| Friday, 16th July 2021, 1:40 pm

കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; മൂന്നാം തരംഗം തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, കേരള മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഓണ്‍ലൈനായാണ് മുഖ്യമന്ത്രിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.

കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതില്‍ പ്രധാനമന്ത്രി ആശങ്ക അറിയിച്ചു. കൊവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് എല്ലാവരും ഓര്‍മിക്കണമെന്നും മൂന്നാം തരംഗം തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മൈക്രോ കണ്ടെയ്മെന്റ് സോണുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്, വാക്‌സിനേറ്റ് എന്ന മുദ്രാവാക്യത്തില്‍ ഊന്നിയാണ് മുന്നോട്ടുപോകേണ്ടത്. വൈറസിന്റെ തുടര്‍ ജനിതകമാറ്റം പോലെയുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.

ആഘോഷങ്ങള്‍ നടത്താന്‍ സമയമായിട്ടില്ല. വാക്‌സിനേഷന്റെയും, രോഗ നിര്‍ണയ പരിശോധനയുടെയും നിരക്ക് കൂട്ടണം. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം,’ അദ്ദേഹം പറഞ്ഞു.

നേരത്തെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തില്‍ ഉണ്ടാകുമെന്ന് ഐ.സി.എം.ആറിലെ മുതിര്‍ന്ന ഡോക്ടര്‍ സമിരന്‍ പാണ്ഡെ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  “Test, Track, Treat, Teeka“: PM Modi’s Advice To States To Stop 3rd Wave

We use cookies to give you the best possible experience. Learn more