ലാല്‍ ജോസ് ചിത്രത്തിലൂടെ സിനിമാ മേഖലയിലേക്ക് വന്ന നടിയാണ് ടെസ ജോസഫ്. 2003ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ പട്ടാളമായിരുന്നു ടെസയുടെ ആദ്യ ചിത്രം. എന്നാല്‍ ഈ ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് താരം ഒരു വലിയ ഇടവേളയെടുത്തിരുന്നു.
ശേഷം 2015ലാണ് ബാലചന്ദ്രമേനോന്റെ ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന സിനിമയിലൂടെ ടെസ വീണ്ടും സിനിമയിലേക്ക് വരുന്നത്. അതിന് ശേഷം രാജമ്മ അറ്റ് യാഹു, മറുപടി, ഗോള്‍ഡ് കോയിന്‍സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ ആണ് താരം അഭിനയിച്ച അവസാന ചിത്രം.
താന്‍ ഓരോ സിനിമയും ചെയ്ത് അടുത്ത സിനിമ ചെയ്യുമ്പോള്‍ ‘തിരിച്ചുവരവ്’ എന്ന രീതിയിലാണ് ആളുകള്‍ സംസാരിക്കുന്നതെന്ന് പറയുകയാണ് ടെസ ജോസഫ്. തിരിച്ചു വരവ് എന്നത് താന്‍ കുറേ തവണയായി കേള്‍ക്കുന്നുവെന്നും എന്നാല്‍ അവസരങ്ങള്‍ കിട്ടിയാല്‍ മാത്രമാണ് തനിക്ക് സിനിമ ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും ടെസ കൂട്ടിച്ചേര്‍ത്തു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഞാന്‍ ഓരോ സിനിമയും ചെയ്ത് ചെറിയ ഗ്യാപ്പെടുത്ത് അടുത്ത സിനിമ ചെയ്യുമ്പോള്‍ ആളുകള്‍ പറയുന്നത് ‘തിരിച്ചുവരുന്നു’ എന്നാണ്. നാലഞ്ച് സിനിമകള്‍ ചെയ്തപ്പോഴും ‘തിരിച്ചുവരുന്നു’ എന്ന് തന്നെയാണ് പറഞ്ഞത്. ഇപ്പോള്‍ തലവന്‍ സിനിമ കഴിഞ്ഞ് അടുത്ത സിനിമ ചെയ്യാന്‍ എന്തായാലും ഒരു ഗ്യാപ് വരും. അപ്പോഴും തിരിച്ചുവരവ് എന്ന് തന്നെയാകും പറയാന്‍ പോകുന്നത്.
ഈ തിരിച്ചു വരവ് ഞാന്‍ കുറേയായി കേള്‍ക്കുന്നു. എനിക്ക് അവസരങ്ങള്‍ കിട്ടിയാല്‍ മാത്രമല്ലേ സിനിമ ചെയ്യാന്‍ സാധിക്കുകയുള്ളു. അല്ലാതെ ഞാന്‍ എവിടെയും മറഞ്ഞിരിക്കുകയല്ലല്ലോ. നല്ല അവസരങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും അത് ഞാന്‍ ഉപയോഗിക്കാറുണ്ട്. അവസരങ്ങള്‍ ഇല്ലാത്തതിന്റെ പ്രശ്‌നമായിരുന്നു ഞാന്‍ ഇത്രനാള്‍ നേരിട്ടത്,’ ടെസ ജോസഫ് പറഞ്ഞു.
Content Highlight: Tessa Joseph Talks About Her Comeback