മംഗലാപുരം: കര്‍ണാടകയില്‍ നിപ വൈറസ് സംശയിച്ച വ്യക്തിക്ക് രോഗമില്ലെന്ന് പരിശോധനാഫലം. കര്‍ണാടകയിലെ കാര്‍വാര്‍ സ്വദേശിയുടെ പരിശോധനാഫലമാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്. പൂനെ എന്‍.ഐ.വിയിലാണ് സ്രവം പരിശോധിച്ചത്.
കഴിഞ്ഞ ദിവസമാണ് നിപ സംശയിച്ച് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ നിന്ന് നാട്ടിലെത്തിയ ഒരാളുമായി ലാബ് ടെക്നീഷ്യനായ ഇയാള്‍ക്ക് സമ്പര്‍ക്കമുണ്ടായി എന്ന സംശയമുണ്ടായിരുന്നു.
ഏതാനും ദിവസം മുന്‍പ് ഗോവയിലേക്ക് ഇയാള്‍ യാത്ര നടത്തുകയും ചെയ്തിരുന്നു. അതേസമയം കാര്യമായ രോഗലക്ഷണം ലാബ് ടെക്‌നിഷ്യന് ഉണ്ടായിരുന്നില്ലെന്ന് നേരത്തെ ആരോഗ്യ കമ്മീഷണര്‍ കെ.വി. ത്രിലോക് ചന്ദ്ര കര്‍ണാടകയിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഗോവയിലെ ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റ് കിറ്റിന്റെ നിര്‍മ്മാണ യൂണിറ്റില്‍ ജോലി ചെയ്യുന്ന വ്യക്തി കാര്‍വാര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സെപ്റ്റംബര്‍ 8 ന് തന്റെ ജന്മനാടായ ഗോവയില്‍ നിന്ന് ജോലിസ്ഥലത്തേക്ക് തന്റെ ഇരുചക്രവാഹനത്തില്‍ എത്തിയിരുന്നു. മഴ നനഞ്ഞായിരുന്നു ഈ യാത്ര. പിന്നീട് പനിയും തലവേദനയും വന്ന വ്യക്തി തനിക്ക് നിപയാണെന്ന് ഭയക്കുകയായിരുന്നെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി. രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
എന്നാലും മുന്‍കരുതല്‍ നടപടിയായിട്ടാണ് പരിശോധനയ്ക്ക് അയച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലെ ഉദ്യോഗസ്ഥരോട് ലാബ് ടെക്‌നിഷ്യന്റെ എല്ലാ കോണ്‍ടാക്റ്റുകളും തിരിച്ചറിയാനും എന്‍.ഐ.വി പൂനെയില്‍ നിന്ന് ഫലങ്ങള്‍ ലഭിക്കുന്നതുവരെ ആളുകളുമായുള്ള സമ്പര്‍ക്കം ഇല്ലാതാക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നേരത്തെ കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കാന്‍ കര്‍ണാടക നിര്‍ദ്ദേശം നല്‍കിയിരുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി, മൈസൂര്‍, കുടക്, ചാമരാജനഗര്‍ ജില്ലകളിലായിരുന്നു സര്‍ക്കാര്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയത്.
Test results show that the person suspected of NIPAH in Karnataka is not ill