'അതെന്റെ ഗ്യാരണ്ടിയാണ്' പട്ടാളം സിനിമക്ക് മുമ്പ് അദ്ദേഹം അമ്മക്ക് ആ പ്രോമിസ് നല്‍കി: ടെസ ജോസഫ്
Entertainment
'അതെന്റെ ഗ്യാരണ്ടിയാണ്' പട്ടാളം സിനിമക്ക് മുമ്പ് അദ്ദേഹം അമ്മക്ക് ആ പ്രോമിസ് നല്‍കി: ടെസ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th April 2024, 9:57 am

2003ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രമായ പട്ടാളത്തിലൂടെ സിനിമയിലേക്ക് വന്ന താരമാണ് ടെസ ജോസഫ്. പട്ടാളത്തിന് ശേഷം താരം കുറേ വര്‍ഷങ്ങള്‍ സിനിമകളില്‍ അഭിനയിച്ചിരുന്നില്ല. 2015ല്‍ ബാലചന്ദ്രമേനോന്റെ ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന സിനിമയിലൂടെയാണ് വീണ്ടും സിനിമയിലേക്ക് വരുന്നത്.

അതിന് ശേഷം രാജമ്മ അറ്റ് യാഹു, മറുപടി, ഗോള്‍ഡ് കോയിന്‍സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലാല്‍ ജോസിനെ കുറിച്ച് സംസാരിക്കുകയാണ് ടെസ ജോസഫ്.

‘ലാലുവേട്ടന്‍ ഞാന്‍ സിനിമയിലേക്ക് വരും മുമ്പ് തന്നെ ഞങ്ങളുടെ വീട്ടിലേക്ക് വന്നിരുന്നു. അന്ന് പാരന്‍സിനോട് സംസാരിച്ചിരുന്നു. അന്ന് ലാലുവേട്ടന്‍ വളരെ പേഷ്യന്‍സായി ഇരുന്ന് എന്റെ പേരന്‍സിനോട് സിനിമയെ പറ്റി പറഞ്ഞു കൊടുത്തു.

അദ്ദേഹം അവരെ കണ്‍വീന്‍സ് ചെയ്തപ്പോഴാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ആ സമയത്ത് തന്നെ ഈ സിനിമയാകും ആദ്യത്തെയും അവസാനത്തെയും സിനിമയെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഞാന്‍ എങ്ങനെയുള്ള ഫാമിലിയില്‍ നിന്ന് വരുന്നതെന്ന് ലാലുവേട്ടന് അറിയാം.

അന്ന് ലാലുവേട്ടന്‍ അമ്മക്ക് ഒരു പ്രോമിസ് കൊടുത്തിരുന്നു. ‘ഈ സിനിമ കൊണ്ട് ഇവള്‍ക്ക് ഒരിക്കലും ഒരു ദോഷവും വരില്ല, അത് എന്റെ ഗ്യാരണ്ടിയാണ്’ എന്ന് പറഞ്ഞു. സിനിമ എങ്ങനെയാണെന്ന് പാരന്‍സിന് അറിയാത്തത് കൊണ്ടായിരുന്നു അത്. അത്രയും സ്വീറ്റായ, കണ്‍വീന്‍സിങ്ങായ ഒരു സംവിധായകനെ കിട്ടിയത് എന്റെ ഭാഗ്യമാണ്,’ ടെസ ജോസഫ് പറഞ്ഞു.

എന്തുകൊണ്ടാണ് പട്ടാളം സിനിമക്ക് ശേഷം കുറേ വര്‍ഷങ്ങള്‍ അഭിനയത്തില്‍ നിന്ന് വിട്ടുനിന്നത് എന്ന ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി പറഞ്ഞു.

‘അന്ന് വളരെ ചെറിയ പ്രായമാണ്. 2004 – 2003 കാലഘട്ടത്തെ കുറിച്ചാണ് പറയുന്നത്. ഇന്നത്തെ കാലത്തെ കുട്ടികള്‍ ചിന്തിക്കുന്നതും അന്ന് നമ്മള്‍ ചിന്തിക്കുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. അന്ന് നമ്മള്‍ റിബലായിരുന്നില്ല.

പാരന്‍സ് എന്താണോ പറയുന്നത് അത് നമ്മുടെ നല്ലതിന് വേണ്ടിയാണ് എന്ന് കരുതിയാണ് നമ്മള്‍ ജീവിച്ചത്. കരിയറിലാണെങ്കില്‍ പോലും അവിടെ പാരന്‍സിന് വലിയ പങ്കുണ്ട്. അവരുടെ ‘യെസ്’ കിട്ടാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.

എന്നാല്‍ ഇന്നത്തെ കുട്ടികള്‍ അങ്ങനെയല്ല. അവര്‍ക്ക് എന്താണ് വേണ്ടതെന്നും എന്താണ് വേണ്ടാത്തത് എന്നും കൃത്യമായി അറിയാം. അന്ന് ഞാന്‍ സിനിമയില്‍ നിന്നാല്‍ എന്റെ കുടുംബ ജീവിതമൊക്കെ എങ്ങനെയാകുമെന്ന് അമ്മക്കൊക്കെ ചിന്തയുണ്ടായിരുന്നു.

ഈ മേഖല നമുക്ക് ഒട്ടും പരിചയം ഉണ്ടായിരുന്നില്ല. പട്ടാളം ചെയ്യുമ്പോള്‍ അതാണ് ആദ്യത്തെയും അവസാനത്തെയും സിനിമയെന്ന രീതിയിലാണ് ചെയ്യുന്നത്. ബാക്കിയുള്ളതൊക്കെ കല്യാണത്തിന് ശേഷം ചെയ്ത സിനിമയാണ്,’ ടെസ ജോസഫ് പറഞ്ഞു.


Content Highlight: Tessa Joseph Said That Lal Jose Had Given A Promise To Her Mother Before The Movie Pattalam