ടെക്സാസ്: യു.എസില്‍ നിലനില്‍ക്കുന്ന ഇസ്ലാമോഫോബിയ തുറന്നുകാട്ടി ഹോട്ടല്‍ ജീവനക്കാരനു അതിഥിയുടെ കുറിപ്പ്. ഖലീല്‍ കാവില്‍ എന്ന യുവാവിനോടാണ് അതിഥി വിദ്വേഷം നിറഞ്ഞ കുറിപ്പ് എഴുതി വെച്ചത്.
“തീവ്രവാദിക്ക് ഞങ്ങള്‍ ടിപ്പ് നല്‍കില്ല” എന്നായിരുന്നു ബില്ലില്‍ അതിഥി എഴുതിയത്. ഇവര്‍ക്ക് ഭക്ഷണം വിളമ്പിയ പരിചാരകന്റെ പേരില്‍ മുസ്‌ലിം സാദൃശ്യമുള്ള പദം വന്നതാണ് ഇത്തരത്തിലൊരു കുറിപ്പ് എഴുതാന്‍ കാരണം.
ഖലീല്‍ കാവില്‍ എന്ന യുവ പരിചാരകനായിരുന്നു ഈ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പിയത്. അതിഥികള്‍ പോയ ശേഷം ബില്ലും ടിപ്പും എടുക്കാന്‍ എത്തിയപ്പോഴാണ് ബില്ലില്‍ എഴുതിയ വാക്കുകള്‍ ഖലീല്‍ കണ്ടത്.
“ആ കുറിപ്പ് വായിച്ച സമയത്ത് എനിക്ക് എന്ത് പറയണമെന്നോ ചിന്തിക്കണമെന്നോ പോലും അറിയില്ലായിരുന്നു. ഞാന്‍ അത്രക്കും തകര്‍ന്നു പോയിരുന്നു” ബില്ലിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഖലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തന്നെ കുറിച്ചു യാതൊന്നും അറിയാത്ത അതിഥികള്‍ തന്റെ പേര് മാത്രം കേട്ട്് താന്‍ അറബ് രാജ്യത്തില്‍ നിന്നുള്ള വ്യക്തിയാണെന്ന് കരുതിയാണ് ഈ കുറിപ്പ് എഴുതിയതെന്ന് ഖലീല്‍ പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയിലാണ് അച്ഛന്‍ തനിക്ക് ഈ പേര് നല്‍കിയതെന്ന് ക്രിസ്ത്യന്‍ മതവിശ്വാസിയായ ഖലീല്‍ പറയുന്നു.
“എന്റെ അച്ഛന്‍ പട്ടാളത്തിലായിരുന്നു. അവിടെ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു ഖലീല്‍. ഇദ്ദേഹം ഒരു അപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു.”
അതിഥികളുടെ പേര് വെളിപ്പെടുത്താതെ സംഭവം പങ്കുവെച്ചുകൊണ്ട് ഖലീല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിന് നിരവധി പേരാണ് പിന്തുണയുമായെത്തിയത്. പതിനായരങ്ങളാണ് കുറിപ്പ് ഷെയര്‍ ചെയ്തത്.
ചിലര്‍ ഖലീലിന് പണം അയച്ചുകൊടുക്കുക പോലും ചെയ്തു. ടിപ്പോ പണമോ അല്ല ഇവിടുത്തെ വിഷയമെന്നും വംശീയതയും വിദ്വേഷവും ഇന്നും നിലനില്‍ക്കുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും ഖലീല്‍ മറുപടിയായി കുറിച്ചു.