ഐ.പി.എല്ലിന്റെ അമേരിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ മേജര്‍ ലീഗ് ക്രിക്കറ്റില്‍ (എം.എല്‍.സി) ടെക്‌സസ് സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായി സൗത്ത് ആഫ്രിക്കന്‍ വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസി. സൂപ്പര്‍ കിങ്‌സ് ഫാമിലിയിലേക്ക് ചെന്നൈക്കും ജോഹനാസ്‌ബെര്‍ഗിനും ശേഷമെത്തിയ പുതിയ ടീമാണ് ടെക്‌സസ് സൂപ്പര്‍ കിങ്‌സ്.
ഐ.പി.എല്ലിലെ പല ടീമുകള്‍ക്കും എം.എല്‍.സിയില്‍ ടീമുകളുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ കൗണ്ടര്‍പാര്‍ട്ടായ എം.ഐ ന്യൂയോര്‍ക്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അമേരിക്കന്‍ രൂപമായ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സ് എന്നിവരാണ് സൂപ്പര്‍ കിങ്‌സിന് പുറമെയുള്ള മറ്റ് ഐ.പി.എല്‍ ടീമുകള്‍.
ഐ.പി.എല്ലിനും എസ്.എ 20ക്കും ശേഷമാണ് സൂപ്പര്‍ കിങ്‌സ് അടുത്ത ഫ്രാഞ്ചൈസി ലീഗിലേക്ക് കാലെടുത്ത് വെക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനും ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സിനും ശേഷം പുതിയ ‘സൂപ്പര്‍ കിങ്‌സ്’ കൂടി വന്നതിന്റെ ആവേശത്തിലാണ് ആരാധര്‍. ഇതിനൊപ്പം തങ്ങളുടെ ഫാഫ് ക്യാപ്റ്റനായി വന്നതില്‍ അലതല്ലുന്ന ആവേശം വേറെ.
ഫാഫിന് പുറമെ തങ്ങളുടെ ഇതിഹാസ താരം ഡ്വെയ്ന്‍ ബ്രാവോയെയും സൂപ്പര്‍ കിങ്‌സ് ടെക്‌സസ് ടീമിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഐ.പി.എല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അംബാട്ടി റായിഡു, വെടിക്കെട്ട് വീരന്‍മാരായ ഡെവോണ്‍ കോണ്‍വേ, ഡേവിഡ് മില്ലര്‍, സൂപ്പര്‍ താരങ്ങളായ മിച്ചല്‍ സാന്റ്‌നര്‍, ഡാനിയല്‍ സാംസ്, ജെറാള്‍ഡ് കോട്‌സീ എന്നിവരും ടെക്‌സസ് സൂപ്പര്‍ കിങ്‌സിനായി അണിനിരക്കും.
ജൂലൈ 13നാണ് ടെക്‌സസ് സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം. സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ ഗ്രാന്‍ഡ് പ്രയറി ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.
അമേരിക്കന്‍ ഫുട്ബോളിനും ബാസ്റ്റക്കറ്റ് ബോളിനും ബേസ്ബോളിനും മാത്രം വേരോട്ടമുള്ള അമേരിക്കന്‍ മണ്ണിലേക്കാണ് ക്രിക്കറ്റുമായി എം.എല്‍.സി ചുവടുവെക്കാനൊരുങ്ങുന്നത്.
ആറ് ടീമുകളാണ് പ്രഥമ എം.എല്‍.സിയില്‍ കളത്തിലിറങ്ങുന്നത്. ‘ഇന്ത്യന്‍’ ടീമുകള്‍ക്ക് സാന്‍ ഹോസെ കാലിഫോര്‍മിയ ആസ്ഥമായ സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സ്, സിയാറ്റില്‍ വാഷിങ്ടണ്ണില്‍ നിന്നുള്ള സിയാറ്റില്‍ ഓര്‍കാസ്, വാഷിങ്ടണ്‍ ഡി.സി ആസ്ഥാനമായ വാഷിങ്ടണ്‍ ഫ്രീഡം എന്നിവരാണ് ആദ്യ സീസണില്‍ കിരീടത്തിനായി പോരാടുക.
Content Highlight: Texas Super Kings appoint Faf du Plessis as captain