| Friday, 2nd November 2012, 10:06 am

Gods of the sidened

DoolNews Desk

ആഗോളവത്ക്കരണത്തിന്റെ ഭാഗമായി വയലുകളും കാലിത്തൊഴുത്തുകളും നമ്മുടെ ജീവിതത്തില്‍ നിന്ന് കുടിയൊഴിഞ്ഞ് പോയെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ക്ക് മാത്രം മാറ്റമില്ല. നന്നായിട്ട് മീന്‍പിടിക്കാനും നായാട്ട് നടത്തിനും തുലാം പത്തിന്റെ മുഹൂര്‍ത്തമായിരുന്നു പഴതലമുറ സ്വീകരിച്ചിരുന്നത്.പ്രകാശ് മഹാദേവഗ്രാമത്തിന്റെ കാലിഡോസ്‌കോപ്പ്


കാലിഡോസ്‌കോപ്പ് /പ്രകാശ് മഹാദേവഗ്രാമം


പത്താമുദയ ദിവസം (തുലാം പത്ത്)പുലയരുടെ സ്ഥാനത്ത് നിന്ന് പകര്‍ത്തിയതാണ് ഈ തെയ്യചിത്രം. സ്ഥാനമെന്ന് പറായാന്‍ കെട്ടിടങ്ങളോ ചുറ്റുമതിലുകളോ ഇല്ല. വലിയൊരു ആലിന്‍ കീഴിലാണ് തെയ്യാട്ടം. കാലിച്ചേകോന്‍ തെയ്യവും ചാമുണ്ഡിയുമാണ് അരങ്ങില്‍.ചുറ്റിലും കുറച്ച് സ്ത്രീകളും കുട്ടികളും വാല്യക്കാരും മാത്രം. മേല്‍ ജാതിയില്‍ പെട്ടവര്‍ ഇങ്ങോട്ടേക്ക് വരാറില്ല.

ഇടവപ്പാതിക്ക് അടച്ച കാവുകളിലെല്ലാം നടതുറന്ന് വിളക്ക് തെളിയിച്ച് അടിയന്തിരം നടക്കുന്ന ദിവസമാണ് പത്താമുദയം. സൂര്യദേവന്‍ അഷ്ടൈശ്വര്യങ്ങളും ഭക്തന്മാര്‍ക്കരുളുന്ന ദിവസം. ഈ ദിവസം തറവാടുകളും തെയ്യക്കാടുകളും പത്തുവെളുപ്പിന് ഭക്തിസാന്ദ്രമാകുന്നു.തറവാട്ടിലെ പ്രായമായ സ്ത്രീകള്‍ കുളിച്ച് കുറിതൊട്ട് ഉദയം കാണുമ്പോള്‍ നിലവിളക്കില്‍ പരുത്തി കൊളുത്തി സൂര്യഭഗനവാനെ വരവേല്‍ക്കും.[]

കിണ്ടിയിലെ തീര്‍ത്ഥമെറിഞ്ഞ്, അരിയും പൂവുമെറിഞ്ഞ് സമ്പല്‍സമൃദ്ധിക്കും സമാധാനത്തിനുമായി പ്രാര്‍ത്ഥിക്കും. സൂര്യതേജസ്സസ് ആവാഹിച്ച കിണ്ടിയിലെ തീര്‍ത്ഥം തറവാടിന്റെ ഐശ്വര്യ പ്രതീകമായി പടിഞ്ഞാറ്റയില്‍ സൂക്ഷിക്കും. കാര്‍ഷിക സമ്പന്നമായ ഒരു കാലഘട്ടത്തിന്റെ അവശേഷിപ്പുകളാണ് ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍.

പത്താമുദയത്തിന് പഴയ നടപ്പനുസരിച്ച് കന്നുകാലിത്തൊഴുത്തില്‍ കന്നിമൂല വൃത്തിയാക്കി വൃതശുദ്ധിയോടെ കാലിച്ചാന്തട്ട് നടത്തിയിരുന്നു. കന്നുകാലി പരിപാലകനായ കാലിച്ചേകോന്‍ തെയ്യം കനിഞ്ഞനുഗ്രഹിക്കാനാണ് ഈ നിവേദ്യ പൂജ. കാലിച്ചേകോന്‍ തെയ്യം വീടുകളില്‍ എത്തുന്ന ദിവസമാണ് തുലാം പത്ത്. കൊളുത്തിയ ദീപം കൊണ്ട് കന്നുകാലികളുടെ തല ഉഴിയുകയും കന്നുകാലികള്‍ക്ക് ഇഷ്ടഭക്ഷണം കൊടുക്കുന്ന പതിവും പഴയകാലത്തുണ്ടായിരുന്നു. വീട്ടുകാര്‍ തെയ്യത്തിന് അരിയും എണ്ണയും കുടിക്കാന്‍ പശുവിന്‍ പാലും നല്‍കും. പഴയ തലമുറ കന്നിക്കൊയ്ത്ത് കഴിഞ്ഞ് രണ്ടാം വിളയിറക്കുന്നത് പത്താമുദയത്തോടെയാണ്.

ആഗോളവത്ക്കരണത്തിന്റെ ഭാഗമായി വയലുകളും കാലിത്തൊഴുത്തുകളും നമ്മുടെ ജീവിതത്തില്‍ നിന്ന് കുടിയൊഴിഞ്ഞ് പോയെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ക്ക് മാത്രം മാറ്റമില്ല. നന്നായിട്ട് മീന്‍പിടിക്കാനും നായാട്ട് നടത്തിനും തുലാം പത്തിന്റെ മുഹൂര്‍ത്തമായിരുന്നു പഴയ തലമുറ സ്വീകരിച്ചിരുന്നത്. തൊണ്ടച്ചന്‍ തെയ്യക്കാവുകളില്‍ പത്താമുദയത്തിന് അട നിവേദിക്കുന്ന പതിവുണ്ട്. അരിമാവ് കൊണ്ട് ഇലയടയുണ്ടാക്കി വൈക്കോലില്‍ ചുട്ടെടുത്താണ് ഇവ നിവേദിക്കുക. വടക്കേ മലബാറിന്റെ തെയ്യക്കാവുകള്‍ സജീവമാകുന്നത് പത്താമുദയത്തോടെയാണ്. ഈ ജനതയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനമാണ് മകരമാസം വരെ നീണ്ടുനില്‍ക്കുന്ന തെയ്യക്കാലം.

ഇരുട്ട് പരക്കാന്‍ തുടങ്ങിയിരുന്നു. കാലിച്ചേകോന്റെയും ചാമുണ്ഡിയുടേയും ജീവിതത്തില്‍ ആരാണ് സമൃദ്ധിയും ഐശ്വര്യവും സമാധാനവും ചൊരിയുക.

Phone: +91 9895 238 108

പ്രകാശ് മഹാദേവഗ്രാമത്തിന്റെ മറ്റു കാലിഡോസ്‌കോപ്പികള്‍:

അമ്മ

ലോണ്‍ലിനെസ്സ്

ബേര്‍ണിങ് ലൈഫ്

എ ലൈഫ് ലൈക്ക് എ റിവര്‍

വറുതികാലത്തെ തെയ്യങ്ങള്‍

ഒറ്റസ്‌നാപ്പിലൊതുങ്ങുന്നതല്ല ഈ ജീവിതം

തെയ്യമായാലും മനുഷ്യനായാലും പുലയന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനാണ്

We use cookies to give you the best possible experience. Learn more