സംസ്ഥാനസര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ക്കൂടി; അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ റെഡി
Kerala News
സംസ്ഥാനസര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ക്കൂടി; അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ റെഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st March 2020, 6:55 pm

കൊച്ചി: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തെക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. അധ്യയന വര്‍ഷം ആരംഭിക്കാന്‍ മാസങ്ങള്‍ ശേഷിക്കെയാണ് സ്‌കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചിരിക്കുന്നത്. തയ്യാറായിരിക്കുന്ന പുസ്തകങ്ങളുടെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

മൂന്ന് കോടി 23 ലക്ഷം പുസ്തകങ്ങളാണ് വിതരണത്തിനു തയാറായിരിക്കുന്നത്. മൂന്ന് ലക്ഷത്തി മുപ്പത്തെണ്ണായിരം പുസ്തകങ്ങള്‍ അറബി, ഉറുദു, തമിഴ്, കന്നട ഭാഷകളിലായി ഇതിനു പുറമെ അച്ചടിച്ചിട്ടുണ്ട്.

ഒന്നാം വാല്യം പുസ്തകങ്ങളെല്ലാം തന്നെ ഏപ്രില്‍ 15നു മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ ഈ വര്‍ഷത്തെ അവസാന പരീക്ഷ കഴിയുന്ന ദിവസം കുട്ടികള്‍ക്ക് നല്‍കും.

പത്താം ക്ലാസിലെ പുസ്തകങ്ങള്‍ ഒന്‍പതാം ക്ലാസിലെ ഫലപ്രഖ്യാപനം നത്തുന്ന ദിവസവും കൈമാറും. എട്ട്, ഒന്‍പത് ക്ലാസുകളിലേത് ഏപ്രില്‍ – മെയ് മാസങ്ങളിലും വിതരണത്തിനെത്തും. പാഠപുസ്തക വിതരണത്തിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസ് ഏറ്റെടുത്തതോടെയാണ് സ്‌കൂളുകളിലേക്കുള്ള വിതരണം കൃത്യസമയത്ത് സാധ്യമായിരിക്കുന്നത്.

ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരിക്കും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അശ്വിനിക്കും പുസ്തകങ്ങള്‍ കൈമാറിയാണ് മുഖ്യമന്ത്രി വിതരണോദ്ഘാടനം നിര്‍വഹിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ