|

പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: ശ്രേഷ്ഠ മലയാളത്തിന്റെ മഹിമ കുട്ടികളെ പരിചയപ്പെടുത്താനായി സ്‌കൂള്‍ പാഠപുസ്തകം പഴയ ലിപിയിലേക്കാക്കുന്നു. അഞ്ചാം ക്ലാസ് മുതലുള്ള പുസ്തകങ്ങളാണ് പഴയ ലിപിയിലെഴുതുന്നത്.

1973 മുതല്‍ ടൈപ്പ് റൈറ്ററിന്റെ സൗകര്യത്തിന് വേണ്ടിയാണ് മലയാളത്തില്‍ പുതി ലിപി സ്വീകരിച്ചത്. എന്നാല്‍ ഭാഷയുടെ ശക്തിയും സൗന്ദര്യവും പഴയ ലിപിയിലാണെന്ന തിരിച്ചറിവിലാണ്പഴയ ലിപിയിലേക്ക് തന്നെ മാറുന്നത്.

ബുധനാഴ്ച്ച വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കരിക്കുലം കമ്മിറ്റി യോഗം പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കും. ഭാഷ, സാമൂഹ്യശാസ്ത്ര പുസ്തകങ്ങളുടെ ഉള്ളടക്കത്തിലാണ് മാറ്റമുള്ളത്. പാഠപുസ്തകത്തിന്റെ ആദ്യ ഭാഗത്തിന്റെ രചന പൂര്‍ത്തിയായിക്കഴിഞ്ഞു.

പാഠപുസ്തക പരിഷ്‌കരണ കാലത്തെല്ലാം കേരളത്തില്‍ വിവാദമുയര്‍ന്ന സാഹചര്യത്തില്‍ തര്‍ക്കത്തിനുള്ള സാധ്യത പരമാവധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്എസ്.സി.ഇ.ആര്‍.ടി.

മൂന്നുവരെയുള്ള ക്ലാസുകളില്‍ രക്ഷിതാക്കള്‍ക്ക് കൈപുസ്തകം പുതുതായി ഏര്‍പ്പെടുത്തും. വ്യാകരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പഠനം മൂന്നാം തരം മുതല്‍ തുടങ്ങും.

വ്യാകരണ പഠനം ഭാഷയോട് താല്‍പ്പര്യം കുറയ്ക്കുന്നുവെന്ന വിലയിരുത്തലില്‍ ഇടക്കാലത്ത് അവ ഒഴിവാക്കിയിരുന്നെങ്കിലും നിലവാരത്തെ ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് വീണ്ടും തിരിച്ച് കൊണ്ടുവരുന്നത്.

ആരോഗ്യം, ഗതാഗത നിയമങ്ങള്‍, പരിസ്ഥിതി പഠനം എന്നീ വിഷയങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതിയാണിത്. കഴിഞ്ഞ പ്രാവശ്യം ഏഴാം ക്ലാസ് സാമൂഹ്യ പാഠപുസ്തകം വിവാദമായതിനാല്‍ മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യ സമരം തുടങ്ങിയ കാര്യങ്ങള്‍ രണ്ടാം ഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. പാഠ്യപദ്ധതി പരിഷ്‌കാരം വിവാദമാകാതിരിക്കാനാണിത്.