസ്റ്റംസ് ചട്ടങ്ങളുടെ കാര്യത്തില്‍ ഏകീകരണം കൊണ്ടുവരുന്നത് സംബന്ധിച്ച് കഴിഞ്ഞ ഡിസംബറില്‍ ബാലിയില്‍ നടന്ന യോഗത്തില്‍ വാണിജ്യമന്ത്രിമാര്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു.കാലാവധി അവസാനിക്കുന്ന  2017 വരെ ഭക്ഷ്യസബ്‌സിഡി തുടരാനും താങ്ങുവില നിശ്ചയിച്ച് ഭക്ഷ്യസാധനങ്ങള്‍ സംഭരിക്കാനും സംഘടന അംഗരാജ്യങ്ങളെ അനുവദിച്ചിരുന്നു.  എന്നാല്‍ ഇത് ശരിയല്ലെന്നും ടി.എഫ്.എ ഒപ്പിടുന്ന ദിവസം തന്നെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച തീരുമാനമുണ്ടാകണമെന്നതുമായിരുന്നു ഇന്ത്യയുടെ നിലപാട്.

വിഷയത്തില്‍ ഇന്ത്യയെ അനുനയിപ്പിക്കാന്‍ കൂടിയാണ് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ പറ്റില്ലെന്ന
ഇന്ത്യയുടെ നിലപാട് ലോകത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തി.

ഇന്ത്യയുടെ നിലപാടിനെ ശക്തമായി അപലപിച്ച ലോകരാജ്യങ്ങള്‍ ഇന്ത്യയെ ഒഴിവാക്കി കരാറുമായി മുന്നോട്ട് പോകുവാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

We use cookies to give you the best possible experience. Learn more