| Monday, 15th April 2024, 12:53 pm

ഞാന്‍ അന്ന് ലാലുവേട്ടനോട് ചെയ്ത കാര്യം ഒരിക്കലും ശരിയായില്ലെന്ന് എനിക്കറിയാമായിരുന്നു: ടെസ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പട്ടാളം എന്ന ചിത്രത്തിന് ശേഷം സിനിമാ മേഖലയില്‍ നിന്ന് വിട്ടുനിന്ന താരമാണ് ടെസ ജോസഫ്. താന്‍ സംവിധായകന്‍ ലാല്‍ ജോസിനോട് ചെയ്തത് ഒരിക്കലും ശരിയായ ഒരു നടപടിയല്ലെന്ന് തനിക്ക് അറിയാമെന്ന് പറയുകയാണ് ടെസ.

ലാല്‍ ജോസ് തന്റെ മാതാപിതാക്കളോട് സംസാരിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് താന്‍ ആ സിനിമയില്‍ അഭിനയിച്ചതെന്നും താരം പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടെസ ജോസഫ്.

പട്ടാളം സിനിമയാകും ആദ്യത്തെയും അവസാനത്തെയും സിനിമയെന്ന് ലാല്‍ ജോസിനോട് പറഞ്ഞിരുന്നുവെന്നും ആ സിനിമ കൊണ്ട് തനിക്ക് ഒരിക്കലും ഒരു ദോഷവും വരില്ലെന്ന് അദ്ദേഹം തന്റെ അമ്മക്ക് വാക്ക് നല്‍കിയിരുന്നെന്നും താരം പറയുന്നു.

‘ലാലുവേട്ടന്‍ എന്റെ പാരന്‍സിനെ കണ്‍വീന്‍സ് ചെയ്തപ്പോഴാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ആ സമയത്ത് തന്നെ ഈ സിനിമയാകും ആദ്യത്തെയും അവസാനത്തെയും സിനിമയെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഞാന്‍ എങ്ങനെയുള്ള ഫാമിലിയില്‍ നിന്ന് വരുന്നതെന്ന് ലാലുവേട്ടന് അറിയാം.

അന്ന് ലാലുവേട്ടന്‍ അമ്മക്ക് ഒരു പ്രോമിസ് കൊടുത്തിരുന്നു. ‘ഈ സിനിമ കൊണ്ട് ഇവള്‍ക്ക് ഒരിക്കലും ഒരു ദോഷവും വരില്ല, അത് എന്റെ ഗ്യാരണ്ടിയാണ്’ എന്ന് പറഞ്ഞു. സിനിമ എങ്ങനെയാണെന്ന് പാരന്‍സിന് അറിയാത്തത് കൊണ്ടായിരുന്നു അത്. അത്രയും സ്വീറ്റായ, കണ്‍വീന്‍സിങ്ങായ ഒരു സംവിധായകനെ കിട്ടിയത് എന്റെ ഭാഗ്യമാണ്.

പക്ഷേ എനിക്കറിയാം, ഞാന്‍ ലാലുവേട്ടനോട് ചെയ്തത് ഒരിക്കലും ശരിയായ ഒരു നടപടിയല്ല. കുറച്ച് സിനിമകള്‍ കൂടെ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ ലാലുവേട്ടന് എന്നെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാന്‍ കഴിയുന്ന മൊമെന്റ് ആയേനെ,’ ടെസ ജോസഫ് പറഞ്ഞു.

2003ല്‍ പുറത്തിറങ്ങിയ പട്ടാളത്തിലൂടെ സിനിമയിലേക്ക് വന്ന താരമാണ് ടെസ ജോസഫ്. പട്ടാളത്തിന് ശേഷം താരം കുറേ വര്‍ഷങ്ങള്‍ സിനിമകളില്‍ അഭിനയിച്ചിരുന്നില്ല. 2015ല്‍ ബാലചന്ദ്രമേനോന്റെ ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന സിനിമയിലൂടെയാണ് വീണ്ടും സിനിമയിലേക്ക് വരുന്നത്. അതിന് ശേഷം രാജമ്മ അറ്റ് യാഹു, മറുപടി, ഗോള്‍ഡ് കോയിന്‍സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.


Content Highlight: Tessa Joseph Talks About Pattalam Movie And Lal Jose

We use cookies to give you the best possible experience. Learn more