രോഹിത്തും കോഹ്‌ലിയുമൊക്കെ മോശം, പൂജാര വളരെ മോശം; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റിപ്പോര്‍ട്ട് കാര്‍ഡ്
Cricket news
രോഹിത്തും കോഹ്‌ലിയുമൊക്കെ മോശം, പൂജാര വളരെ മോശം; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റിപ്പോര്‍ട്ട് കാര്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th June 2023, 7:20 pm

2013 ജൂണ്‍ 23നാണ് അവസാനമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു ഐ.സി.സി കിരീടം നേടുന്നത്. ഇതിനിടയില്‍ വ്യത്യസ്ത ഫോര്‍മാറ്റുകളിലുള്ള ഒമ്പത് ഐ.സി.സി ഇവന്റുകള്‍ കളിച്ച ടീം ഒരു കിരീടത്തിനായുള്ള യാത്ര ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. 209 റണ്‍സിനായിരുന്നു രോഹിത്തും സംഘവും ഓസീസിനോട് തോറ്റത്.

ഓവലില്‍ ഓസ്ട്രേലിയയ്ക്കെതിരായി നടന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയില്‍ ഇന്ത്യന്‍ സ്‌ക്വാഡിലെ മുഴുവന്‍ താരങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലെയും താരങ്ങളുടെ പ്രകടനം സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി ദേശീയ മാധ്യമമായ ദി ഹിന്ദുസ്ഥാന്‍ ടൈംസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് കാര്‍ഡ് പരിശോധിക്കാം.

രോഹിത് ശര്‍മ്മ

ടീമിന്റെ നായകനായ രോഹിത് ശര്‍മ്മക്ക് പത്തില്‍ നാല് പോയിന്റാണ് റേറ്റിങ് നല്‍കുന്നത്. ഫൈനലില്‍ താരത്തിന്റെ പ്രകടനത്തിന് മോശം(Poor) നിലവാരത്തിലാണ് അടയാളപ്പെടുത്തപ്പെടുന്നത്. നായകന്‍ എന്ന നിലയില്‍ മാത്രമല്ല ഒരു ബാറ്റര്‍ എന്ന നിലയിലും താരം പരാജയമായിരുന്നെന്ന് റിപ്പോര്‍ട്ട് കാര്‍ഡ് പറയുന്നു. രണ്ട് ഇന്നിങ്‌സുകളിലും തുടക്കത്തില്‍ രോഹിത്തിന് പുറത്താകേണ്ടി വന്നിരുന്നു.

ശുഭ്മാന്‍ ഗില്‍

ഐ.പി.എല്ലില്‍ മികച്ച താരമായിരുന്ന ഗില്ലിന് രോഹിത്തിന് നല്‍കിയതിലും കുറഞ്ഞ റേറ്റിങ്ങാണ് നല്‍കുന്നത്(3/10). ആദ്യ ഇന്നിങ്‌സില്‍ ബോളണ്ടിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി 13 റണ്‍സുമായി മടങ്ങിയ ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ 18 റണ്‍സെടുത്തുനില്‍ക്കെ ബോളണ്ടിന്റെ തന്നെ പന്തില്‍ ഗ്രീനിന് ക്യാച്ച് നല്‍കുകയായിരുന്നു.

ചേതേശ്വര്‍ പൂജാര

ഐ.പി.എല്‍ ക്ഷീണം കൂടാതെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി പരിശീലിക്കാന്‍ കൂടുതല്‍ സമയം ലഭിച്ച പൂജാരയുടെ റേറ്റിങ് രണ്ടാണ്. 103 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച വെറ്ററന്‍ ബാറ്റര്‍ക്ക് രണ്ട് ഇന്നിങ്‌സുകളിലും ഓവലില്‍ കാര്യമായ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് വിലയിരുത്തുന്നു.

മറ്റ് പെര്‍ഫോമന്‍സുകള്‍

പത്തില്‍ നാല് പോയിന്റ് റേറ്റിങ് നല്‍കി മുന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും മോശം പെര്‍ഫോമന്‍സിന്റെ പരിധിയിലാണ് ഉള്‍പ്പെട്ടത്. ബാറ്റിങ്ങില്‍ അജിങ്ക്യ രഹാനക്ക് മാത്രമാണ് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നൊള്ളു. അതും 10ല്‍ ഏഴ് പോയിന്റ് നല്‍കി മാത്രം. ബൗള്‍ര്‍മാരുടെ നിരയില്‍ ഗുഡ് ക്യാറ്റഗറില്‍ ഉള്‍പ്പട്ടത് പേസറായ മുഹമ്മദ് സിറാജ് മാത്രമാണ്. സിറാജിനും എഴ് പോയിന്റ് റേറ്റിങ് നല്‍കിയിട്ടുണ്ട്.

പത്തില്‍ ആറ് പോയിന്റുമായി ശരാശരിക്ക് മുകളിലാണ് ഓള്‍ റൗണ്ടര്‍ രവിന്ദ്ര ജഡേജക്ക് നല്‍കിയ റേറ്റിങ്. ബൗളര്‍മാരില്‍ ഉമേഷ് യാദവ് വളരെ മോശം പെര്‍ഫോമന്‍സെന്ന് വിലയിരുത്തുമ്പോള്‍ മുഹമ്മദ് ഷമിയുടെ പെര്‍ഫോമന്‍സ് മോശം നിലവാരത്തിലാണ്. ശാര്‍ദുല്‍ താക്കൂര്‍ അഞ്ച് പോയിന്റുമായി ശരാശരി പ്രകടനം നടത്തിയെന്ന് വിലയിരുത്തുമ്പോള്‍, നാല് പോയിന്റുള്ള കെ.എസ്. ഭരതിന്റെ പെര്‍ഫോമന്‍സിനെ മോശമായിട്ടാണ് വിലയിരുത്തുന്നത്.

Content Highlight: Test Championship Final Report Card, Rohit and Kohli bad, Pujara is very bad