| Tuesday, 29th September 2020, 1:04 pm

തലച്ചോര്‍ തീനികളായ സൂക്ഷ്മ ജീവികള്‍, യു.എസില്‍ ആറു വയസ്സുകാരന്‍ മരിച്ചു; ആരോഗ്യ ദുരന്തമായി പ്രഖ്യാപിച്ചു, കനത്ത ജാഗ്രത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൂസ്റ്റണ്‍: ടെക്‌സസില്‍ തലച്ചോര്‍ തീനികളായ സൂക്ഷ്മ ജീവികള്‍ മൂലം ആറു വയസ്സുകാരന്‍ മരിച്ചു. ഈ കുട്ടി കുടിച്ച പൈപ്പില്‍ നിന്നുള്ള വെള്ളത്തില്‍ തലച്ചോര്‍ തീനികളായ അമീബകളെ കണ്ടെത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ എട്ടിനാണ് ഈ കുട്ടി മരിച്ചത്. കുട്ടിയുടെ മരണകാരണം ഈ മാരക സൂക്ഷ്മ ജീവികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ടെക്‌സസ് ഗവര്‍ണര്‍ ദുരന്ത പ്രഖ്യാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

തടാകങ്ങളിലെയും നദികളിലെയും ശുദ്ധജലത്തിലാണ് നൈഗ്ലീരിയ ഫൗളേരി എന്ന വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മ ജീവികള്‍ സാധാരണയായി വളരുന്നത്.

ഇവ ജലത്തില്‍ നിന്നും മൂക്കിലൂടെ തലച്ചോറിലേക്ക് കയറുകയും ഇതിന് പിന്നാലെ ശക്തമായ തലവേദന, ഹൈപ്പര്‍തേര്‍മിയ, ഛര്‍ദ്ദി തലകറക്കം, കടുത്ത ക്ഷീണം എന്നിവയ്ക്ക് കാരണമാവുന്നു. ഇവ ബാധിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ മരണം സംഭവിക്കാം.

2009-2018 കാലയളവില്‍ 34 പേര്‍ക്ക് ഈ സൂക്ഷ്മാണുക്കളില്‍ നിന്ന് രോഗം ബാധിച്ചിരുന്നു. ഫൗളേരിയെ കണ്ടെത്തിയ ജല സ്രോതസ്സുകള്‍ അണുവിമുക്തമാക്കുകയാണെന്ന് ടെക്സാസിലെ ജലവിതരണ വകുപ്പ് ജീവനക്കാര്‍ അറിയിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് ഒരു കാരണവശാലും ടെക്സാസിലെ പൊതുജല വിതരണം സംവിധാനത്തില്‍ നിന്നുമുള്ള ജലം ഉപയോഗിക്കരുതെന്ന നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കുന്നത്. ഏതെങ്കിലും കാരണവശാല്‍ വെള്ളം ഉപയോഗിക്കുകയാണെങ്കില്‍ തിളപ്പിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

നിലവില്‍ ടെക്സാസിലെ ലേക്ക് ജാക്സണ്‍ പ്രദേശത്തുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഭീഷണി നിലനില്‍ക്കുന്നതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. 27,000ത്തിലധികം ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്.

കുളിക്കുമ്പോള്‍ വെള്ളം മൂക്കിലോ വായിലോ പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കുട്ടികളും പ്രായമായവരും, രോഗപ്രതിരോധശേഷി കുറവുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more