ഐ.പി.എല്ലിന്റെ അമേരിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ടെക്‌സസ് സൂപ്പര്‍ കിങ്‌സ്. ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സിനെ 69 റണ്‍സിന് പരാജയപ്പെടുത്തിയാണ് സൂപ്പര്‍ കിങ്‌സ് തങ്ങളുടെ എം.എല്‍.സി ക്യാമ്പെയ്‌നിന് റോയലായി തുടക്കമിട്ടത്.
ടെക്‌സസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിയെ ഗോള്‍ഡന്‍ ഡക്കായി മടക്കിയ എല്‍.എ.കെ.ആര്‍ ഏര്‍ളി അഡ്വാന്റേജ് നേടിയിരുന്നു. ലോക്കി ഫെര്‍ഗൂസിന്റെ പന്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഉന്‍മുക്ത് ചന്ദിന് ക്യാച്ച് നല്‍കിയാണ് ഫാഫ് മടങ്ങിയത്. 14 പന്തില്‍ 17 റണ്‍സ് നേടിയ ലാഹിരു മിലാന്തയെ പുറത്താക്കി അലി ഖാന്‍ സൂപ്പര്‍ കിങ്‌സിന് അടുത്ത പ്രഹരമേല്‍പിച്ചു.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഡേവിഡ് മില്ലര്‍ എത്തിയതോടെ കളിയുടെ ഗതി മാറി. അതുവരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ഡെവോണ്‍ കോണ്‍വേ കൂടുതല്‍ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയതോടെ മത്സരം ടെക്‌സസിനൊപ്പമായി. ഇരുവരും അര്‍ധ സെഞ്ച്വറി തികച്ചിരുന്നു.
കോണ്‍വേ 37 പന്തില്‍ നിന്നും 55 റണ്‍സ് നേടി പുറത്തായപ്പോള്‍ മില്ലര്‍ 42 പന്തില്‍ 61 റണ്‍സും നേടി.
മിഡില്‍ ഓര്‍ഡറില്‍ മിച്ചല്‍ സാന്റ്‌നറും ബ്രാവോയും തങ്ങളുടെ സംഭാവനകള്‍ നല്‍കിയതോടെ സ്‌കോര്‍ ഉയര്‍ന്നു. സാന്റ്‌നര്‍ 14 പന്തില്‍ 21 റണ്‍സ് നേടിയപ്പോള്‍ ബ്രാവോ ആറ് പന്തില്‍ നിന്നും 16 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 181 റണ്‍സ് എന്ന നിലയില്‍ സൂപ്പര്‍ കിങ്‌സ് പോരാട്ടം അവസാനിപ്പിച്ചു.
ലോസ് ആഞ്ചലസിനായി അലി ഖാന്‍, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ സുനില്‍ നരെയ്‌നും ആദം സാംപയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സിന് തുടക്കത്തിലേ പിഴച്ചിരുന്നു. 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകളാണ് സൂപ്പര്‍ കിങ്‌സ് ബൗളര്‍മാര്‍ പിഴുതെറിഞ്ഞത്. മാര്‍ട്ടിന്‍ ഗപ്ടിലും നിതീഷ് കുമാറും ബ്രോണ്‍സ് ഡക്കായി മടങ്ങിയപ്പോള്‍ ഉന്‍മുക്ത് ചന്ദ്, റിലി റൂസോ എന്നിവര്‍ നാല് റണ്‍സ് വീതം നേടി മടങ്ങി.
ആറാം നമ്പറില്‍ ക്രീസിലെത്തിയ ആന്ദ്രേ റസലിന്റെ ചെറുത്ത് നില്‍പാണ് നൈറ്റ് റൈഡേഴ്‌സിന് അല്‍പമെങ്കിലും തുണയായത്. 34 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കം 55 റണ്‍സാണ് താരം നേടിയത്.
റസലിന് പുറമെ ജസ്‌കരന്‍ മല്‍ഹോത്ര (11 പന്തില്‍ 22) സുനില്‍ നരെയ്ന്‍ (13 പന്തില്‍ 15) എന്നിവര്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്.
ഒടുവില്‍ 14 ഓവറില്‍ 112 റണ്‍സിന് എല്‍.എ.കെ.ആര്‍ ഓള്‍ ഔട്ടാവുകയായിരുന്നു.
സൂപ്പര്‍ കിങ്‌സിനായി മുഹമ്മദ് മുഹസിന്‍ നാല് വിക്കറ്റ് വീഴ്ത്തയിപ്പോള്‍ ജെറാള്‍ഡ് കോട്‌സി, റസ്റ്റി തെറോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. കാല്‍വിന്‍ സാവേജും ബ്രാവോയുമാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
ജൂലൈ 17നാണ് സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം. വാഷിങ്ടണ്‍ ഫ്രീഡമാണ് എതിരാളികള്‍.
Content highlight: Texas Super Kings defeated Los Angels Knight Riders